ജില്ലയിലേക്ക് 40 കോടി കള്ളപ്പണം ഒഴുകിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Posted on: March 25, 2016 12:27 pm | Last updated: March 25, 2016 at 12:27 pm
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ അതിര്‍ത്തിയായ കൊടുമുടിയില്‍ നടന്ന വാഹന പരിശോധന
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ അതിര്‍ത്തിയായ കൊടുമുടിയില്‍ നടന്ന വാഹന പരിശോധന

വളാഞ്ചേരി: ജില്ലയിലേക്ക് 40 കോടി രൂപ കള്ളപ്പണം ഒഴുകിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്രയുമധികം പണം ഒഴുകിയതെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് അടുത്തതോടെ വിദേശത്ത് നിന്നടക്കം വിവിധ ഇടങ്ങളില്‍ നിന്നായി കള്ളപ്പണം ഒഴുകുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ തിരെഞ്ഞുടപ്പ് പ്രവര്‍ത്തനത്തിന് വേണ്ടി നികുതി വെട്ടിച്ച് പണം എത്തിക്കുന്നത് പതിവാണ്. പണം ഒഴുക്ക് തടയാന്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. പോലീസിന്റെ കണ്ണു വെട്ടിച്ചാണ് ഇത്രയും അധികം പണം ഒഴുകിയതെന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ മിക്ക പാര്‍ട്ടികളും തുടങ്ങിയിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയം കൂടി പൂര്‍ത്തിയായി പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ പണം ഇനിയും ഒഴുകാനുള്ള സാധ്യതയുണ്ടെന്നതാണ് വിലയിരുത്തല്‍.

പോലീസ് വാഹന പരിശോധന കര്‍ശനമാക്കി
വളാഞ്ചേരി: തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലാ അതിര്‍ത്തികളില്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കി. കുഴല്‍ പണത്തിന്റെ ഒഴുക്ക് തടയാനാണിത്. തിരഞ്ഞെടുപ്പിന് വേണ്ടി വ്യാപകമായി കുഴല്‍പ്പണം വിവിധ ഇടങ്ങളില്‍ എത്തിക്കുന്നുണ്ട്.
ഇതിനകം തന്നെ നിരവധി കേസുകളാണ് പോലീസ് പിടികൂടിയത്. വാഹന പരിശോധനയില്‍ കഞ്ചാവ് കടത്തും മദ്യകടത്തും പിടികൂടകയുണ്ടായി. ജില്ലാ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. പോലീസ് സംഘത്തെ സ്‌ക്വാഡുകളാക്കി തിരിച്ചാണ് പരിശോധന നടക്കുന്നത്.
അതിര്‍ത്തി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ നമ്പര്‍ പരിശോധിച്ചും അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. ഇത് പരിശോധന നടത്തുകവഴി കുറ്റ കൃത്യങ്ങള്‍ തടയാനാകുന്നുണ്ടെന്ന് വളാഞ്ചേരി എസ് ഐ അറിയിച്ചു. വരും ദിവസങ്ങളിലും പോലീസ് പരിശോധന തുടരും.