ഐ എന്‍ എല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ; പ്രൊഫ. വഹാബ്, അഡ്വ. ഒ.കെ തങ്ങള്‍, അസീസ് കടപ്പുറം പരിഗണനയില്‍

Posted on: March 28, 2016 8:01 am | Last updated: March 28, 2016 at 4:35 pm

inlകോഴിക്കോട്: സംസ്ഥാനത്ത് ഐഎന്‍എല്‍ മത്സരിക്കുന്ന മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. നാളെ കോഴിക്കോട്ട് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുക. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൗത്ത്, മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, കാസ്ര്‍കോട് ജില്ലയിലെ കാസര്‍കോട് മണ്ഡലങ്ങളാണ് ഇടതുമുന്നണി ഐഎന്‍എല്ലിന് അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് സൗത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എപി അബ്ദുല്‍ വഹാബ് ജനവിധി തേടും. വള്ളിക്കുന്നില്‍ മഞ്ചേരി ബാറിലെ പ്രമുഖ അഭിഭാഷകനും മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റുമായ അഡ്വ. ഒകെ തങ്ങളുടെ പേരാണ് പരിഗണനയിലുള്ളത്. കാസര്‍കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറത്തെ പരിഗണിക്കും. കാസര്‍കോട്ട് പൊതു സമ്മതനായ സ്വതന്ത്രനെ മത്സരിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.

2001, 2006, 2011 തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് ഒപ്പം നിന്ന ഐഎന്‍എല്‍ മൂന്ന് സീറ്റുകളിലാണ് ജനവിധി തേടിയിരുന്നത്. ഇത്തവണയും മൂന്ന് സീറ്റുകളാണ് പാര്‍ട്ടിക്ക് അനുവദിച്ചത്. നേരത്തെയുള്ള മണ്ഡലങ്ങള്‍ വെച്ചുമാറി വിജയസാധ്യതയുള്ള രണ്ട് മണ്ഡലങ്ങളും പുറമെ രണ്ട് മണ്ഡലങ്ങളും അനുവദിക്കണമെന്നായിരുന്നു ഐഎന്‍എല്ലിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് ഐഎന്‍എല്ലിന് ഇത്തവണ കോഴിക്കോട് സൗത്തിന് പുറമെ വള്ളിക്കുന്ന് മണ്ഡലം കൂടി അനുവദിച്ചത്. 2006ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പിഎംഎ സലാം വിജയിച്ചിരുന്നു. കാസര്‍കോട് മണ്ഡലവും ഐഎന്‍എല്‍ നേരത്തെ മത്സരിച്ചുവരുന്നതാണ്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തവണ വേങ്ങര നിയോജക മണ്ഡലത്തിലായിരുന്നു ഐഎന്‍എല്‍ ജനവിധി തേടിയിരുന്നത്. ജില്ലയില്‍ വേങ്ങരക്ക് പകരം ഇത്തവണ കൊണ്ടോട്ടിയോ വള്ളിക്കുന്നോ അനുവദിക്കണമെന്നാണ് ഐഎന്‍എല്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന സീറ്റ് വിഭജന ചര്‍ച്ചയില്‍ ഐഎന്‍എല്ലിന് വള്ളിക്കുന്ന് സീറ്റ് അനുവദിക്കുകയായിരുന്നു.

ഐഎന്‍എല്‍ മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലും മുസ്‌ലിം ലീഗാണ് എതിര്‍പക്ഷത്തുള്ളത്. അതുകൊണ്ട് തന്നെ കരുത്തരായ സ്ഥാനാര്‍ഥികളെ ഇറക്കി ശക്തമായ മത്സരം കാഴ്ചവെക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന കോഴിക്കോട് സൗത്തില്‍ മന്ത്രി മുനീറിനെതിരെയാണ് പ്രൊഫ. അബ്ദുല്‍ വഹാബ് മത്സരത്തിനിറങ്ങുന്നത്. യുഡിഎഫില്‍ അസ്വാരസ്യം പുകയുന്ന വള്ളിക്കുന്നില്‍ മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദാണ് യുഡഎഫ് സ്ഥാനാര്‍ഥി. ഐഎന്‍എല്ലിന്റെ ജില്ലയിലെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ ഇവിടെ കരുത്തനായ സ്ഥാനാര്‍ഥിയെ ഇറക്കുന്നതിലൂടെ വിജയം ഉറപ്പിക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മത്സരിക്കുന്ന കാസര്‍കോട്ടും ഇത്തവണ പാര്‍ട്ടി പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. എന്‍എ നെല്ലിക്കുന്നാണ് കാസര്‍കോട്ട് ലീഗ് സ്ഥാനാര്‍ഥി.