Connect with us

Kerala

സബ് ഇന്‍സ്‌പെക്ടര്‍ തസ്തിക: പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കല്‍ പി എസ് സി നിര്‍ത്തിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: കേരള പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് തയറാക്കുന്നത് മരവിപ്പിക്കാന്‍ പി എസ് സി തീരുമാനിച്ചു. സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പി എസ് സിയുടെ തീരുമാനം. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് ഒരാള്‍ക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യത്തില്‍ ഉടനെ പുതിയ ലിസ്റ്റ് വേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്.
സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനിയുടെ റാങ്ക് ലിസ്റ്റ് ജൂണ്‍ ഒന്നിന് പ്രസിദ്ധീകരിക്കാനാണ് പി എസ് സി തീരുമാനിച്ചിരുന്നത്. ഇതിനായി ഫിസിക്കല്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ കമ്മീഷന്‍ നടത്തിവരികയാണ്. ഇതിനിടയിലാണ് സര്‍ക്കാറിന്റെ നിര്‍ദേശം വന്നത്. നിലവിലുള്ള ലിസ്റ്റില്‍ നിന്ന് ഒന്നാം റാങ്കുകാരന് പോലും നിയമനം ലഭിച്ചിട്ടില്ല. ഇതിനു മുമ്പുണ്ടായിരുന്ന ലിസ്റ്റില്‍ നിന്നുള്ള നിയമനം കോടതി കയറിയ സാഹചര്യത്തിലാണ് ഇങ്ങനെയുണ്ടായത്. നിലവിലുള്ള ഒഴിവുകള്‍ മുഴുവന്‍ മുമ്പുണ്ടായിരുന്ന ലിസ്റ്റിലുള്ളവര്‍ക്ക് നല്‍കാനായിരുന്നു സുപ്രീം കോടതിയുടെ വിധി. ഇതോടെ നിലവിലുള്ള റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം കിട്ടിയില്ല. ജൂണില്‍ പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നാല്‍ ഇപ്പോഴുള്ളവരില്‍ ആര്‍ക്കും നിയമനം ലഭിക്കാത്ത അവസ്ഥയുണ്ടാകും. ഇത് ലിസ്റ്റിലുള്ളവരുടെ അവസരം നിഷേധിക്കലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ റാങ്ക് ലിസ്റ്റ് ഉടനെ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.