ജനസേവയിലെ ഫുട്‌ബോള്‍ താരത്തെ തേടി അമ്മയെത്തി

Posted on: March 24, 2016 5:45 am | Last updated: March 23, 2016 at 11:50 pm

chn janaseva 2കൊച്ചി: ഫുട്‌ബോള്‍ താരം ബിബിന്‍ അജയനെ തേടി അമ്മ വസന്ത നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ജനസേവ ശിശുഭവനിലെത്തി. മകന്‍ ഝാര്‍ഖണ്ഡ് സന്തോഷ് ട്രോഫി ടീമില്‍ ഇടംനേടിയ പത്രവാര്‍ത്ത അറിഞ്ഞാണ് വസന്ത ജനസേവയില്‍ എത്തിയത്. ഝാര്‍ഖണ്ഡിന്റെ കരുത്തനായ സ്റ്റോപ്പര്‍ ബാക്കിന് അമ്മയെ കണ്ടപ്പോള്‍ സന്തോഷം അടക്കാനായില്ല.
2006 ജൂണ്‍ 27നാണ് കൊല്ലം പാലക്കാകടവില്‍ സ്വദേശിനി വസന്തയുടെ മക്കളായ എട്ട് വയസ്സുകാരന്‍ ബിബിന്‍, അഖില്‍ (ആറ്), റീതു (മൂന്ന്), കാവ്യ (ഒന്ന്) എന്നിവരുടെ സംരക്ഷണം ജനസേവ ശിശുഭവന്‍ ഏറ്റെടുത്തത്. നെടുമങ്ങാട് ആനപ്പാറ സ്വദേശിയും കൂലിപ്പണിക്കാരനുമായിരുന്ന അജയനുമായുള്ള വസന്തയുടെ വിവാഹ ജീവിതം ദുസ്സഹമായിരുന്നു. നാല് മക്കളോടൊപ്പം തെരുവോരങ്ങളിലും കടത്തിണ്ണകളിലുമായിരുന്നു ഇവര്‍ അന്തിയുറങ്ങിയത്.
മദ്യപാനിയായ അജയന്‍ ഭാര്യയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സിമന്റ്കട്ടകൊണ്ട് ഭര്‍ത്താവ് തലക്കടിച്ചതിന്റെ മുറിവുമായി തേവരയിലെ കടത്തിണ്ണയില്‍ കിടക്കുന്ന വസന്തയെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് 2006ലാണ് രണ്ട് കുട്ടികളുടെ സംരക്ഷണം ജനസേവ ശിശുഭവന്‍ ഏറ്റെടുത്തത്. 2010ല്‍ മറ്റ് രണ്ട് മക്കളെയും കൊണ്ട് വസന്ത ജനസേവയിലെത്തി. അതിന് ശേഷം ഒരിക്കല്‍ മാത്രമാണ് മക്കളെ കാണാന്‍ വസന്ത ജനസേവയില്‍ വന്നത്.
2014ല്‍ ഝാര്‍ഖണ്ഡ് സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിബിന്‍ രണ്ട് വര്‍ഷത്തോളമായി സെയില്‍ അക്കാദമിയില്‍ പരിശീലനത്തിലാണ്. മോഹന്‍ബഗാന്‍ അക്കാദമി അണ്ടര്‍ 17 വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ 30 പേരില്‍ ഒരാളായിരുന്നു ബിബിന്‍. സുബ്രതോ മുഖര്‍ജി ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടീമില്‍ ഇടംനേടാന്‍ വഴിയൊരുക്കിയത്. ഇതോടെ സന്തോഷ്‌ട്രോഫിയില്‍ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരന്‍ എന്ന നേട്ടം ബിബിന്‍ സ്വന്തമാക്കി. 2008ല്‍ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനസേവ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ മുന്‍ സന്തോഷ് ട്രോഫിതാരങ്ങളായ സോളി സേവ്യാറിന്റെയും എം പി കലാധരന്റെയും കീഴില്‍ ലഭിച്ച മികച്ച പരിശീലനമാണ് ബിബിന്‍ അജയന് ഫുട്‌ബോളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായത്.
മകന്റെ ഇപ്പോഴത്തെ നിലയില്‍ അഭിമാനവും സന്തോഷവും തോന്നുന്നതായും അവന്റെ നേട്ടങ്ങള്‍ക്ക് കാരണമായ ദൈവത്തിനും ജോസ് മാവേലിക്കും നന്ദി പറയുന്നുവെന്നും വസന്ത പറഞ്ഞു.