ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിനല്‍കുന്ന പദ്ധതി വനംവകുപ്പ് അട്ടിമറിക്കുന്നു

Posted on: March 25, 2016 12:37 pm | Last updated: March 25, 2016 at 12:37 pm

അഗളി: ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിനല്‍കുന്ന പദ്ധതി അട്ടപ്പാടിയില്‍ കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ അഗളി പഞ്ചായത്തിലുള്ള ഓന്തന്‍ മലയിലെ 103 ആദിവാസി കുടുംബങ്ങള്‍ക്ക് സ്വന്തമായൊരു ഭൂമി എന്നത് നടക്കാത്ത സ്വപ്‌നമാകുന്നു. കഴിഞ്ഞമാസം നടത്തിയ പട്ടയ വിതരണ മേളയില്‍ ഓന്തന്‍ മലയിലെ പ്രദേശവാസികള്‍ക്കും ഭൂമിയുടെ അവകാശരേഖ വിതരണം ചെയ്തിരുന്നു.
ഭൂമി, വെള്ളം, വെളിച്ചം, റോഡ്, വീട് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയ സമഗ്ര ആദിവാസി വികസന പാക്കേജാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇതിനുവേണ്ടി വിവിധ വകുപ്പുകളെ ഏകോപിപിച്ചുകൊണ്ടുള്ള സമിതിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചിത തുക അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഫണ്ടും ഈ പദ്ധതിക്കായി വിനിയോഗിക്കുന്നുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷം അഗളി പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഓന്തന്‍ മലയിലേക്ക് റോഡ് പണിയുന്നതിന് അനുമതി ചോദിച്ച് ഡി എഫ് ഒക്ക് അധികൃതര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഇല്ല. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി റോഡ് നിര്‍മാണം ആരംഭിച്ചപ്പോള്‍ വനംവകുപ്പ് എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിര്‍മാണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുമ്പോള്‍ പദ്ധതിക്കായി നീക്കിവെച്ച തുകയാണ് നഷ്ടമാകുന്നത്.
ആദിവാസി ഭൂമിവിതരണ പദ്ധതി അട്ടിമറിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവശങ്കരന്‍ ആരോപിച്ചു. റോഡും വെള്ളവും വെളിച്ചവും യാഥാര്‍ഥ്യമാകാതെ ആദിവാസികള്‍ക്കായി വിഭാവനം ചെയ്ത പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. അധികൃതരുടെ ഇത്തരം ആദിവാസി വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.