ബാലുശ്ശേരി: 35 വര്‍ഷം പഴക്കമുള്ള ഇടത് കോട്ട

Posted on: March 27, 2016 12:31 pm | Last updated: March 27, 2016 at 12:31 pm

കോഴിക്കോട്:ജില്ലയില്‍ ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റുകളിലൊന്നായി പൊതുവെ വിലയിരുത്തപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ബാലുശ്ശേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ ചരിത്രം എടുത്ത് പരിശോധിച്ചാല്‍ ഈ കര്‍ഷക മണ്ണിന്റെ ഇടത് ആധിപത്യം ബോധ്യമാകും. എന്നാല്‍ നിരന്തരം വലത്തോട്ട് ചാഞ്ഞുകൊണ്ടിരുന്ന ഒരു പൂര്‍വ ചരിത്രവും ബാലുശ്ശേരിക്കുണ്ട്. 1957ലെ ആദ്യ സര്‍ക്കാര്‍ മുതല്‍ രണ്ട് പതിറ്റാണ്ടിന് മുകളില്‍ വലതുകോട്ടയായിരുന്നു ബാലുശ്ശേരി.

എന്നാല്‍ 1980ല്‍ ഒരു ഖദര്‍ ധാരിയെ കൂട്ട്പിടിച്ച് ഈ കോട്ട തകര്‍ത്ത് പടയോട്ടം തുടങ്ങിയ എല്‍ ഡി എഫ് പിന്നീട് ഒരു അവസരവും യു ഡി എഫിന് നല്‍കിയിട്ടില്ല. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം നിരവധി പ്രമുഖരെ യു ഡി എഫ് മാറിമാറി പരീക്ഷിച്ചെങ്കിലും ബാലുശ്ശേരിയുടെ ചുവപ്പന്‍ ആധിപത്യത്തിന് പോറല്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ മണ്ഡല പുനഃസംഘടനക്ക് ശേഷം 2011ല്‍ സി പി എമ്മിലെ പുരുഷന്‍ കടലുണ്ടി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നേരിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. യു ഡി എഫ് സ്വാധീനമുള്ള ചില പ്രദേശങ്ങള്‍ മണ്ഡലത്തില്‍ വന്നതാണ് ഇതിന് കാരണം.

കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 3,925 വോട്ടിന്റെ ലീഡ് യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇത് മറികടന്നു. 5,000ത്തില്‍ പരം വോട്ടിന്റെ ലീഡാണ് തദ്ദേശാങ്കത്തില്‍ എല്‍ ഡി എഫിനുണ്ടായത്. മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയാല്‍ ശക്തമായ മത്സരം തന്നെ ഇത്തവണ ബാലുശ്ശേരിയില്‍ നടക്കുമെന്ന കാര്യം ഉറപ്പാണ്.

പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി എസ് പി)യിലെ നാരായണകുറപ്പാണ് ബാലുശ്ശേരിയിലെ ആദ്യ എം എല്‍ എ. ശേഷം 60ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു. 65ലും 67ലും എസ് എസ് പിയിലെ എ കെ അപ്പു മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 70ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എ സി ഷണ്‍മുഖദാസ് മണ്ഡലത്തില്‍ നിന്ന് ആദ്യ ജയം തേടി.
പിന്നീട് ഇതുവരെ ഒരാളും കൈപ്പത്തി ചിഹ്നത്തില്‍ ബാലുശ്ശേരിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടില്ല. അടിയന്തിരാവസ്ഥക്ക് ശേഷം, 77ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ പി കെ ശങ്കരന്‍കുട്ടിക്കൊപ്പം മണ്ഡലം നിന്നു.

എന്നാല്‍ 80കള്‍ക്ക് ശേഷം മണ്ഡലത്തിന്റെ സ്വഭാവം മാറി. കോണ്‍ഗ്രസ് വിട്ട് ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച എ സി ഷണ്‍മുഖ ദാസ് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 25 വര്‍ഷം അദ്ദേഹത്തിന്റെ തേരോട്ടമായിരുന്നു. 1980, 82, 87, 96, 2001 തിരഞ്ഞെടുപ്പുകളില്‍ ഇവിടെ നിന്നും ജയിച്ച് കയറിയ അദ്ദേഹം മൂന്ന് തവണ മന്ത്രിയുമായി. 2006ല്‍ എന്‍ സി പിയിലെ എ കെ ശശീന്ദ്രന്‍ ഇടത് വിജയം ആവര്‍ത്തിച്ചു.

1957 മുതല്‍ മണ്ഡലം നിലവിലുണ്ടെങ്കിലും സി പി എം പാര്‍ട്ടി ചിഹ്നത്തില്‍ ആദ്യമായി മത്സരിച്ചത് കഴിഞ്ഞ തവണയാണ്. സംവരണ മണ്ഡലമായി കഴിഞ്ഞ തവണ പ്രഖ്യാപിക്കപ്പെട്ട ബാലുശ്ശേരിയില്‍ ഇടത് സാംസ്‌കാരിക വേദികളിലെ ശ്രദ്ധേയനായ പുരുഷന്‍ കടലുണ്ടി 8,882 വോട്ടിനാണ് ജയിച്ചത്. കോണ്‍ഗ്രസിലെ എ ബലറാമിനെയാണ് അദ്ദേഹം തോല്‍പ്പിച്ചത്.

