Connect with us

Kerala

85 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: രേഖകളില്ലാതെ ജില്ലയിലേക്ക് കടത്തികൊണ്ടുവന്ന 85 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മൂന്ന് പേര്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍. പാലക്കാട് ഭീമനാട് സ്വദേശി നാലകത്ത് യൂനസ് സലീം(46), കര്‍ക്കിടാംകുന്ന് സ്വദേശി കോരഞ്ചാടി മുഹമ്മദ് ഫവാസ്(20), നാട്ടുകല്‍ പൊതിയില്‍ തൊട്ടിപ്പറമ്പില്‍ ഫൈസല്‍(34) എന്നിവരാണ് അറസ്റ്റിലായത്.
പണം കടത്തികൊണ്ടുവന്ന കാറും പിടിച്ചെടുത്തു. കാറിന്റെ പിന്‍സീറ്റിനടിയില്‍ പ്രത്യേകം നിര്‍മിച്ച അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് രേഖകളില്ലാതെ വന്‍തോതില്‍ ജില്ലയിലേക്ക് പണം കടത്തികൊണ്ടുവരുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. വെട്ടത്തൂര്‍, കാര്യാവട്ടം ഭാഗങ്ങളിലെ ഏജന്റുമാരെ കുറിച്ച് പ്രതികളില്‍ നിന്ന് വിവരം ലഭിച്ചതായും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡി വൈ എസ് പി. പി എ വര്‍ഗീസ് അറിയിച്ചു. പെരിന്തല്‍മണ്ണ സി ഐ. എ എം സിദ്ദീഖ്, കരുവാരക്കുണ്ട് എസ് ഐ. ജ്യോതീന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം, ഉദ്യോഗസ്ഥരായ എ എസ് ഐ. പി മോഹന്‍ദാസ്, പി എന്‍ മോഹനകൃഷ്ണന്‍, യൂസഫ്, രത്‌നാകരന്‍, വിനോജ്, അന്‍സാര്‍, അബ്ദുള്‍സലാം, വിനോദ്, ബിനോബ്, എന്‍ വി ഷെബീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണം പിടികൂടിയ പെരിന്തല്‍മണ്ണയിലെ പ്രത്യേക സംഘത്തിന് ജില്ലാ പോലീസ് മേധാവി കെ വിജയന്‍ പ്രത്യേക റിവാര്‍ഡ് പ്രഖ്യാപിച്ചു

Latest