കലാഭവന്‍ മണിക്ക് നല്‍കാവുന്ന നല്ല ആദരാഞ്ജലി

Posted on: March 25, 2016 6:00 am | Last updated: March 25, 2016 at 12:12 am

kalabhavan maniകലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണവും പരിശോധനകളും ദിവസങ്ങളായി നടക്കുകയാണ്. കൊലപാതകമെങ്കില്‍ ഘാതകന്‍ ആര്? എന്തിനു കൊന്നു? തുടങ്ങിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ മണിയുടേത് സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക് പോലീസ് നീങ്ങുകയാണ്. മണിയെ മരണത്തിലേക്ക് നയിച്ച ലക്ഷണങ്ങള്‍ ഗുരുതരമായ കരള്‍ രോഗത്തിന്റേതെന്ന് ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി വാസുവിന്റെ നിഗമനവും പുറത്തുവന്നു.
മണി ഗുരുതര കരള്‍രോഗ ബാധിതനായിരുന്നെന്ന് പരിശോധനകളില്‍ വ്യക്തമായിരുന്നു. മദ്യപാനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച അവസ്ഥയില്‍ വീണ്ടും മദ്യപിച്ചാല്‍ ആന്തരികാവയവങ്ങളിലെ രക്തചംക്രമണ ശൃംഖലക്ക് തകരാര്‍ സംഭവിക്കാം. അന്നനാളത്തിനു ചുവട്ടിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവമുണ്ടാകാനും ഛര്‍ദിക്കാനും ഇടയാകും. ഈ ലക്ഷണങ്ങള്‍ മണി കാട്ടിയിരുന്നു. പിന്നീട് രക്തസമ്മര്‍ദം താഴ്ന്ന് ഹൃദയാഘാതവും സംഭവിച്ചു. മിക്ക കരള്‍രോഗബാധിതരുടെയും അന്ത്യം ഇങ്ങനെയാകുമെന്നാണ് വിദഗ്ധരുടെ പക്ഷം. കരളിന്റെ പ്രവര്‍ത്തനം നിലച്ച സാഹചര്യത്തില്‍ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വയറിലെത്തിയ കീടനാശിനിയുടെ അംശം അടിഞ്ഞു കൂടിയതുകൊണ്ടാകാം കീടനാശിനി സാന്നിധ്യമെന്നാണ് നിഗമനം. ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്കു ശേഷമേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയൂ.
വൈവിധ്യമാര്‍ന്ന കലാനിപുണതകളുടെ ഉടമയായിരുന്ന കലാഭവന്‍ മണി മലയാള സിനിമക്കും നാടന്‍പാട്ടുകളുടെ ഉണര്‍വിനും വീണ്ടെടുപ്പിനും വേണ്ടി ചെയ്ത സംഭാവനകള്‍ ചെറുതല്ല. മണി മഴയായിരുന്നു. എന്നാല്‍, ആ മണി മദ്യാസക്തിയുടെ ഇരയായിരുന്നു. മദ്യമാണ് മണിയെ കൊന്നത്. മദ്യമാണ് മണിയുടെ ഘാതകന്‍. മണിക്ക് നല്‍കാവുന്ന ഏറ്റവും നല്ല ആദരാജ്ഞലി മദ്യത്തിനെതിരെയുള്ള പോരാട്ടമാണ്.
പഴയ തലമുറയിലെയും പുതിയ തലമുറയിലെയും പല പ്രശസ്തരും പ്രതിഭാശാലികളും മദ്യത്തിനു അടിമപ്പെട്ട് രോഗികളാകുകയും തുടര്‍ന്ന് വേര്‍പിരിയുകയും ചെയ്തവരാണ്. കലാകാരന്മാരും കവികളും എഴുത്തുകാരും മദ്യപിക്കുന്നവരും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരുമെന്ന അബദ്ധ ധാരണ തിരുത്തേണ്ടിയിരിക്കുന്നു. മദ്യവും മറ്റു ലഹരിവസ്തുക്കളും സര്‍ഗവാസനകളെ ഒരിക്കലും പരിപോഷിപ്പിക്കുകയില്ല, മറിച്ച് നശിപ്പിക്കുകയേയുള്ളൂ. മദ്യപാനവും പുകവലിയും പോലുള്ള ദുശ്ശീലങ്ങളില്‍ നിന്ന് അകന്നു നിന്ന് ചിട്ടയോടും അടുക്കോടും കൂടി ജീവിക്കുന്ന പ്രതിഭാധനന്മാര്‍ എമ്പാടുമുണ്ട്. മദ്യത്തിന്റെ ദുരന്തഫലങ്ങള്‍ ഏറ്റുവാങ്ങിയ പലരും അതില്‍ നിന്ന് വിമുക്തിനേടി നല്ല ജീവിതം നയിക്കുന്നു. ന്യൂജെന്‍ സിനിമാ പ്രവര്‍ത്തകരും നടന്മാരും കലാകാരന്മാരും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മോഹവലയത്തില്‍ പെട്ട് കേസുകളുണ്ടായ വാര്‍ത്തകളും മറ്റും സമീപകാല സംഭവങ്ങളാണ്.
