ബംഗ്ലാദേശിനെ 75 റണ്‍സിന് തകര്‍ത്ത് ന്യൂസിലാന്‍ഡ് സെമിയില്‍

Posted on: March 26, 2016 8:00 pm | Last updated: March 26, 2016 at 8:00 pm

newzilandകൊല്‍ക്കത്ത: ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസിലാന്‍ഡ് അജയ്യരായി സെമി ഫൈനലില്‍ കടന്നു. ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയവുമായാണ് കിവികള്‍ സെമിയിലേക്ക് പ്രവേശിച്ചത്. 75 റണ്‍സിനാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 15.4 ഓവറില്‍ 70 റണ്‍സിന് എല്ലാവരും പുറത്തായി.

42 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ആണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. മൂന്നാമതായെത്തിയ കോളിന്‍ മണ്‍റോ (35) ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. ബംഗ്ലാദേശിനായി മുസ്താഫിസുല്‍ റഹ്മാന്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി. അല്‍-അമിന്‍ ഹുസൈന്‍ രണ്ട് വിക്കറ്റും മഷ്‌റഫി മുര്‍ത്താസ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് കിവീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. മുന്നുപേര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കണ്ടത്. 16 റണ്‍സ് നേടി പുറത്താകാതെ നിന്ന് ഷുവഗത ഹോമാണ് ബംഗ്ലാദേശ് ടോപ്‌സ്‌കോറര്‍.