Connect with us

Kannur

കണ്ണൂരില്‍ പടക്ക നിര്‍മാണത്തിനിടെ സ്‌ഫോടനം: അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു

Published

|

Last Updated

കണ്ണൂര്‍: പള്ളിക്കുന്ന് പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ ഉഗ്ര സ്‌ഫോടനം. ഒരു ഇരുനില വീടും സമീപത്തെ നാല് വീടുകളും തകര്‍ന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഇരുനില വീടിനു സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് സ്‌ഫോടനമുണ്ടായതെന്നു പറയുന്നു.
അനു മാലിക് എന്നയാള്‍ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് സ്‌ഫോടനം നടന്നത്. ഈ വീട് പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തോടൊപ്പം ഈ വീടിന് തീപ്പിടിക്കുകയും ചെയ്തു. വീടിനുള്ളില്‍ കുടുങ്ങിപ്പോയ നാല് പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട് കേന്ദ്രീകരിച്ച് പടക്കനിര്‍മാണമോ മറ്റു സ്‌ഫോടക വസ്തു നിര്‍മാണമോ നടത്തിവരികയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വീടിനകത്ത് സംഭരിച്ച വെടിമരുന്നിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായത്. കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഏറെനേരം പരിശ്രമിച്ചാണ് തീയണച്ചത്. ഈ വീടിനു സമീപത്തെ നാല് വീടുകളും ഭാഗികമായി തകര്‍ന്നു.
സമീപത്തെ രാജീവന്റെ അനുഗ്രഹ് എന്ന വീടിന്റെ വാതിലുകള്‍ ഉള്‍പ്പെടെയുള്ളവ പൊട്ടിത്തെറിച്ചു. സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കപ്പുറം വരെ കേട്ടിരുന്നു.
സ്‌ഫോടനത്തിന്റെ തീവ്രതയില്‍ ഇടച്ചേരി, പള്ളിക്കുന്ന് തുടങ്ങിയ മേഖലകളിലെ കെട്ടിടങ്ങള്‍ കുലുങ്ങി. ആദ്യഘട്ടത്തില്‍ ഭൂമി കുലുക്കമാണെന്നാണ് പ്രദേശവാസികള്‍ കരുതിയത്. ഇതേതുടര്‍ന്ന് പലരും വീടുവിട്ട് പുറത്തേക്കോടി. പിന്നീടാണ് സ്‌ഫോടന വിവരം പുറത്തറിയുന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തെക്കുറിച്ച് ആദ്യം വ്യക്തമായ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസിനും പെട്ടെന്ന് സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. പൊടിക്കുണ്ടും പരിസരത്തും ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനു മാലികിന്റെ മകള്‍ ഹിബയുടെ നില ഗുരുതരമാണ്. പരുക്കേറ്റ് മറ്റ് മൂന്ന് പേരും സ്ത്രീകളാണ്. സ്ഥലത്തെത്തിയ പോലീസ് രാത്രി വൈകിയും പരിശോധന നടത്തിവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് അനു മാലികിനെ ചോദ്യം ചെയ്യുന്നുണ്ട്.