പുറത്താക്കിയവരെ തിരിച്ചെടുക്കല്‍: പാലക്കാട്ട് ലീഗിനുള്ളില്‍ പടയൊരുക്കം

Posted on: March 22, 2016 5:49 am | Last updated: March 21, 2016 at 11:51 pm

leagueപാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് രാഷ്ടീയ പാര്‍ട്ടികളെ ഞെട്ടിച്ച ലീഗിന് പാര്‍ട്ടിക്കുള്ളിലെ അനൈക്യം തിരിച്ചടിയാകുന്നു. ജില്ലയില്‍ പല മണ്ഡലങ്ങളിലും മുസ്‌ലിം ലീഗ് വോട്ടുകള്‍ യു ഡി എഫ് വിജയസാധ്യതക്ക് മുഖ്യഘടകമാണ്. ഇതിന് പുറമെ മണ്ണാര്‍ക്കാട് ലീഗ് സ്ഥാനാര്‍ഥിയാണ് മത്സര രംഗത്തുള്ളത്. എന്നാല്‍ ജില്ലയില്‍ ലീഗിനെതിരെ പ്രവര്‍ത്തകര്‍ക്കിടയിലുള്ള രോഷം യു ഡി എഫിന് മാത്രമല്ല, ലീഗിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ലീഗിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന മണ്ണാര്‍ക്കാട് ലീഗ് സ്ഥാനാര്‍ഥി വിജയിച്ച ചരിത്രമാണ് ഏറെ. എന്നാല്‍ മണ്ണാര്‍ക്കാട് രൂക്ഷമായ വിഭാഗീയത ചരിത്രം തിരുത്തിയെഴുതുമെന്നാണ് സൂചന.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തമാക്കുന്നതിനായി പുറത്താക്കിയവരെ തിരിച്ചെടുത്തതാണ് ലീഗിന് തിരിച്ചടിയായിരിക്കുന്നത്. മണ്ണാര്‍ക്കാട് വിമത നേതാക്കളായ കല്ലടി അബൂബക്കര്‍, അഡ്വ. നാസര്‍ കൊമ്പത്ത് എന്നിവരെ യൂത്ത് ലീഗില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെ പുറമെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അച്ചടക്കനടപടി നേരിട്ട വിവിധ പഞ്ചായത്ത് കമ്മിറ്റികളിലെ 16 പേരെ തിരിച്ചെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍, ജനറല്‍ സെക്രട്ടറി അര്‍സല്‍ എരേരത്ത്, ട്രഷറര്‍ പാക്കത്ത് യൂസഫ് എന്നിവരുടെ നേതൃത്വത്തില്‍ 14 അംഗ കമ്മിറ്റി രാജിവെച്ചിരിക്കുകയാണ്. നിരവധി പാര്‍ട്ടി അണികളും ഇവര്‍ക്കൊപ്പം ലീഗിനെതിരെ തിരിഞ്ഞിട്ടുണ്ട്.
ലീഗിന്റെ പ്രവര്‍ത്തന രീതിയോടുള്ള വിയോജിപ്പ് ചില മുസ്‌ലിം സംഘടനകള്‍ പരസ്യമായി രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിനൊപ്പം ലീഗിനുള്ളിലെ പടയൊരുക്കവും ജില്ലയിലെ ഏക സീറ്റായ ലീഗിന്റെ മണ്ണാര്‍ക്കാട് നഷ്ടമാകുമെന്നാണ് പൊതുവെ അഭിപ്രായം. ഇതിന് പുറമെ പാലക്കാടും യു ഡി എഫ് വിജയത്തിന് ലീഗിന്റെ വോട്ടുകള്‍ നിര്‍ണായകമാണ്. പാലക്കാട് നഗരസഭ തിരെഞ്ഞടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചവരെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് മുനിസിപ്പല്‍ മുസലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ടി എ അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി എം കാജാഹുസൈന്‍, ട്രഷറര്‍ വി എ നാസര്‍, മറ്റ് ഭാരവാഹികളായ ബഷീര്‍പാ, പി എം അബ്ദുല്‍ നാസര്‍, വൈ അഷ്‌റഫ്, എം ടി അഷ്‌റഫ്, പി എം അബ്ദുല്‍ അസീസ്, മുഹമ്മദ് ഇസ്മാഈല്‍ എന്നിവര്‍ രാജിവെക്കുക മാത്രമല്ല ഇതിനെതിരെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തുകയുമുണ്ടായി.
പാലക്കാട് മുനിസിപ്പാലിറ്റി 31ാം വാര്‍ഡില്‍ നിന്ന് ലീഗ് സ്ഥാനാര്‍ഥിയെ വെല്ലുവിളിച്ച് വിജയിച്ച സെയ്തലവിയെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ലീഗില്‍ പൊട്ടിത്തെറിക്ക് തുടക്കംകുറിച്ചത്. ലീഗില്‍ വരാനിരിക്കുന്ന വലിയ പൊട്ടിത്തെറിയുടെ സൂചനയാണിതെന്ന് രാജിവച്ചവര്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യു ഡി എഫ് ഘടകകക്ഷിയായ ലീഗിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനും തലവേദനയാവുകയാണ്. അതോടൊപ്പം ജില്ലയിലെ ലീഗിന്റെ നിലനില്‍പ്പിന് ഭീഷണിയും.