സി പി ഐ ലോക്കല്‍ കമ്മിറ്റി പിരിച്ച് വിടാന്‍ കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി

Posted on: March 25, 2016 12:28 pm | Last updated: March 25, 2016 at 12:28 pm

cpiവളാഞ്ചേരി: സി പി ഐ ജില്ലാ കമ്മിറ്റി അംഗമായ തയ്യില്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവെക്കുകയും വളാഞ്ചേരി ലോക്കല്‍ കമ്മിറ്റി പിരിച്ച് വിടുകയും ചെയ്തു. സി പി ഐ ജില്ലാ നേതൃത്വത്തിന്റെ സ്വജന പക്ഷപാതത്തിലും അഴിമതിയിലും വരുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഉണ്ടായ അതൃപ്തിയാണ് രാജിവെക്കാനുണ്ടായ കാരണം. മണ്ഡലം കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരാണ് രാജിവെച്ചത്. തയ്യില്‍ ലത്തീഫ്, നൗഷാദ് അമ്പലത്തിങ്ങല്‍, കെടി സുബൈര്‍, സി കെ ഇബ്‌റാഹിം, കല്ലില്‍ മുസ്തഫ, പി പി മുഹമ്മദലി, കെ കെ സുരേഷ്‌കുമാര്‍, പി പി ചന്ദ്രന്‍ എന്നിവരാണ് സി പി ഐയില്‍ നിന്നും രാജിവെച്ചത്. വളാഞ്ചേരി ലോക്കല്‍ കമ്മിറ്റിയിലെ ആകെയുള്ള പതിമൂന്ന് പേരില്‍ പത്ത്‌പേരും രാജിവെച്ചവരില്‍ പെടുന്നു. കോട്ടക്കല്‍ മണ്ഡലം കമ്മിറ്റിയിലെ സംഘടന പ്രവര്‍ത്തനം കുറച്ച് കാലമായി അവതാളത്തിലായിരുന്നു. ജില്ലാ കമ്മിറ്റിയുടെ സ്വജന പക്ഷപാതമാണ് ഇതിന് കാരണമെന്ന് ഇവര്‍ ആരോപിക്കുന്നു. പാര്‍ട്ടി ക്യാമ്പയിനുകള്‍ മണ്ഡലം കമ്മിറ്റിയിലോ ലോക്കല്‍ കമ്മിറ്റിയിലോ ചര്‍ച്ച ചെയ്യാതെ ജില്ലാ നേതൃത്വം സ്വന്തക്കാരോട് ഫോണില്‍ നിര്‍ദേശം കൊടുക്കുന്ന രീതിയാണുണ്ടായിരുന്നതെന്നും ആരോപിക്കുന്നു. ഇതിന്റെ ഫലമായി തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കോട്ടക്കല്‍ മണ്ഡലത്തില്‍ യാതൊരു മുന്നേറ്റവും ഉണ്ടാക്കന്‍ കഴിഞ്ഞില്ലെന്നും വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു