സി പി എം- സി പി ഐ ഉഭയകക്ഷി ചര്‍ച്ച വീണ്ടും പരാജയം

Posted on: March 26, 2016 2:45 am | Last updated: March 26, 2016 at 12:23 am
SHARE

KANAM KODIYERIതിരുവനന്തപുരം: സീറ്റുവിഭജനം സംബന്ധിച്ച് സി പി എമ്മും സി പി ഐയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച വീണ്ടും തീരുമാനമാവാതെ പിരിഞ്ഞു. കൂടുതല്‍ സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിണ്ടുവീഴ്ചയ്ക്കും സി പി എം തയ്യാറാവാത്ത പശ്ചാത്തലത്തിലാണ് യാതൊരു പുരോഗതിയുമില്ലാതെ സി പി ഐയുമായി നടത്തിയ ചര്‍ച്ച അവസാനിപ്പിക്കേണ്ടിവന്നത്.

കഴിഞ്ഞതവണ 27 സീറ്റില്‍ മത്സരിച്ച സി പി ഐ ഇത്തവണ 29 സീറ്റാണ് ആവശ്യപ്പെണ്ടത്. നേരത്തെ ആര്‍ എസ് പി മത്സരിച്ച നാല് സീറ്റുകളില്‍ തങ്ങള്‍ക്കും അവകാശമുണ്ടൊണ് സി പി ഐയുടെ വാദം. എന്നാല്‍, നിലവിലുള്ള സീറ്റുപോലും നല്‍കാനാവാത്ത സ്ഥിതിയാണുള്ളതെന്നും പുതിയ കക്ഷികള്‍ വന്ന സാഹചര്യത്തില്‍ അധികമായി സീറ്റില്ലെന്നുമായിരുന്നു സി പി എമ്മിന്റെ നിലപാട്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഈ നിലപാടില്‍ സി പി എം അയവുവരുത്തിയിട്ടുണ്ട്.
കഴിഞ്ഞതവണ മത്സരിച്ച 27 സീറ്റുകള്‍ സി പി ഐക്ക് നല്‍കുമെന്ന് സി പി എം ഉറപ്പുനല്‍കി. ഒരുകക്ഷിയുടെയും സീറ്റ് സി പി എം പിടിച്ചെടുക്കില്ല. അതുകൊണ്ടുതന്നെ ഇനി സീറ്റ് കൂടുതല്‍ ചോദിക്കരുതെന്നും നേതൃത്വം നിര്‍ദേശിച്ചു. എന്നാല്‍, ഒരു സീറ്റെങ്കിലും അധികം നല്‍കണമെന്ന് സി പി ഐ ആവശ്യപ്പെട്ടു.
രണ്ട് സീറ്റെന്ന ആവശ്യം ഒരുകാരണവശാലും സി പി എം അംഗീകരിക്കാനിടയില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് ഒരു സീറ്റെങ്കിലും വേണമെന്ന നിലപാട് സി പി ഐ സ്വീകരിച്ചത്.
മുന്നണിയിലേക്ക് വന്ന മറ്റ് കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാവാത്ത പശ്ചാത്തലത്തിലാണ് അധികസീറ്റിന്റെ കാര്യത്തില്‍ സി പി എം കടുംപിടിത്തം പിടിക്കുന്നത്. മുന്നണിക്കുള്ളില്‍ ഘടകകക്ഷികളില്‍ പലരും സീറ്റിന്റെ പേരില്‍ ഇടഞ്ഞു നില്‍ക്കുകയാണ്. അവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് സി പി എം നടത്തിവരുന്നത്. അതിനുശേഷം വേണം മുന്നണിക്ക് പുറത്തുവന്ന് സഹകരിക്കുന്നവരെ പരിഗണിക്കാന്‍. ഇതിനിടയില്‍ കൂടുതല്‍ സീറ്റെന്ന സി പി ഐയുടെ അവകാശവാദം മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് സി പി എമ്മിന്റെ നിലപാട്. അടുത്തദിവസം ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ സീറ്റുവിഭജനം സജീവചര്‍ച്ചയാവും.

LEAVE A REPLY

Please enter your comment!
Please enter your name here