നടപ്പിലായൊരു തിരഞ്ഞെടുപ്പ് വിജ്ഞാപനം

Posted on: March 29, 2016 5:21 am | Last updated: March 29, 2016 at 12:23 am

1957- Vijapanam Story KNR Photo 1കണ്ണൂര്‍ : ഇന്നത്തെ പോലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കാനുള്ളതായിരുന്നില്ല പണ്ട്. അന്ന് പ്രഖ്യാപിച്ചാല്‍ അത് നടപ്പില്‍ വരുത്തുമായിരുന്നു. രാപ്പകല്‍ ജനങ്ങള്‍ക്കൊപ്പമുള്ള നേതാക്കളുടെ കാലമായതിനാലാകാം അങ്ങനെ സംഭവിച്ചത്. 1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടണക്ക് ജനങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാന പത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തിയതാണെന്ന് ചരിത്ര യാഥാര്‍ഥ്യമാണ്. മൂര്‍ത്തമായ ഒരു പരിപാടി മുന്നില്‍ വച്ചാണ്് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 57ല്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. ഐശ്വര്യപൂര്‍ണമായ കേരളം എന്ന മുദ്രാവാക്യവുമായി ഐക്യകേരളത്തെ മുന്നോട്ടുനയിക്കുന്നതിനുള്ള യുക്തിഭദ്രതയും ദീര്‍ഘവീക്ഷണവുമുള്ള പരിപാടിയായിരുന്നു അത്.
കാര്‍ഷികവ്യാവസായിക വികസനത്തിനുള്ള സമഗ്ര പദ്ധതികള്‍ പരിപാടി മുന്നോട്ടുവെച്ചു. കാര്‍ഷിക പരിഷ്‌കരണം, കുടിയാന്‍മാര്‍ക്കെല്ലാം ഭൂമിയില്‍ സ്ഥിരാവകാശം, കാര്‍ഷികോത്പന്നങ്ങള്‍ക്ക് അടിസ്ഥാന വില നിശ്ചയിക്കല്‍, മിനിമം കൂലി ഉറപ്പാക്കല്‍, ബോണസ് അംഗീകരിക്കല്‍, നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നിങ്ങനെ മൗലികവും പുരോഗമനാത്മകവുമായ ഒട്ടേറെ പദ്ധതികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഒന്നും നടക്കില്ലെന്നും അധികാരത്തിലെത്തില്ലെന്നും പലരും കരുതിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജയിച്ച് കയറി. ഇരുപത്തിയെട്ട് മാസമേ അധികാരത്തില്‍ തുടര്‍ന്നുള്ളൂവെങ്കിലും 1957 ലെ മന്ത്രിസഭ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു. തിരഞ്ഞെടുപ്പില്‍ 94 പരിപാടികളാണ് പ്രകടന പത്രികയില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തത്. ഇരുപത്തിയെട്ട് മാസത്തിനകം ഇതില്‍ 72 എണ്ണം നടപ്പാക്കുകയോ, നടപ്പാക്കാന്‍ തുടങ്ങുകയോ ചെയ്തു.
1957 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പരിപാടികള്‍ പൂര്‍ണമായി നടപ്പാക്കാനുള്ള സാവകാശം സര്‍ക്കാറിന് ലഭിച്ചിരുന്നില്ല. കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന ഭൂപരിഷ്‌കരണ നടപടികള്‍ക്ക് പുറമെ കര്‍ഷകത്തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും തുടക്കത്തില്‍തന്നെ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തു. കര്‍ഷകത്തൊഴിലാളികള്‍ക്ക് ആവശ്യമായ മിനിമം കൂലി നിശ്ചയിച്ചു. ഇതിന്റെ ഫലമായി കുട്ടനാടന്‍ പാടങ്ങളില്‍ മാത്രം ഒരു വര്‍ഷം അഞ്ച് ലക്ഷം പറ നെല്ലാണ് കൂലിയായി കര്‍ഷകത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ലഭിച്ചത്.കൃഷി, ജലസേചനം, ആരോഗ്യം, വ്യവസായം തുടങ്ങിയ രംഗങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെ വികസന പരിപാടികള്‍ ആവിഷ്‌കരിച്ചു. 1958-59 ല്‍ 900 ചെറുകിട ജലസേചന പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. അവയില്‍ 300 എണ്ണം നാലുമാസംകൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതികള്‍ ഇത്രവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
വ്യവസായരംഗത്തെ വളര്‍ച്ചയുടെ തെളിവാണ് ഫാക്ടറികളുടെ എണ്ണത്തിലുണ്ടായ വര്‍ധന. രജിസ്റ്റര്‍ ചെയ്ത ഫാക്ടറികളുടെ എണ്ണം 1958 ,59 ല്‍ 1613 ല്‍ നിന്ന് 2128 ആയി ഉയര്‍ന്നു. തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമപരവും ഭരണപരവുമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കൂലിയും ബോണസും ഉയര്‍ത്തി.
ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ പരിരക്ഷിച്ചു. വികസന പരിപാടികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമിച്ചതിനോടൊപ്പം അധികാര വികേന്ദ്രീകരണത്തിന് തുടക്കമിട്ടതും 1957 ലെ മന്ത്രിസഭയാണ്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പഞ്ചായത്ത് ബില്ലും ജില്ലാകൗണ്‍സില്‍ ബില്ലും അവതരിപ്പിച്ചു.വികസനത്തോടൊപ്പം സാമൂഹികനീതി ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു.