Connect with us

Kasargod

എസ് വൈ എസ് ധര്‍മ സഞ്ചാരത്തിന് മഞ്ചേശ്വരത്ത് ഉജ്ജ്വല തുടക്കം

Published

|

Last Updated

എസ് വൈ എസ് ധര്‍മ സഞ്ചാരം മഞ്ചേശ്വരത്ത് സമസ്ത കേള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി
മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ നയിക്കുന്ന ധര്‍മ സഞ്ചാരത്തിന് മഞ്ചേശ്വരത്ത് ഉജ്ജ്വല തുടക്കം. ആദര്‍ശ യൗവനത്തിന്റെ സമരോത്സുകത മുറ്റിനിന്ന അന്തരീക്ഷത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ധര്‍മ സഞ്ചാരം ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് കേരളീയ യൗവനത്തിന് പുതിയ അജന്‍ഡ നിര്‍ണയിക്കുമെന്ന് നയരേഖ അവതരിപ്പിച്ച് സംസ്ഥാന ജന.സെക്രട്ടറി മജീദ് കക്കാട് പ്രഖ്യാപിച്ചു. ഇസ്‌ലാമിക പാരമ്പര്യത്തെയും വിശ്വാസങ്ങളെയും പരിരക്ഷിക്കുന്നതോടൊപ്പം ഇതര മതസമൂഹങ്ങളുമായി കൂടുതല്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കും. അരാഷ്ട്രീയവത്കരണം വര്‍ഗീയ വിഭാഗീയ ചിന്തകളിലേക്ക് യുവതയെ തള്ളിവിട്ടിട്ടുണ്ടെന്ന വിലയിരുത്തല്‍ എസ് വൈ എസ് ഗൗരവതരമായി കാണുന്നുണ്ട്.
ഈ പ്രവണത തുടച്ചുനീക്കാന്‍ സുന്നി യുവജനം പ്രതിജ്ഞാബദ്ധമാണ്. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ യുവജനങ്ങള്‍ക്ക് ദിശാബോധം നല്‍കും. ഇതിനായി യുവജന സമീപനരേഖ തയ്യാറാക്കി സര്‍ക്കാറിന് കൈമാറും. സുന്നീ പ്രസ്ഥാനത്തിന്റെ ക്രിയാത്മക പോരാട്ട നയമായിരിക്കും എസ് വൈ എസ് ഏറ്റുടുക്കുന്നതെന്ന് നയരേഖ വ്യക്തമാക്കി. വരും തലമുറയോട് ഒരു ദയയുമില്ലാത്ത പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ എസ് വൈ എസ് പുതിയ പോരാട്ടമുഖം തുറക്കുമെന്നും മജീദ് കക്കാട് പറഞ്ഞു.
യുവത്വം നാടിന്റെ കരുത്ത് എന്ന സന്ദേശവുമായി നടക്കുന്ന ധര്‍മസഞ്ചാരം സംസ്ഥാനത്തെ 132 സോണുകളിലും നീലഗിരിയിലും പര്യടനം നടത്തി അടുത്ത മാസം 15ന് തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് കാസര്‍കോട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി ധര്‍മസഞ്ചാരം നാളെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അബ്ദുല്‍ലത്വീഫ് സഅദി പഴശ്ശി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, റഹ്മത്തുല്ല സഖാഫി എളമരം, മുഹമ്മദ് പറവൂര്‍, സ്വാദിഖ് വെളിമുക്ക്, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, ജബ്ബാര്‍ സഖാഫി പ്രസംഗിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ഥന നടത്തി. പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി സ്വാഗതവും ബശീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.