കുടിവെള്ളത്തിനായി യുദ്ധം തുടങ്ങും മുമ്പ്

ഒരാളുടെ അധീനതയിലുള്ള ശുദ്ധജലം ആവശ്യക്കാര്‍ക്ക് പങ്ക് വെക്കാനുള്ള സംസ്‌കാരം നാം ആര്‍ജിച്ചെടുക്കണം. ഇസ്‌ലാമിക ജലനയമനുസരിച്ച് ഒരാളുടെ വീട്ടുവളപ്പില്‍ അയാള്‍ കാശിറക്കി നിര്‍മിച്ച കിണറ്റിലെ വെള്ളത്തില്‍ അയല്‍വാസികള്‍ക്ക് കൂടി അവകാശമുണ്ട്. ഇതിന്റെ കാരണം, കിണര്‍ നിര്‍മിക്കുന്ന പറമ്പിലെ വെള്ളം മാത്രമല്ല, അയല്‍വാസികളുടെ പറമ്പില്‍ പെയ്യുന്ന ജലകണങ്ങള്‍ കൂടിയാണ് ഈ കിണറിലേക്ക് ഉറവയായി എത്തിച്ചേരുന്നത് എന്നതാണ്. ഇതുകൊണ്ട് തന്നെ കൈവശാവകാശം എന്ന നിലക്ക് കുടിക്കാനുള്ള വെള്ളം ഉടമ എടുത്തതിന് ശേഷം അയല്‍വാസികള്‍ക്ക് കുടിവെള്ളം കൊടുക്കണം എന്നാണ് മതത്തിന്റെ നിര്‍ദേശം.
Posted on: March 26, 2016 6:30 am | Last updated: March 26, 2016 at 12:03 am

draught‘നിങ്ങള്‍ കാണുന്ന തൂണൊന്നും കൂടാതെ അവന്‍ ആകാശത്തെ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ചെരിഞ്ഞു പോകാതിരിക്കാന്‍ അവനതില്‍ ഉറച്ച പര്‍വതങ്ങളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. അകാശത്തു നിന്നും നാം വെള്ളമിറക്കി വിശിഷ്ടമായ എല്ലാ ചെടികളെയും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു’ (ഖുര്‍ആന്‍, സൂറ. ലുഖ്മാന്‍ 10)

ജീവജാലങ്ങളുടെ സങ്കേതമായ ഭൂമിയുടെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നതിനുള്ള സ്രഷ്ടാവിന്റെ ഇടപെടല്‍ ഈ ഖുര്‍ആന്‍ ആശയത്തിലൂടെ നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും. ജീവനും ജലവും തമ്മിലുള്ള ബന്ധം കണക്കിലെടുത്ത് കൊണ്ട് തന്നെയാകണം പ്രപഞ്ചനാഥന്‍ ഭൂമിയെ ഒരു ജലഗോളമാക്കിയത്. ഭൂമിയുടെ 70 ശതമാനവും വെള്ളമാണെന്നതിനു പുറമെ കരഭാഗങ്ങള്‍ താഴേക്ക് കുഴിച്ചാല്‍ അവിടെയും ജലസംഭരണികളാണ്.

