Connect with us

Gulf

പ്രവാസികള്‍ക്കു പ്ലിംഗാകാന്‍ ഒരു പോളിംഗ്കൂടി

Published

|

Last Updated


voteഎന്തൊക്കെയായിരുന്നു കുതിഹുലങ്ങള്‍. അടുത്തവട്ടം പ്രവാസികള്‍ക്ക് വോട്ട് ഉറപ്പ് എന്നൊക്കെ ചില മന്ത്രിമാര്‍ കാച്ചിവിട്ടു. സുപ്രീം കോടതിയുടെ ഇടപെടലും തിരഞ്ഞെടുപ്പു കമ്മീഷന്റെ അഭിപ്രായപ്പെടലും നിയമസഭയിലെ ചര്‍ച്ചയും കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാടും എല്ലാംകൂടി ചേര്‍ന്നപ്പോള്‍ അങ്ങു മോഹിച്ചു പോയി. ഒ എന്‍ വിക്കവിത പോലെ, വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും.
വോട്ടര്‍ പട്ടകയില്‍ പേരു ചേര്‍ക്കാനുള്ള അര്‍ഹതയാണ് മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി പ്രവാസികള്‍ക്ക് ഇപ്പോഴുള്ള അവകാശം. ഓണ്‍ലൈന്‍ വഴി ഗള്‍ഫിലിരുന്നും പേരു ചേര്‍ക്കാം എന്ന സൗകര്യവുമുണ്ട്. പക്ഷേ വോട്ടു ചെയ്യാന്‍ പറ്റില്ല. വോട്ടു കുത്താന്‍ നാട്ടില്‍ തന്നെ പോകണം. ടിക്കറ്റ് കിട്ടാന്‍ ചുരുങ്ങിയത് മുപ്പതിനായിരം രൂപ ചെലവിടണം. അവധിയെടുത്തു പോകുമ്പോള്‍ വരുന്ന ശമ്പള നഷ്ടം വേറെയും. അവധി കിട്ടാന്‍ പെടുന്ന പാട് അതിലുംപരം. ചുരുക്കിപ്പറഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികളില്‍ 95 ശതമാനം പേരും വോട്ടു ചെയ്യില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തെ പ്രവാസികളുടെ കാര്യം പയുകയും വേണ്ട. കേരളത്തിലെ ഒരു മണ്ഡലത്തില്‍ എത്ര പ്രവാസികളുണ്ടെന്നതിന്റെ കണക്കു പരിശോധിക്കേണ്ടതുണ്ട് ഈ വേളയില്‍. വിശിഷ്യാ കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍. ഓരോ മണ്ഡലത്തിലും ശരാശരി 25,000 പ്രവാസികളുണ്ടാകും. അതില്‍ 3,000 വോട്ടു പോലും പോള്‍ ചെയ്യപ്പെടില്ല. ശേഷിക്കുന്ന 22,000 പേരെയും പുറത്തു നിര്‍ത്തിക്കൊണ്ടാണ് നമ്മുടെ ജനാധിപത്യം പുഷ്‌കലമാകുന്നതെന്നു ചുരുക്കം. മണ്ഡലത്തിലെ പ്രവാസികളുടെ എണ്ണം ആ മണ്ഡലത്തിന്റെ ഭാഗധേയത്വം നിര്‍ണയിക്കാന്‍ പലവട്ടം പര്യാപ്തമാണ്. വോട്ടുകള്‍ മുഴുവന്‍ ഒരു മുന്നണിക്കു മുഴുവനങ്ങ് പോകില്ലെങ്കില്‍കൂടി പ്രവാസികളുടെ രാഷ്ട്രീയം സ്വാഭാവിക ബലാബലത്തിന്റെ അളവുകളെ മാറ്റി മറിക്കും.
പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്തണമെന്ന് കേരളനിയമസഭ അംഗീകരിച്ച് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സുരക്ഷിതമായ മാര്‍ഗത്തിലൂടെ ഓണ്‍ലൈനില്‍ വോട്ടു ചെയ്യാനുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കുകയാണ് വേണ്ടതെന്ന് ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷം നിയമസഭയില്‍ നിലപാടെടുത്തു. രാഷ്ട്രീയ പ്രബുദ്ധമായ വോട്ടുകള്‍ ആര്‍ക്കാകും ഗുണം ചെയ്യുകയെന്ന് നന്നായറിയുന്ന ബി ജെ പി സര്‍ക്കാര്‍ പക്ഷേ, പ്രവാസി വോട്ടിന് അത്ര താത്പര്യമെടുക്കുന്നില്ല. അതുകൊണ്ടു തന്നെ ഇത്തവണയും സ്വാഹ.
മുറികളില്‍ ഇരുന്ന് രാഷ്ട്രീയം പറഞ്ഞ് വീര്യം തീര്‍ക്കുകയേ പ്രവാസിക്കു നിര്‍വാഹമുള്ളൂ. രാഷ്ട്രീയഭേദമന്യേ ജനാധിപത്യ അവകാശനിഷേധത്തില്‍ പ്രവാസികള്‍ ഒരുപോലെ ഇരവത്കരിക്കപ്പെടുന്നു. പക്ഷേ, പ്രവാസിയുടെ രാഷ്ട്രീയം അത്ര ദുര്‍ബലമല്ല. നാടും കുടുംബവുമായും നാട്ടിലെ രാഷ്ട്രീയവുമായും പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിച്ചല്ല ഒരു പ്രവാസിയും ഗള്‍ഫ് നാടുകളില്‍ കഴിയുന്നത്. പ്രത്യേകിച്ച് മലയാളികള്‍. സ്വന്തം വോട്ടവകാശം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണെങ്കിലും പ്രവാസിയുടെ രാഷ്ട്രീയ പ്രബുദ്ധതയില്‍നിന്നുയരുന്ന വോട്ടുകള്‍ ഓരോ മണ്ഡലത്തിലും ഓരോ ബൂത്തിലും കൃത്യമായി രേഖപ്പെടുത്തപ്പെടും. അതത്രയങ്ങ് ആഴത്തില്‍ മനസ്സിലാക്കാന്‍ ഇപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സാധിച്ചിട്ടില്ല. അതിന്റെ തെളിവ് വരാന്‍ പോകുന്ന പ്രകടന പത്രികകളിലും കാണാം. ചുരുക്കത്തില്‍ പ്ലിംഗുന്നത് പ്രവാസികള്‍മാത്രമല്ല, പാര്‍ട്ടികളും പാര്‍ട്ടി അനുയായികളും കൂടിയാണ്.