‘സോഷ്യല്‍ മീഡിയകളുടെ ഉപയോഗം കരുതലോടെയാകണം’

Posted on: March 28, 2016 2:37 pm | Last updated: March 28, 2016 at 2:37 pm

415198-socialmediaദുബൈ: സോഷ്യല്‍ മീഡിയകള്‍ മോശമായ രീതിയില്‍ ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു വഴിവെക്കുമെന്നും അതു കൊണ്ടുതന്നെ അവ കൈകാര്യം ചെയ്യുന്നത് ഏറെ കരുതലോടെയായിരിക്കണമെന്നും മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രസ്താവിച്ചു.
മര്‍കസ് അഡ്‌നോക്ക് കൂട്ടായ്മയായ ‘മാക്’ ദുബൈയില്‍ സംഘടിപ്പിച്ച ദേശീയ കൗണ്‍സിലില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒഴിവ് സമയങ്ങളും ആരോഗ്യവുമെല്ലാം സമൂഹത്തിനും, നമുക്കും പ്രയോജനപ്പെടും വിധം വിനിയോഗിക്കാന്‍ തയ്യാറാകണമെന്നും ഡോ. അസ്ഹരി ഓര്‍മിപ്പിച്ചു.
ഗവേഷണത്തിന് ഇസ്‌ലാം വളരെയേറെ പ്രാധാന്യമാണ് നല്‍കുന്നതെന്നും പുതു തലമുറയുടെ ഉന്നമനത്തിനും പുരോഗതിക്കും സഹായകമായ പദ്ധതികള്‍ നാം ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാക് ദേശീയ കൗണ്‍സില്‍ മര്‍കസ് അലുംനി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ബാദുഷ സഖാഫി ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ, കര്‍ണാടക മന്ത്രിമാരായ യു ടി ഖാദര്‍, രമാനാഥ് റായ്, സിറാജ് ഗള്‍ഫ് എഡിറ്റര്‍ ഇന്‍ചാര്‍ജ് കെ എം അബ്ബാസ്, ഐ സി എഫ് മിഡില്‍ ഈസ്റ്റ് സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, നജ്മുദ്ദീന്‍ സഖാഫി തിരുവനന്തപുരം, മുഹമ്മദലി സഖാഫി കാന്തപുരം, പി കെ മുഹമ്മദ് മാസ്റ്റര്‍, ഹാരിസ് മാസ്റ്റര്‍, വി പി എം ശാഫി ഹാജി, അന്‍വര്‍ കെ കെ പൂനൂര്‍, അബ്ദുല്‍ അസീസ് കക്കാട്, സമീര്‍ അവേലം, നൗഫല്‍ കരുവഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: മുഹമ്മദലി സഖാഫി കാന്തപുരം (ചെയര്‍), പി കെ മുഹമ്മദ് മാസ്റ്റര്‍ (ജന. കണ്‍), നജ്മുദ്ദീന്‍ സഖാഫി തിരുവനന്തപുരം (ഫിനാന്‍സ് സെക്ര).