ഒരു ജലഗോളത്തിന്റെ അങ്ങിങ്ങായി ഏതാനും തുരുത്തുകള്‍ മാത്രമാണ് ഭൂമിയിലെ കര. കടലുകളില്‍ ഏറ്റവും വലുത് ലോകസമുദ്രങ്ങളുടെ 45. 5 ശതമാനം വരുന്ന പസഫിക് സമുദ്രമാണ്. ഇതിലെ മരിയാന ട്രഞ്ച് എന്ന കടലിടുക്കാണത്രേ കടലിലെ ഏറ്റവും ആഴമുള്ള ഭാഗം. ഒരു കിലോ ഗ്രാം ഇരുമ്പ് മുകളിലിട്ടാല്‍ 64 മിനുട്ട് വേണം ഇതിന്റെ അടിയിലെത്തിച്ചേരാന്‍. 11, 033 മീറ്ററാണത്രേ ഈ പ്രദേശത്തിന്റെ ആഴം.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക എന്നീ ഏഴ് വന്‍കരകളേയും വലയം ചെയ്തിരിക്കുന്നത് മൂന്ന് സമുദ്രങ്ങളാണ്. പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം എന്നിവയാണവ. ഈ കടലുകള്‍ക്ക് പുറമെ വന്‍കരകളുടെ മാറിടത്തിലൂടെ ഒഴുകി നീങ്ങുന്ന ആയിരക്കണക്കിന് പുഴകളും കായലുകളും ജസസ്രോതസ്സുകളായി നിലകൊള്ളുന്നു. ചുരുക്കത്തില്‍, ജീവന്റെ നിലനില്‍പ്പിന് വെള്ളവുമായുള്ള ബന്ധം ഈ പ്രകൃതി സംവിധാനത്തില്‍ നിന്നു നമുക്ക് സ്പഷ്ടമാകും.

മണ്ണ് കൊണ്ട് പടക്കപ്പെട്ട മനുഷ്യ ശരീരത്തിലും 70 ശതമാനം ജലമാണെന്നത് സ്രഷ്ടാവിന്റെ കരവിരുത് ബോധ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഒരു നവജാത ശിശുവിന്റെ ശരീരത്തില്‍ 77 ശതമാനവും വെള്ളമാണത്രേ. ഒരു ദിവസം ചുരുങ്ങിയത് 1600 മി. ലി. വെള്ളം മനുഷ്യ ശരീരത്തില്‍ നിന്നും പുറത്തു പോകുന്നു. വൃക്കകളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കാന്‍ മാത്രം 600 മി. ലി വെള്ളം ദിവസവും ആവശ്യമാണ്. പുറത്തുപോകുന്ന ജലാംശത്തിന്റെ കുറവ് നികത്തുന്നതിനാണ് നാം ശുദ്ധജലം കുടിക്കുന്നത്. കടല്‍ ജലം നമുക്ക് നേരിട്ട് കുടിക്കാന്‍ പറ്റുന്നില്ല. അതിലെ അമിതമായ ഉപ്പിന്റെയും മറ്റും സാന്നിധ്യം വയറിളക്കത്തിനടക്കം കാരണമാകും. ഭൂമിയിലെ ആകെ ജലത്തിന്റെ നാല്‍പ്പതിലൊരംശം മാത്രമാണ് ശുദ്ധജലം എന്നറിയുമ്പോഴാണ് കുടിവെള്ളത്തിന്റെ വില നാമറിയുന്നത്.

ഗള്‍ഫ് നാടുകളില്‍ 30 ഫില്‍സിനു ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുമ്പോള്‍ ഒരു ലിറ്റര്‍ വെള്ളത്തിന് മൂന്ന് റിയാല്‍ വരെ കൊടുക്കണം. ഒരു ലിറ്ററിന്റെ ബോട്ടില്‍ ശുദ്ധജലത്തിന് കേരളത്തിലും നല്‍കണം 15 രൂപ. പടിഞ്ഞാറോട്ടൊഴുകുന്ന നാല്‍പ്പത് നദികളും കബനി, ഭവാനി, പമ്പ എന്നീ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളുമുള്‍പ്പെടെ 44 നദികളാല്‍ സമ്പന്നമായ കേരളവും കടുത്ത ചൂടില്‍ ഇപ്പോള്‍ വരണ്ടുണങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ രേഖപ്പെടുത്തിയ ചൂടാണ് ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ തന്നെ അനുഭവപ്പെട്ടത് എന്നതിനാല്‍ ഇത്തവണ കടുത്ത വരള്‍ച്ച പ്രതീക്ഷിക്കണമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

44 നദികളുണ്ടെങ്കിലും ഇതില്‍ ഇരുപത്തിയഞ്ചെണ്ണത്തിനു മാത്രമേ വേനലിലും നീരൊഴുക്കുള്ളൂ. മുഴുവന്‍ നദികളും മഴയെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്നതാകയാല്‍ വൃഷ്ടി പ്രദേശങ്ങളില്‍ വനങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും മലകളും കുന്നുകളും നിരപ്പാക്കുന്നതും മൂലം പുഴകളിലെല്ലാം നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്.

