Connect with us

National

വിജയ് മല്യക്കെതിരായ അന്വേഷണം സെബി വ്യാപിപ്പിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രാഥമികാന്വേഷണത്തില്‍ കോര്‍പറേറ്റ് ചട്ട ലംഘനങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചതോടെ പൊതുമേഖലാ ബേങ്കുകളുടെ വായ്പാ തുക തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യക്കെതിരായ അന്വേഷണം വ്യാപിപ്പിച്ചു. രാജ്യത്തെ കോര്‍പ്പറേറ്റ്, ഓഹരി വിപണി നിരീക്ഷണ സ്ഥാപനമായ സെബി (സെക്യുരിറ്റീസ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) യാണ് വ്യാപിപ്പിച്ചത്.

യു കെ ആസ്ഥാനമായ ഡിയാഗോ എന്ന കമ്പനിയും മറ്റ് വിദേശ കമ്പനികളുമായും മല്യ നടത്തിയ ഇടപാടുകളിലേക്കും സെബിയുടെ അന്വേഷണം നീളും. മല്യ നടത്തിയ ഷെയര്‍ കൈമാറ്റങ്ങളും അവകാശ കൈമാറ്റങ്ങളും മറ്റ് ഇടപാടുകളെയും കുറിച്ച് അന്വേഷിക്കുന്നതിനായി ആഭ്യന്തര, വിദേശ സ്റ്റോക്ക് എക്‌സേഞ്ചുകളില്‍ നിന്നും അവ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും സെബി വിവരങ്ങള്‍ ശേഖരിക്കും.
ഇതിന്റെ ഭാഗമായി യു ബി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളോടും മല്യയുമായി ഇടപാട് നടത്തിയ വിദേശ കമ്പനികളോടും വിശദാംശങ്ങള്‍ ആരാഞ്ഞതായി സെബിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.