Connect with us

National

മുസ്‌ലിം മമത കാട്ടി വിജയക്കൊടി നാട്ടാന്‍ തൃണമൂല്‍ ഫോര്‍മുല

Published

|

Last Updated

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ മുസ്‌ലിംകളെ സ്വാധീനിച്ച് തിരഞ്ഞെടുപ്പില്‍ വേരോട്ടമുണ്ടാക്കാന്‍ തൃണമൂല്‍ ഫോര്‍മുല. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂടുതല്‍ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് ചേര്‍ത്തും മുസ്‌ലിം സമുദായ നേതാക്കളെ പ്രത്യേകം കണ്ടും പോരാട്ട ഭൂമിയിലേക്ക് ഇറങ്ങാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം.
മുസ്‌ലിംകളുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ ഇടതുപക്ഷം പിന്നോട്ടടിച്ചതായിരുന്നു കഴിഞ്ഞ നിയമസഭയില്‍ അവര്‍ നേരിട്ട തിരിച്ചടിക്കുള്ള കാരണങ്ങളിലൊന്നായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. 294 നിയോജക മണ്ഡലത്തില്‍ ഭൂരിപക്ഷത്തിലും മുസ്‌ലിംകളുടെ വോട്ട് ഏറെ നിര്‍ണായകമാണ്. 46 മണ്ഡലങ്ങളില്‍ 50 ശതമാനവും 16 മണ്ഡലങ്ങളില്‍ 40 – 50 ശതമാനത്തിനും ഇടയില്‍ വോട്ടര്‍മാര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. 33 സീറ്റുകളില്‍ മുസ്‌ലിം വോട്ടര്‍മാര്‍ 20- 30 ശതമാനം വരും. മൊത്തം മണ്ഡലങ്ങളില്‍ മൂന്നിലൊന്നിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണെന്ന് ബംഗാളിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന ചിന്തകന്‍ പ്രൊഫ. ഇഖ്ബാല്‍ അന്‍സാരി പറയുന്നു.
മുസ്‌ലിം വോട്ടുകളുടെ പ്രധാന്യം വ്യക്തമായി മനസ്സിലാക്കി ഇടതുപക്ഷത്തിനെതിരെ കരുക്കള്‍ നീക്കിയ മമതാ ബാനര്‍ജിയുടെ തന്ത്രം വിജയിക്കുന്ന കാഴ്ചയാണ് 2011ലെ തിരഞ്ഞെടുപ്പില്‍ കണ്ടത്. ഉറുദു സംസാരിക്കുന്നവരും, ബംഗാളി ഭാഷ സംസാരിക്കുന്നവരുമായ പ്രധാന മുസ്‌ലിം വിഭാഗങ്ങളെ പാര്‍ട്ടിയിലേക്കും തന്റെ ഭരണത്തിലേക്കും അകൃഷ്ടരാക്കാന്‍ ഇക്കാലയളവില്‍ നിരവധി പദ്ധതികള്‍ മമത പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളിയിലെ ഇമാമുമാര്‍ക്കും വാങ്ക് വിളിക്കുന്നവര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് മമത സര്‍ക്കാറിനെ കൂടുതല്‍ സമുദായ പ്രിയമാക്കി. ഇത് കൂടാതെ ഹജ്ജ് ഹൗസ്, 400 മദ്‌റസ ഹോസ്റ്റലുകള്‍, അലിയ യൂനിവേഴ്‌സിറ്റിക്ക് പുതിയ ക്യാമ്പസ് എന്നിവ നിര്‍മിച്ചതും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചുകൊടുത്തതും മമതയുടെ ഭരണകാലത്താണ്.
