മരുന്നു കൊണ്ടു വരുന്നവരുടെ കൈവശം സാക്ഷ്യപ്പെടുത്തിയ കുറിപ്പടി വേണം

Posted on: March 22, 2016 8:55 pm | Last updated: March 22, 2016 at 8:55 pm

prescription-painkillersദോഹ: ഖത്വറിലേക്കു വരുന്നവര്‍ മരുന്നുകള്‍ കൊണ്ടു വരുന്നവര്‍ ഡോക്ടറുടെ കുറിപ്പിന്റെ സാക്ഷ്യപ്പെടുത്തിയ ഒറിജിനല്‍ കൈവശം കരുതണം. മരുന്നുമായി വരുന്നവര്‍ എയര്‍പോര്‍ട്ടില്‍ പിടിയിലാകുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റിലാണ് ഖത്വര്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.
രോഗിയുടെ വ്യക്തിഗത വിവരം, പരിശോധനാ റിപ്പോര്‍ട്ട്, ചികിത്സാ കാലാവധി, മരുന്ന് ചീട്ട്, മരുന്നിന്റെ ശാസ്ത്രീയ നാമം, അളവ് എന്നിവ വ്യക്തമാക്കുന്ന രീതിയില്‍ ചികിത്സിക്കുന്ന ഡോക്ടര്‍ ആറു മാസത്തിനുള്ളില്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് മരുന്നിനൊപ്പം കരുതണം. അതല്ലെങ്കില്‍ രോഗിയുടെ പേരില്‍ ആശുപത്രി സാക്ഷ്യപ്പെടുത്തിയ മരുന്ന് ചീട്ട് വേണം. മരുന്ന് ചീട്ടിന് ആറ് മാസത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. അതില്‍ പരിശോധനാ റിപ്പോര്‍ട്ട്, മരുന്നിന്റെ ശാസ്ത്രീയ നാമം, തരം, അളവ്, ഉപയോഗ രീതി, കാലാവധി എന്നിവ രേഖപ്പെടുത്തിയിരിക്കണം. സ്വന്തം ഉത്തരവാദിത്വത്തില്‍ രോഗി മാത്രമേ മരുന്ന് ഉപയോഗിക്കുകയുള്ളൂവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. രോഗിയുടെ തിരിച്ചറിയല്‍ രേഖയും അപേക്ഷയോടൊപ്പം വെക്കണം.
സ്വന്തം ആവശ്യത്തിനോ മറ്റുള്ളവര്‍ക്കോ വേണ്ടി നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന ചില പ്രത്യേക ഇനത്തില്‍പ്പെട്ട അലോപ്പതി മരുന്നുകള്‍ (ഡ്രഗ്‌സ്, സൈക്കോട്രോപിക് ഘടകങ്ങള്‍ അടങ്ങിയ മരുന്നുകള്‍) കൈവശം വെച്ചതിനാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദോഹയില്‍ പിടിയിലായത്. വിമാനത്താവളങ്ങളില്‍ നടത്തിവരുന്ന പരിശോധനയില്‍ മരുന്നുകള്‍ കണ്ടെത്തിയാല്‍ ജയിലിലടക്കുകയും നാട്ടിലേക്ക് തിരിച്ചയക്കുകയുമാണ് ചെയ്യുന്നത്.
ഏതൊക്കെ മരുന്നുകള്‍ക്കാണ് നിരോധനമുള്ളതെന്നു മനസിലാക്കാന്‍ കഴിയാത്തതാണ് യാത്രക്കാരെ കുഴപ്പത്തിലാക്കുന്നത്. ഇതേത്തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് നിരോധിത മരുന്നുകളുടെ പട്ടിക പ്രസിദ്ധപ്പെടുത്താന്‍ എംബസി തയാറായത്.
അത്യാവശ്യം വേണ്ട മരുന്നുകള്‍ നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നതാണെങ്കില്‍ ആരോഗ്യ ഉന്നതാധികാര സമിതിക്ക് കീഴിലുള്ള ഫാര്‍മക്കോളജി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന് നേരത്തെ അപേക്ഷ സമര്‍പ്പിച്ച് അനുമതി തേടിവേണം കൊണ്ടു വരാന്‍. 30 ദിവസത്തെ മരുന്ന് കരുതാന്‍ മാത്രമേ അനുവദിക്കൂ. രോഗിക്കുവേണ്ടി മറ്റാരെങ്കിലുമാണ് കൊണ്ടുവരുന്നതെങ്കില്‍ രോഗിയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് കരുതിയിരിക്കണം. രോഗിയുടെ പ്രതിനിധിയാണ് മരുന്ന് കരുതുന്നതെങ്കില്‍ എഴുതിത്തയ്യാറാക്കിയ സമ്മതപത്രം വേണം. ഒപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഉണ്ടാകണം.
ഇംഗ്ലീഷ് മരുന്നുകള്‍ക്കു പുറമേ ആയുര്‍വ്വേദ, ഹോമിയോ മരുന്നുകളിലും വിലക്കപ്പെട്ട ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ പിടിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ എംബസി വെബ്‌സൈറ്റില്‍ ലഭ്യമാണ്.