വിദേശ പ്രാഥമിക തിരഞ്ഞെടുപ്പ് മത്സരത്തില്‍ ബേണി സാന്‍ഡേഴ്‌സ് ജയിച്ചുകയറി

Posted on: March 23, 2016 12:20 pm | Last updated: March 23, 2016 at 12:20 pm

Bernie Sandersവാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിദേശ അമേരിക്കക്കാര്‍ക്കിടയില്‍ നടന്ന വിദേശ പ്രാഥമിക തിരഞ്ഞെടുപ്പ് മത്സരത്തില്‍ ഡമോക്രാറ്റിന്റെ ബേണി സാന്‍ഡേഴ്‌സ് വന്‍വിജയം. തങ്ങള്‍ ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നതെന്നും ഡമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷന്‍ ഈ വേനലില്‍ത്തന്നെ നടത്താനുള്ള എല്ലാ വഴികളും ആരായുമെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സാന്‍ഡേഴ്‌സ് പറഞ്ഞു. 38 രാജ്യങ്ങളിലായി വസിക്കുന്ന 34,570 അമേരിക്കന്‍ പൗരന്‍മാര്‍ ഈ മാസം ഒന്ന് വരെ ഇന്റര്‍നെറ്റ്, മെയില്‍ എന്നിവക്ക് പുറമെ നേരിട്ടും വോട്ട് രേഖപ്പെടുത്തിയെന്ന് പാര്‍ട്ടി പറഞ്ഞു. 69 ശതമാനം വോട്ട് നേടിയ സാന്‍ഡേഴ്‌സ് 13 പ്രതിനിധികളില്‍ ഒമ്പത് പേരെ സ്വന്തമാക്കി. 31 ശതമാനം വോട്ട് നേടിയ ഹിലാരി ക്ലിന്റണ്‍ നാല് ഡെലഗേറ്റ് പിന്തുണ സ്വന്തമാക്കി. കഴിഞ്ഞ ആഴ്ച അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും ഹിലാരിയോട് അടിയറവ് പറഞ്ഞ സാന്‍ഡേഴ്‌സിന് ഈ വിജയം സുപ്രധാനമാണ്. ഹിലാരിക്ക് 1,163 പ്രതിനിധികളുടെ ഭൂരിപക്ഷമുള്ളപ്പോള്‍ സാന്‍ഡേഴ്‌സിന് 844 പ്രതിനിധികള്‍ മാത്രമാണുള്ളത്. അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടത്തില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന പ്രതിനിധികളെ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുകയും ഈ പ്രതിനിധികള്‍ പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്.