വേനല്‍ കനത്തതോടെ കുടിവെള്ളത്തിനായി ഗ്രാമവാസികളും പട്ടണ വാസികളും ഒരുപോലെ നെട്ടോട്ടമോടുന്ന കാഴ്ച കേരളത്തിലും നിത്യസംഭവമായി മാറുകയാണ്. ഇത്തരുണത്തില്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും ലഭ്യമായ ജലത്തെ പരസ്പരം പങ്കുവെക്കുന്നതിനും സമൂഹത്തെ ബോധവത്കരണം നടത്താന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്.

ശുദ്ധജല കേന്ദ്രങ്ങളെ മലിനമാക്കുന്നവര്‍ സാമൂഹിക ദ്രോഹികളാണ്. തിരുനബി (സ) പറഞ്ഞു: ‘കുടിക്കാനും അംഗശുദ്ധി വരുത്താനും ഉപയോഗിക്കുന്ന അരുവിക്കരയില്‍ വിസര്‍ജിക്കുന്നവരെ അല്ലാഹുവും മലക്കുകളും സര്‍വ സൃഷ്ടികളും ശപിച്ചു കളയും'( സവാജിര്‍) ചിതാഭസ്മം മുതല്‍ അറവ് മാലിന്യങ്ങള്‍ വരെ ഇന്ന് പുഴകളിലാണ് കൊണ്ടിടുന്നത്. മതകീയമായ ആരാധനകളുടെ പേരില്‍ പോലും ഇന്ന് നദികള്‍ മലിനമായിക്കൊണ്ടിരിക്കുകയാണ്. ഈ കൈയേറ്റങ്ങളെല്ലാം മനുഷ്യന്റെ ജീവനു നേരെയുള്ള കൈയേറ്റങ്ങളാണ് എന്നത് തിരിച്ചറിയാന്‍ വൈകരുത്.

വെള്ളത്തിന്റെ മലയാളികളുടെ അമിതോപയോഗം അവസാനിപ്പിക്കണം. മൂന്നംഗങ്ങളുള്ള വീട്ടില്‍ പോലും ആയിരം ലിറ്ററിന്റെ വെള്ള ടാങ്ക് ഉച്ചയാകുമ്പോഴേക്ക് വറ്റിത്തീരും. അശ്രദ്ധ മൂലം എത്ര വെള്ളമാണ് പാഴായി പോകുന്നത്? സഅദ്(റ) വുളു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതുവഴി വന്ന നബി(സ) ചോദിച്ചു: എന്താണ് സഅദേ ഈ അമിതോപയോഗം? സഅദ്(റ) ചോദിച്ചു: നബിയേ വുളൂഇലും ഈ അമിതോപയോഗത്തിന്റെ പ്രശ്‌നമുണ്ടോ? അതെ, ഒഴുകുന്ന നദിയില്‍ നിന്നും താങ്കള്‍ വുളു ചെയ്യുകയാണെങ്കില്‍ താങ്കള്‍ പരിധി വിടരുത്. (ഇബ്‌നുമാജ)