അപായകരമാകുന്ന ജീവിത ശൈലികളും മദ്യപാനവും വേഗം മരണത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് ഇനിയെങ്കിലും നമുക്കുണ്ടാകണം. ജീവിതശൈലികളുടെയും ജനിതകഘടനയുടെയും അടിസ്ഥാനത്തില്‍ കരള്‍രോഗമുണ്ടാകാം. സംവിധായകനായ രാജേഷ് പിള്ള മദ്യപിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ കരള്‍രോഗത്തിനു കാരണം ജീവിത ശൈലിയും പാരമ്പര്യജനിതക ഘടനയുമായിരുന്നു. കൂട്ടുചേരലിന്റെയും സ്‌നേഹപ്രകടനത്തിന്റെയും ഭാഗമായി ലഹരി സദസുകള്‍ ഇന്ന് പലയിടത്തും കാണാം. മദ്യം മാത്രമല്ല പുതിയ ലഹരികള്‍ പരീക്ഷിക്കലും പങ്കുവെക്കലും ചാരായം വാറ്റി ഉപയോഗിക്കലും എല്ലാം ഇവര്‍ ചെയ്‌തെന്നുവരാം. ആട്ടവും പാട്ടും എല്ലാം ചേര്‍ന്ന് ഉന്മാദത്തിന്റെ ഭ്രാന്തമായ നിമിഷങ്ങളിലൂടെ ഇവര്‍ കടന്നുപോകും. ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നകന്ന്, ‘കുടി കൂട്ടായ്മകളില്‍’ മാത്രം ജീവിക്കാനിട വരും. അവര്‍ മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന് അറിയുമ്പോഴേക്കും ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ലാത്തവിധം അപകടത്തിലായിട്ടുണ്ടാകും.
മദ്യപാനം ഒരു പെരുമാറ്റ വൈകല്യം കൂടിയാണ്. ഒരാഴ്ച മുഴുവന്‍ കുടിക്കാതിരുന്നിട്ട് ആഴ്ചയറുതിക്ക് രാപകലില്ലാതെ നീളുന്ന മദ്യസേവ (ബിഞ്ച് ഡ്രിങ്കിംഗ്) കൗമാരക്കാരുടെയിടയില്‍ വ്യാപകമാണ്. പഠനത്തിന്റെയും ഓര്‍മയുടെയും കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹിപ്പോ കാമ്പസിന്റെ വികാസത്തെ മദ്യം ദോഷകരമായി ബാധിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന രൂക്ഷമായ ഓര്‍മനാശത്തിന് ബിഞ്ച് ഡ്രിങ്ക്‌സ് പോലെയുള്ള കഠിനമായ മദ്യപാനം ഇടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കേരള ജനസംഖ്യയില്‍ 17.20 ശതമാനം പേര്‍ മദ്യപാനികളായി മാറിയിട്ടുണ്ട്. 47 ലക്ഷം പേര്‍ മദ്യപിക്കുന്നതായി കണക്കാക്കുന്നു. ഇതില്‍ 17 ലക്ഷം പേര്‍ ദിവസവും മദ്യപിക്കുന്നു. മദ്യപാനം കൊണ്ട് എട്ട് ലക്ഷം പേര്‍ കേരളത്തില്‍ മാത്രം കരള്‍രോഗികളായി മാറിയിട്ടുണ്ട്. കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയവരുടെ സംഘടനയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ കരള്‍രോഗത്തിനും കരള്‍മാറ്റ ശസ്ത്രക്രീയ നടത്തുവാന്‍ സാധിക്കുകയില്ല. നടത്തിയിട്ട് ഫലവുമില്ല. അവര്‍ മരണത്തെ സ്വീകരിേക്കണ്ടിവരും. മദ്യപാനമാണ് കരള്‍രോഗമുണ്ടാക്കുന്ന പ്രധാന വില്ലന്‍. മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ രോഗവും അനുബന്ധരോഗങ്ങളും വിഷാദവും കടബാധ്യതയുമെല്ലാം ഒരാളെ വിനാശത്തിലേക്ക് നയിക്കാം.
