ഖത്വറിലെ തൊഴില്‍ മേഖലയില്‍ സ്വദേശി, വിദേശി വിവേചനമില്ല: മന്ത്രി

Posted on: March 24, 2016 8:44 pm | Last updated: March 24, 2016 at 8:44 pm

Dr. Issa bin Saad al-Jafaliദോഹ: രാജ്യത്തെ തൊഴില്‍ മേഖലയിലും നിയമങ്ങളിലും സ്വദശി, വിദേശി വിവേചനമില്ലെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് മന്ത്രി ഡോ. ഈസ ബിന്‍ സാദ് അല്‍ ജാഫലി അല്‍ നുഐമി വ്യക്തമാക്കി. ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഗവേണിംഗ് ബോഡിക്കു മുന്നില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഖത്വറിന്റെ നിലപാട് വക്തമാക്കിയത്. വിദേശികളായ തൊഴിലാളികളുടെ സംരക്ഷണത്തിനായി ഖത്വര്‍ കൊണ്ടു വരുന്ന നിയമങ്ങളും പരിഷ്‌കാരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഖത്വര്‍ സമൂഹത്തിന്റെ നിര്‍മാണത്തില്‍ വിദേശികളായ തൊഴിലാളികള്‍ പ്രധാനമാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേ അവകാശങ്ങളും ചുമതലകളുമാണുള്ളത്. വിദേശികളുടെ സുരക്ഷിതത്വത്തിനു വേണ്ടി രാജ്യത്ത് സ്ഥാപനങ്ങളും നിയമങ്ങളും കൊണ്ടു വരുന്നു. സുതാര്യമായ നയമാണ് രാജ്യം സ്വീകരിക്കുന്നത്. രാജ്യാന്തര നിബന്ധനകളും നിര്‍ദേശങ്ങളും മാനിച്ചു കൊണ്ടാണ് ഖത്വര്‍ നയങ്ങള്‍ രൂപപ്പെടുത്തുന്നത്. നിയമത്തിന്റെ മുന്നില്‍ ഒരു തരത്തിലുള്ള വിവേചനവും വിദേശ തൊഴിലാളികള്‍ നേരിടേണ്ടി വരില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യാന്തര തൊഴിലാളി സംഘടനയുമായി ഖത്വര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ എല്‍ ഒ ഗവേര്‍ണിംഗ് ബോര്‍ഡ് ചെയര്‍മാനും വൈസ് പ്രസിഡന്റുമായ മിസാകോ കാജി, ഡയറക്ടര്‍ ജനറല്‍ ഗുയ് റൈഡര്‍ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.