2011ലെ മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് നേരത്തെയുണ്ടായിരുന്ന എലത്തൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ പഞ്ചായത്തുകള്‍ എലത്തൂര്‍ മണ്ഡലത്തിലേക്ക് പോയി. പകരം പേരാമ്പ്ര മണ്ഡലത്തിന്റെ ഭാഗമായിരുന്ന കൂരാച്ചുണ്ട്, കോട്ടൂര്‍, നടുവണ്ണൂര്‍, കായണ്ണ പഞ്ചായത്തുകളും കൊടുവള്ളി മണ്ഡലത്തിലായിരുന്ന ഉണ്ണികുളം പഞ്ചായത്തും ബാലുശ്ശേരിയോട് ചേര്‍ന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ എല്‍ ഡി എഫ് നേടിയപ്പോള്‍ രണ്ടെണ്ണമാണ് യു ഡി എഫിന് ലഭിച്ച്. ഇതില്‍ യു ഡി എഫ് ഭരണമുള്ള ഉണ്ണികുളത്ത് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം നടത്താന്‍ എല്‍ ഡി എഫിന് കഴിയുകയും ചെയ്തു.

എല്‍ ഡി എഫിനായി സി പി എം സ്ഥാനാര്‍ഥി പുരുഷന്‍ കടലുണ്ടി തന്നെ വീണ്ടും രംഗത്തിറങ്ങുമെന്ന കാര്യം വ്യക്തമാണ്. എന്നാല്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. സീറ്റ് വെച്ചുമാറുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കം തുടരുകയാണ്. നേരത്തെ കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്ത് ബാലുശ്ശേരി ലീഗിന് നല്‍കാമെന്ന രീതിയിലായിരുന്നു ചര്‍ച്ച.
എന്നാല്‍ ഇപ്പോള്‍ ബാലുശ്ശേരിയും കുന്ദമംഗലവും വേണമെന്ന രീതിയിലേക്ക് ലീഗ് നിലപാട് കര്‍ശനമാക്കിയിട്ടുണ്ട്. ലീഗ് കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ ഇരവിപുരം ആര്‍ എസ് പിക്ക് നല്‍കുമ്പോള്‍ ബാലുശ്ശേരിയാണ് പകരമായി ചോദിക്കുന്നത്. സംവരണ മണ്ഡലമായ ഇവിടെ മുന്‍ കുന്ദമംഗലം എം എല്‍ എ യു സി രാമനെ മത്സരിപ്പിക്കാനാണ് ലീഗ് നീക്കം. കോണ്‍ഗ്രസ് തന്നെ തുടരുകയാണെങ്കില്‍ ആരെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ തന്നെയാണ് എല്‍ ഡി എഫ്, വോട്ടര്‍മാര്‍ക്ക് മുമ്പില്‍ നിരത്തുന്നത്. വിദ്യാഭ്യാസത്തിനും കൃഷിക്കും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് പുരുഷന്‍ കടലുണ്ടിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കിയതെന്ന് എല്‍ ഡി എഫ് അവകാശപ്പെടുന്നുണ്ട്.
വിത്ത് മുതല്‍ വിപണി വരെ എന്ന പേരില്‍ സമഗ്ര കാര്‍ഷിക വികസന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. 15 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിലെ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിയതെന്ന് എല്‍ ഡി എഫ് പറയുന്നു.

മണ്ഡലത്തില്‍ നടപ്പിലാക്കിയ എന്റെ സ്‌കൂള്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് മറ്റൊരു ശ്രദ്ധേയ നേട്ടം. മണ്ഡലത്തിലെ സ്‌കൂളുകളെ ആധുനിക സൗകര്യങ്ങളോടെ ഉയര്‍ത്തുന്നതായിരുന്നു പദ്ധതി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വലിയ നേട്ടങ്ങളിലൊന്നായി ബാലുശ്ശേരിയില്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, പുതിയ ഇന്‍ഡോര്‍ സ്റ്റേഡിയം, രാജ്യത്തെ ആദ്യ ഭൂഗര്‍ഭ ശ്മശാനത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ പോകുന്നു എന്നിവ ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടുന്നു.

അതേ സമയം സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളല്ലാതെ മണ്ഡലത്തില്‍ എം എല്‍ എക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് യു ഡി എഫ് ആരോപിക്കുന്നു. വിദ്യാഭ്യാസ-കാര്‍ഷിക രംഗങ്ങളില്‍ സര്‍ക്കാറിന്റെ തീരുമാനങ്ങളാണ് നടപ്പായത്. തുടങ്ങിവെച്ച പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ എം എല്‍ എക്ക് കഴിഞ്ഞില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

ബി ജെ പിയെ സംബന്ധിച്ചിടത്തോളം വലിയ സ്വാധീനം മണ്ഡലത്തിലില്ല. കഴിഞ്ഞ തവണ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥിക്ക് 10,000 വോട്ട് തികച്ച് മണ്ഡലത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. മൊത്തം വോട്ടിന്റെ ആറ് ശതമാനമാണ് 2011ല്‍ ബി ജെ പിക്ക് ലഭിച്ചത്.