മാസത്തിലൊരിക്കലെങ്കിലും മദ്യം രുചിക്കുന്ന ഒരു കോടിയോളം പേര്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. വിവാഹം, മറ്റ് പൊതുചടങ്ങുകള്‍, പാര്‍ട്ടികള്‍, വിനോദയാത്രകള്‍ എന്നിവയുമായിട്ടൊക്കെ അല്‍പം മദ്യപിക്കുന്ന ‘സാമൂഹിക മദ്യപാനികള്‍’ ധാരാളമുണ്ട്. ഇവരെല്ലാം മദ്യപാനത്തിന് അടിമകളെന്ന് പറയാനാവില്ല. മദ്യത്തോടുള്ള സഹനക്ഷമത കൂടുക, മദ്യം ഉപയോഗിക്കാത്ത ദിവസങ്ങളില്‍ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുക, കുടി നിയന്ത്രിക്കാന്‍ സാധിക്കാതെ വരിക തുടങ്ങിയ ലക്ഷണങ്ങളൊക്കെ കണ്ടുതുടങ്ങിയാല്‍ മദ്യത്തിന് അടിമയാണെന്ന് മനസ്സിലാക്കണം. ഇങ്ങനെ മദ്യപിക്കുന്നവര്‍ക്ക് മദ്യത്തിന്റെ ഉപയോഗത്തിലുള്ള എല്ലാ നിയന്ത്രണവും വിട്ടുപോകുന്നു. മദ്യം കഴിക്കാതിരിക്കാന്‍ സാധിക്കാതെ വരുന്നു. നിയന്ത്രണം വിട്ട കുടിയും മദ്യത്തോടുള്ള മാനസികവും ശാരീരികവുമായ ആശ്രയത്വവും മദ്യാസക്തിയന്നെ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഒരു തുള്ളി പോലും മദ്യം കഴിക്കാതിരിക്കുകയാണ് വേണ്ടത്. ആദ്യ പെഗ്ഗ് തന്നെ മദ്യാസക്തിയിലേക്കുള്ള പ്രേരണ ചെലുത്തിയേക്കാം.
1956ല്‍ ലോകാരോഗ്യ സംഘടന മദ്യാസക്തിയെ രോഗമായി പ്രഖ്യാപിച്ചു. അതേവര്‍ഷം ഐക്യ രാഷ്ട്രസംഘടന ഇക്കാര്യം ആവര്‍ത്തിച്ചുറപ്പിച്ചു. 1957ല്‍ അമേരിക്കന്‍ സൈക്യാട്രിസ്റ്റ് അസോസിയേഷന്‍ ഇത് സ്ഥിരീകരിച്ചു. മാനസികവും ശാരീരികവും വൈകാരികവുമായ പ്രശ്‌നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും നയിക്കുന്ന രോഗമായിട്ടാണ് മദ്യാസക്തിയെ ഇന്ന് കണക്കാക്കുന്നത്. ഏതു രോഗവും പോലെ ചികിത്സിച്ചു ഭേദമാക്കേണ്ട രോഗമാണ് മദ്യാസക്തി.
മദ്യപിച്ചിട്ടുണ്ടാകുന്ന കരള്‍രോഗം ഉള്ളതായി ഭൂരിപക്ഷം പേരും തുറന്നുപറയുകയില്ല. അത് നാണക്കേടായതിനാലാണ്. എന്നാല്‍, തുടര്‍ന്നുള്ള മദ്യപാനം സ്വയംഹത്യക്ക് തുല്യമായ പെരുമാറ്റമാണ്. മദ്യാസക്തരോഗിക്ക് മദ്യം ഒഴിച്ചുകൊടുക്കുന്നത് അയാളെ മരണത്തിലേക്ക് തള്ളിവിടുന്നതിനു തുല്യമാണ്. മദ്യാസക്തരെ സ്‌നേഹപൂര്‍വം ശാസിച്ചും നിയന്ത്രിച്ചും ചികിത്സയ്ക്ക് പ്രേരിപ്പിച്ചും നല്ല ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരികയാണ് നല്ല സുഹൃത്തുക്കള്‍ ചെയ്യേണ്ടത്. മണിയോടു മാത്രമല്ല മറ്റാരോടും മദ്യം നല്കി സ്‌നേഹപ്രകടനം നടത്താതിരിക്കുക. മണിയുടെ മരണം സകല മദ്യപര്‍ക്കും ഒരു താക്കീതായി, മുന്നറിയിപ്പായി മാറട്ടെ. മണിയെ സ്‌നേഹിക്കുന്നവര്‍ മദ്യത്തെ ജീവിതത്തില്‍ നിന്ന് പുറത്താക്കുക.