ലോകകപ്പിന്റെ സുരക്ഷ, പരിസ്ഥിതി മേഖലകളിലെ ഐ സി ടി വാഗ്ദാനം ചെയ്ത് ജപ്പാന്‍

Posted on: March 23, 2016 8:52 pm | Last updated: March 23, 2016 at 8:52 pm

wakrah-site.jpgദോഹ: 2022ലെ ഫിഫ ലോകകപ്പിന് തയ്യാറെടുപ്പ് നടത്തുന്നതിന് സുരക്ഷ, പരിസ്ഥിതി മേഖലകളില്‍ മുന്‍നിര വിവര, ആശയവിനിമയ സാങ്കേതികവിദ്യ (ഐ സി ടി) വാഗ്ദാനം ചെയ്ത് ജപ്പാന്‍. ദോഹയില്‍ നടന്ന ജപ്പാന്‍ ഇലക്‌ട്രോണിക് ടെക്‌നോളജി ഫോറം ഫോര്‍ സസ്റ്റയ്‌നബിള്‍ ഡെവലപ്‌മെന്റിലാണ് ഇത് പ്രഖ്യാപിച്ചത്. ഖത്വര്‍ ചേംബറിന്റെ സഹകരണത്തോടെ ജപ്പാന്‍ ധന മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്.
ഖത്വര്‍ ചേംബര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ തുവാര്‍ അല്‍ കുവാരി, ജപ്പാന്‍ ധനമന്ത്രാലയം ഡയറക്ടര്‍ മസാഫുമി ഒഹ്കി, ജപ്പാന്‍ അംബാസിഡര്‍ ഷിംഗോ സുദ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫുജിസ്തു, ഹൊരിബ, ജെ ആര്‍ സി, തോഷിബ, നഗാസി, എന്‍ ഇ സി തുടങ്ങിയ ഐ സി ടി മേഖലയിലെ നിരവധി ജപ്പാന്‍ കമ്പനികള്‍ പങ്കെടുത്തു. പരിസ്ഥിതി വിവര നിര്‍വഹണ സോഫ്റ്റ്‌വെയര്‍, വായു ഗുണമേന്മ നിരീക്ഷണ സംവിധാനം, ദുരന്ത ലഘൂകരണ സംവിധാനം, എല്‍ ഇ ഡി തെരുവ് വിളക്ക് സംവിധാനം തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ജപ്പാനും ഖത്വറും വലിയ രണ്ട് മാമാങ്കങ്ങള്‍ക്ക് വേദിയാകാന്‍ പോകുകയാണ്. 2020ലെ ടോക്യോ ഒളിംപിക്‌സും 2022ലെ ഖത്വര്‍ ഫുട്‌ബോള്‍ ലോകകപ്പും മഹാസംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുരാഷ്ട്രങ്ങളും. അതിനാല്‍ തന്നെ ഇരുരാഷ്ട്രങ്ങളും പല മേഖലയിലും സഹകരണം ഉറപ്പുവരുത്തേണ്ടതുണ്ട്. പരസ്പരം പങ്കുവേക്കേണ്ടതും അനിവാര്യമാണ്.
ദോഹ മെട്രോ, സമഗ്ര ജല- വൈദ്യുത പദ്ധതികള്‍ തുടങ്ങിയ പശ്ചാത്തല സൗകര്യ പദ്ധതികള്‍ ജപ്പാന്‍ കമ്പനികളാണ് നടത്തുന്നത്. ഖത്വറും ജപ്പാനും തമ്മിലുള്ള വ്യാപാര ബന്ധം 40 ബില്യന്‍ ഡോളറിന്റെതാണ്. ജപ്പാന്റെ ഏറ്റവും വലിയ ക്രൂഡ്, പ്രകൃതി വാതക വിതരണക്കാര്‍ കൂടിയാണ് ഖത്വര്‍.