മൊബൈലില്‍ പാഴ് മെസേജുകള്‍ വര്‍ധിക്കുന്നതായി പരാതി

Posted on: March 23, 2016 8:55 pm | Last updated: March 23, 2016 at 8:55 pm

mobileദോഹ: മൊബൈല്‍ ഫോണുകളിലേക്ക് പാഴ് മെസേജുകള്‍ വന്‍തോതില്‍ വരുന്നതായി ഉപഭോക്താക്കളുടെ പരാതി. കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (സി ആര്‍ എ)ക്ക് ലഭിച്ച ഭൂരിഭാഗം പരാതികളും ഇതുസംബന്ധിച്ചായിരുന്നുവെന്ന് പ്രസിഡന്റ് മുഹമ്മദ് അലി അല്‍ മന്നാഇ ഖത്വര്‍ ട്രിബ്യൂണിനോട് പറഞ്ഞു.
പാഴ് സന്ദേശങ്ങള്‍ വര്‍ധിക്കുന്നതില്‍ തങ്ങള്‍ക്ക ആശങ്കയുണ്ട്. അധിക ബില്ലിംഗ്, പ്രീമിയം സര്‍വീസുകള്‍ക്കുള്ള ചാര്‍ജുകള്‍ ബില്ലില്‍ ചുമത്തിയത്, അധിക നിരക്ക്, പരോക്ഷ നിരക്കുകള്‍, തെറ്റിദ്ധരിപ്പിക്കുന്ന വിവരം തുടങ്ങിയവ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങളിലൂടെയും ഉപഭോക്താക്കളിലൂടെയും അറിയുന്നുണ്ട്. ഉപഭോക്താക്കളുടെ അഭിപ്രായം അടിസ്ഥാനമാക്കി സ്പാം കോഡ് കരട് തയ്യാറാക്കിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ സുരക്ഷക്ക് മൊബൈല്‍ കമ്പനികള്‍ അനുവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നിയമരേഖയായിരിക്കും അത്. ഏതാനും മാസങ്ങള്‍ക്കകം സ്പാം കോഡ് പ്രാബല്യത്തില്‍ വരുന്നതോടെ സ്പാം മെസ്സേജുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം കുറയും.
വ്യാജ സന്ദേശങ്ങള്‍ക്കും മറ്റ് തട്ടിപ്പുകള്‍ക്കുമെതിരെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്. നമ്പറുകളും വ്യക്തിഗത വിവരങ്ങളും ഓണ്‍ലൈനായും ഓഫ്‌ലൈനായും പരസ്യപ്പെടുത്തുന്നതിലെ അപകടത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കും.
മാര്‍ക്കറ്റിംഗ് പരസ്യങ്ങള്‍ എന്ന നിലക്കാണ് സ്പാം മെസ്സേജുകള്‍ വരിക. സമ്മാനങ്ങളും മറ്റും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുന്ന രീതിയിലാണ് സന്ദേശങ്ങള്‍ വരിക.