പാക്കിസ്ഥാന്‍ തോറ്റാല്‍ ഇന്ത്യക്ക് ടെന്‍ഷന്‍ ഒഴിയും

Posted on: March 25, 2016 10:47 am | Last updated: March 25, 2016 at 6:26 pm
വാട്‌സന്‍
വാട്‌സന്‍

മൊഹാലി: ഐ സി സി ട്വന്റി20 ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാനും ആസ്‌ത്രേലിയയും ഗ്രൂപ്പ് രണ്ടില്‍ നിര്‍ണായക മത്സരത്തിനിറങ്ങുന്നു. അതേ സമയം, ഈ മത്സരം ഇന്ത്യക്കും നിര്‍ണായകമാണ്. ഇന്ന് തോറ്റാല്‍ പാക്കിസ്ഥാന്‍ പുറത്താകും. ജയിച്ചാല്‍, സാധ്യത തെളിയും. നിലവില്‍ ആറ് പോയിന്റുമായി ന്യൂസിലാന്‍ഡ് ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടിയിട്ടുണ്ട്. ഒരു ടീമിന് മാത്രമാണ് സെമി സ്‌പോട് അവശേഷിക്കുന്നത്. മൂന്ന് കളികളില്‍ ഇന്ത്യക്ക് നാല് പോയിന്റുണ്ട്. പാക്കിസ്ഥാന് രണ്ട് പോയിന്റും. ആസ്‌ത്രേലിയക്ക് രണ്ട് കളികളില്‍ രണ്ട് പോയിന്റുണ്ട്. ഇന്ന് ജയിച്ചാല്‍ ഓസീസിന് നാല് പോയിന്റോടെ ഇന്ത്യക്കൊപ്പമെത്താം. ഇതോടെ, ഗ്രൂപ്പില്‍ ഇവര്‍ തമ്മിലുള്ള മത്സരം സെമി ഫൈനലിസ്റ്റിനെ നിര്‍ണയിക്കുന്നതാകും.
പാക്കിസ്ഥാന്‍ ആസ്‌ത്രേലിയയോട് തോല്‍ക്കുന്നതാണ് ഇന്ത്യക്ക് നല്ലത്. പാക് ജയിച്ചാല്‍ നാല് പോയിന്റോടെ ഇന്ത്യക്കൊപ്പമെത്തും. റണ്‍റേറ്റില്‍ ഇന്ത്യയെക്കാള്‍ മുകളിലായതിനാല്‍ പാക്കിസ്ഥാന്‍ മുന്നില്‍ക്കയറും. ഇതോടെ, ആസ്‌ത്രേലിയയെ അവസാന മത്സരത്തില്‍ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ട ഗതികേട് ഇന്ത്യക്ക് വരും.

വാട്‌സന്‍ വിരമിക്കുന്നു
ന്യൂഡല്‍ഹി: ആസ്‌ത്രേലിയന്‍ ആള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു.
ട്വന്റി-20 ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍നിന്നും വിരമിക്കുകയാണെന്നു വാട്‌സണ്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആഷസ് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വാട്‌സന്‍ വിരമിച്ചിരുന്നു. സെപ്റ്റംബര്‍ മുതല്‍ ഏകദിനങ്ങളിലും മുപ്പത്തിനാലുകാരന്‍ കളിച്ചിരുന്നില്ല. പുതിയ തലമുറക്ക് മാറിക്കൊടുക്കേണ്ട സമയായി. ഓസീസിനായി കളിക്കുന്നത് വളരെയേറെ ആസ്വദിച്ചിരുന്നതായും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വാട്‌സണ്‍ പറഞ്ഞു.
2002 ല്‍ ഇരുപതാം വയസില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ദിന മത്സരത്തോടെയാണ് വാട്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 59 ടെസ്റ്റ് മത്സരങ്ങളില്‍ വാട്‌സണ്‍ ഓസീസ് തൊപ്പിയണിഞ്ഞു. നാലു സെഞ്ചുറികളടക്കം 3731 റണ്‍സും 75 വിക്കറ്റുകളുമാണ് ടെസ്റ്റില്‍ വാട്‌സന്റെ സമ്പാദ്യം.
ട്വന്റി-20യിലായിരുന്നു വാട്‌സണ്‍ ഏറ്റവും അപകടകാരി. ബാറ്റുകൊണ്ടും ബോളുകൊണ്ടും ടീമിനെ ജയിപ്പിക്കാന്‍ കഴിവുള്ളയാളായിരുന്നു. രണ്ടു വര്‍ഷം ട്വന്റി-20 ആള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമനുമായിരുന്നു. ട്വന്റി-20യില്‍ 56 മത്സരങ്ങളില്‍നിന്നായി ഒരു സെഞ്ച്വറിയും 10 അര്‍ധസെഞ്ച്വറികളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. കുട്ടിക്രിക്കറ്റില്‍ 1400 റണ്‍സാണ് വാട്‌സന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 124*.190 ഏകദിനങ്ങളില്‍നിന്നായി ഒമ്പതു സെഞ്ചുറികളടക്കം 5757 റണ്‍സ് അടിച്ചെടത്തു. 168 വിക്കറ്റുകളും അദ്ദേഹം ഏകദിനത്തില്‍ വീഴ്ത്തി.