ഒരാളുടെ അധീനതയിലുള്ള ശുദ്ധജലം ആവശ്യക്കാര്‍ക്ക് പങ്ക് വെക്കാനുള്ള സംസ്‌കാരം നാം ആര്‍ജിച്ചെടുക്കണം. ഇസ്‌ലാമിക ജലനയമനുസരിച്ച് ഒരാളുടെ വീട്ടുവളപ്പില്‍ അയാള്‍ കാശിറക്കി നിര്‍മിച്ച കിണറ്റിലെ വെള്ളത്തില്‍ അയല്‍വാസികള്‍ക്ക് കൂടി അവകാശമുണ്ട്. ഇതിന്റെ കാരണം, കിണര്‍ നിര്‍മിക്കുന്ന പറമ്പിലെ വെള്ളം മാത്രമല്ല, അയല്‍വാസികളുടെ പറമ്പില്‍ പെയ്യുന്ന ജലകണങ്ങള്‍ കൂടിയാണ് ഈ കിണറിലേക്ക് ഉറവയായി എത്തിച്ചേരുന്നത് എന്നതാണ്. ഇതുകൊണ്ട് തന്നെ കൈവശാവകാശം എന്ന നിലക്ക് കുടിക്കാനുള്ള വെള്ളം ഉടമ എടുത്തതിന് ശേഷം അയല്‍വാസികള്‍ക്ക് കുടിവെള്ളം കൊടുക്കണം എന്നാണ് മതത്തിന്റെ നിര്‍ദേശം.

നബി(സ) പറഞ്ഞു: പുനര്‍ജന്മ നാളില്‍ മൂന്ന് വിഭാഗത്തെ അല്ലാഹു സംബോധന ചെയ്യില്ല. അവര്‍ക്ക് വേദനാ ജനകമായ ശിക്ഷയുമുണ്ട്. അതിലൊരാള്‍ വിജനഭൂമിയില്‍ താമസിക്കുന്നവനാണ്. ഉപയോഗം കഴിഞ്ഞ് അയാളുടെ പക്കല്‍ വെള്ളം ബാക്കിയുണ്ടായിരുന്നു. പക്ഷേ, വഴിയാത്രക്കാര്‍ക്ക് അതുപയോഗിക്കാന്‍ അയാള്‍ വിട്ടുകൊടുത്തില്ല. (ബുഖാരി, മുസ്‌ലിം)
വെള്ളത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതൊരു പൊരിഞ്ഞ യുദ്ധമായി മാറുന്നതിന് മുമ്പ് ജലവിഭവത്തെ സംബന്ധിച്ച സമഗ്രമായൊരവബോധം മാനവ സമൂഹത്തിന് നല്‍കാന്‍ നമുക്ക് സാധിച്ചെങ്കില്‍ വറ്റി വളരുന്ന നദികളെ നോക്കി ചരമഗീതം രചിച്ചതുകൊണ്ടോ ഉള്‍വലിയുന്ന ജലാശയങ്ങളെ കണ്ട് കണ്ണീര്‍ പൊഴിച്ചതുകൊണ്ടോ കാര്യമില്ല.

അല്ലാഹു ചോദിക്കുന്നു: നിങ്ങള്‍ കുടിക്കാറുള്ള വെള്ളത്തെക്കുറിച്ച് നിങ്ങളാലോചിച്ചിട്ടുണ്ടോ? നിങ്ങളാണോ മേഘത്തില്‍ നിന്ന് അതു താഴേ ഇറക്കിയത് അതോ നാമാണോ? (അല്‍ വാഖിഅ)
‘നബിയേ ചോദിക്കുക, നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളം താഴേക്ക് ഉള്‍വലിഞ്ഞാല്‍ നിങ്ങള്‍ക്ക് ആരാണ് ശുദ്ധജലം എത്തിച്ചുതരിക?'(മുല്‍ക്) ചുരുക്കത്തില്‍ സ്രഷ്ടാവ് തന്റെ സൃഷ്ടിജാലങ്ങള്‍ക്കായി ഒരുക്കിവെച്ചതും ഇറക്കിത്തരുന്നതുമായ ശുദ്ധജലം കുടിക്കാനും ആഹാരങ്ങള്‍ പാകം ചെയ്യാനും ശുചീകരണത്തിനും നിര്‍മാണ പ്രവര്‍ത്തനത്തിനും കൃഷി നനക്കാനുമെല്ലാം ഉള്ളതാണ്. ജലത്തിന്റെ അഭാവത്തില്‍ ജീവന് നിലനില്‍പ്പില്ല. തൊണ്ട വരളുന്ന വേനലിലെങ്കിലും നമുക്ക് ബോധമുദിച്ചെങ്കില്‍!