International
ഇറാഖില്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ചാവേര്‍ ആക്രമണം: മേയര്‍ ഉള്‍പ്പെടെ 30 മരണം
ബഗ്ദാദ്: തെക്കന്‍ ഇറാഖില്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 95ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സുരക്ഷാ അധികൃതര്‍ അറിയിച്ചു. അമേച്വര്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ വെള്ളിയാഴ്ച വൈകുന്നേരം ഇസ്‌കന്ദരിയ്യയിലാണ് സ്‌ഫോടനമെന്ന് ബാബേല്‍ പ്രവിശ്യ സുരക്ഷാ മേധാവി ഫലാഹ് അല്‍ ഖഫാജി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ട് ഇസില്‍ ഭീകരവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫുട്‌ബോളും ട്രോഫിയും ശേഖരിക്കാന്‍ ഒത്തുകൂടിയവര്‍ക്കിടയിലുണ്ടായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന് മുമ്പുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മികച്ച ഫുട്‌ബോള്‍ കളിക്കാര്‍ക്ക് മേയര്‍ സമ്മാന വിതരണം ചെയ്യുന്നതിനിടെയാണ് സ്‌ഫോടനമെന്ന് ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ മേയര്‍ അഹ്മദ് ശകീറും ഉള്‍പ്പെടുന്നു.


