Connect with us

National

ഛോട്ടാ രാജനെതിരെ സി ബി ഐ രണ്ട് പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

Published

|

Last Updated

മുംബൈ: അധോലോക രാജാവ് ഛോട്ടാ രാജനെതിരെ സി ബി ഐ രണ്ട് പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എതിരാളികളെ വധിച്ചതുമായും മുംബൈയിലെ വ്യവസായ പ്രമുഖനെ വധിക്കാന്‍ ശ്രമിച്ചതുമായും ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രാ സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരമാണിത്.
2010 ഫെബ്രുവരിയിലാണ് ആദ്യ കേസിനാസ്പദമായ സംഭവം നടന്നത്. ഭേണ്ടി ബസാറില്‍ വെച്ച് ശക്കീല്‍ മോദക്, ഇര്‍ഫാന്‍ ഖുറൈശി എന്നിവരെ വെടിവെച്ച് കൊല്ലുകയായിരുന്നു. രാജന്റെ വാടകക്കൊലയാളികളാണ് കൃത്യം നടപ്പാക്കിയത്.
എം എല്‍ സിയും എം എല്‍ എയുമൊക്കെയായിരുന്ന ഒരു രാഷ്ട്രീയ നേതാവുമായി ശക്കീലിന് അടുത്ത ബന്ധമുണ്ടായിരുന്നു. പ്രിന്റിംഗ് പ്രസ് നടത്തുന്നയാളായിരുന്നു ഖുറൈശി. ഇവര്‍ക്ക് നിയമവിരുദ്ധ വ്യാപരവുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം.
ഹോട്ടല്‍ വ്യവസായിയായ ബി ആര്‍ ഷെട്ടിക്കെതിരെ 2012 ഒക്‌ടോബറില്‍ നടന്ന വധശ്രമമാണ് രണ്ടാമത്തെ കേസിന് ആധാരം. മോട്ടോര്‍സൈക്കളില്‍ എത്തിയ അക്രമി സംഘം ഷെട്ടിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹം തലനാരിഴക്ക് രക്ഷപ്പെട്ടു. ഈ വധശ്രമത്തിന് പിന്നില്‍ ഛോട്ടാ രാജനാണെന്ന് പോലീസ് പറയുന്നു. അംബോലി പോലീസ് ആയിരുന്നു ഈ കേസുകള്‍ അന്വേഷിച്ചരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 25നാണ് രാജനെ ഇന്തോനേഷ്യന്‍ പോലീസ് പിടികൂടിയത്. ഇന്റര്‍പോളിന്റെ റെഡ് കോണര്‍ നോട്ടീസ് പ്രകാരമായിരുന്നു ഇത്. ആസ്‌ത്രേലിയയില്‍ നിന്നെത്തിയ രാജനെ ബാലിയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജനെ നവംബര്‍ ആറിന് ഇന്ത്യക്ക് കൈമാറി.

Latest