മുസ്‌ലിംകളുടെ മമത പിടിച്ചുപറ്റാന്‍ നിരവധി “കൗശല”ങ്ങളും മമത പ്രയോഗിച്ചു. പ്രസംഗങ്ങള്‍ക്കിടയില്‍ അറബി, ഉറുദു വാക്കുകള്‍ “തിരുകിക്കയറ്റുക”, മുസ്‌ലിംകളുടെ ആഘോഷ വേളകളിലും മറ്റും തലമറച്ച് രംഗത്തെത്തുക, ന്യൂനപക്ഷ അവകാശ സംരക്ഷണ സമിതിയുടെ പേരില്‍ നിപുണന്മാരെ നിയമിക്കുക, മുസ്‌ലിം വിഭാഗവുമായി ബന്ധം ശക്തിപ്പെടുത്തുക എന്നിങ്ങനെയുള്ള നീക്കങ്ങളിലൂടെ മുസ്‌ലിം ഗ്രൂപ്പുകളുടെ പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകളുടെ ഇഷ്ട നേതാവായി മാറാന്‍ മമതക്ക് സാധിച്ചിട്ടുണ്ട്. മുസ്‌ലിംകളുടെ പ്രാതിനിധ്യം നിയമസഭയിലെത്തിക്കാന്‍ മമത പ്രത്യേകം ശ്രദ്ധിച്ചു. അഞ്ച് മുസ്‌ലിം മന്ത്രിമാരില്‍ ഉറുദു സംസാരിക്കുന്ന മൂന്ന് പേരെയും രണ്ട് ബംഗാളി മുസ്‌ലിംകളെയുമാണ് മമത ഉള്‍പ്പെടുത്തിയത്. ഇടത് ഭരണകാലത്ത് അഞ്ച് മുസ്‌ലിം മന്ത്രിമാര്‍ ഉണ്ടായിരുന്നെങ്കിലും ഒരാള്‍ മാത്രമായിരുന്നു ഉറുദു സംസാരിക്കുന്നവരെ പ്രതിനിധീകരിച്ചിരുന്നത്.
2011ലെ നിയമസഭ തിരഞ്ഞെടുപ്പിലെ തന്ത്രം കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും മമത പ്രയോഗിച്ചത് ഫലം കണ്ടു. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ തെക്കന്‍ ബംഗാളില്‍ 11ല്‍ ഒമ്പത് മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാന്‍ തൃണമൂലിന് സാധിച്ചു. ഇതോടെ മുസ്‌ലിം സമുദായത്തിലുള്ള തന്റെ സ്വാധീനം മമത ഒന്നുകൂടെ അരക്കിട്ടുറപ്പിച്ചു. അതേസമയം, മുസ്‌ലിംകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പാര്‍ട്ടിയിലെ താഴേ തട്ടിലുള്ള നേതാക്കന്മാരും പ്രവര്‍ത്തകരും പരാജയപ്പെടുന്നുവെന്ന് ചില മുസ്‌ലിം സംഘടനകള്‍ ആരോപിക്കുന്നുണ്ട്. മമതയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും അതുകൊണ്ട് ജനാധിപത്യവ്യവസ്ഥയില്‍ അവരെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസേ മുശാവറ പോലുള്ള സംഘടനയുടെ നേതാക്കള്‍ പറയുന്നു.
മുസ്‌ലിംകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് സി പി എമ്മിന് ബോധ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്‌റസകളുമായി ബന്ധപ്പെട്ട് ചില പാര്‍ട്ടി നേതാക്കള്‍ നടത്തിയ അനാവശ്യ പ്രസ്താവനകള്‍ മുസ്‌ലിം സമുദായത്തെ വിഷമിപ്പിച്ചുവെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിഴലിച്ചുവെന്നും സി പി എമ്മിലെ ജനകീയ നേതാവായി അറിയപ്പെടുന്നു അനിന്ത്യ ഘോഷ് ദസ്തിദാര്‍ വ്യക്തമാക്കിയിരുന്നു. സച്ചാര്‍ കമ്മീഷന്‍ മുന്നോട്ട് വെച്ച വസ്തുതകളും തിരിച്ചടിയായെന്ന് സി പി എം വിലയിരുത്തുന്നു. ഈ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും സമുദായ വോട്ട് ലാക്കാക്കി നയരൂപവത്കരണവും പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. തൃണമൂലിന്റെ നീക്കങ്ങളാണോ ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന്റെ നീക്കങ്ങളാണോ ഫലവത്താകുകയെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും.

Latest