Connect with us

Kerala

വിവാദ ഭൂമി പദ്ധതികളില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ല: ചീഫ് സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം: വിവാദ ഭൂമി പദ്ധതികളില്‍ തനിക്ക് പങ്കില്ലെന്ന് ചീഫ് സെക്രട്ടറി പി കെ മൊഹന്തി. വിവിധ പദ്ധതികള്‍ക്കായി ഭൂമി അനുവദിച്ചതിന്റെ ഉത്തരവാദിത്വം മന്ത്രിസഭക്കാണ്. ഇതില്‍ തനിക്കോ മറ്റു ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. അടുത്തിടെ റവന്യൂ വകുപ്പ് പുറത്തിറക്കിയ പല ഉത്തരവുകളും പിന്‍വലിക്കേണ്ടി വന്നതിനെക്കുറിച്ച് പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരുണ എസ്റ്റേറ്റ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം തെറ്റാണെന്ന് പറയാനാകില്ല. എന്നാല്‍ തിരഞ്ഞെടുപ്പായതിനാല്‍ വിവാദമൊഴിവാക്കാന്‍ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതാകാം.
മന്ത്രിസഭയില്‍ മിനുട്‌സ് എഴുതുന്ന ഉത്തരവാദിത്വം മാത്രമാണ് ചീഫ് സെക്രട്ടറിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഇടുങ്ങിയ രീതിയില്‍ വ്യാഖ്യാനിച്ചതിനാലാകണം കുടിവെള്ള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തടസം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥനായതിനാലും പരിചയക്കുറവുള്ളതിനാലുമാകാം ഇത്. കുടിവെള്ളവിതരണാനുമതിക്കായി താന്‍ നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിക്ക് കത്ത് നല്‍കുകയായിരുന്നു. കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിലും കാലതാമസം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍, ചീഫ് സെക്രട്ടറി, മറ്റ് സെക്രട്ടറിമാര്‍ എന്നിവരടങ്ങിയ കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. പദ്ധതി നടത്തിപ്പുകള്‍ക്കുള്ള തടസം നീക്കുകയാണ് ഉദ്ദേശ്യം.
സൗജന്യ അരിവിതരണം, ചികിത്സാ സഹായം നല്‍കല്‍ തുടങ്ങിയവയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അടിയന്തര സ്വഭാവമുള്ളവക്ക് കോ- ഓഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിയോടെ പണം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ള വിതരണത്തിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കും. ജലസ്രോതസുകള്‍ മെച്ചപ്പെടുത്തല്‍, പൈപ്പ് വെള്ളം എത്തിക്കല്‍, കുഴല്‍ക്കിണറുകളുടെ അറ്റകുറ്റപ്പണി എന്നിവയും നിര്‍വഹിക്കും. ചീഫ് സെക്രട്ടറി പറഞ്ഞു.

Latest