Connect with us

Kerala

വിവാദ ഉത്തരവ്: വി എം സുധീരന്‍ ഹൈക്കമാന്‍ഡിന് കത്തയക്കും

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും യു ഡി എഫ് സര്‍ക്കാര്‍ ഇറക്കിയ വിവാദ ഉത്തരവുകള്‍ സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഹൈക്കമാന്‍ഡിന് കത്തയക്കും. തിരഞ്ഞെടുപ്പിലെ ജയസാധ്യതയെ ബാധിക്കുന്ന വിഷയമായതിനാല്‍ തീരുമാനങ്ങള്‍ പിന്‍വലിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയാകും കത്ത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും കത്തില്‍ പരാമര്‍ശിക്കും. കായല്‍ നികത്തല്‍, നിലം നികത്തല്‍, ഭൂമി അനുവദിക്കല്‍, വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ ഒഴിവാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാറെടുത്ത നിലപാടുകളെ സുധീരന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.
ഉത്തരവുകളില്‍ ഭേദഗതിയല്ല വേണ്ടതെന്നും പിന്‍വലിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാറിനെ വിമര്‍ശിച്ച സുധീരനെതിരെ എ, ഐ ഗ്രൂപ്പുകളും മന്ത്രിമാരും രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സുധീരനെതിരെ ഹൈക്കമാന്‍ഡിനും പരാതിയെത്തി. ഇതേത്തുടര്‍ന്ന് പരസ്യ പ്രതികരണങ്ങളില്‍ നിന്ന് സുധീരന്‍ പിന്മാറണമെന്ന നിര്‍ദേശം ദേശീയ നേതാക്കള്‍ ഫോണിലൂടെ അറിയിച്ചു. വിവാദങ്ങള്‍ സൃഷ്ടിച്ച് അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്ന പ്രതികരണങ്ങളും ദേശീയ നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായി. ഈ സാഹചര്യത്തിലാണ് വിഷയങ്ങളുടെ കാര്യകാരണങ്ങള്‍ വ്യക്തമാക്കി ദേശീയ നേതൃത്വത്തിനു വിശദീകരണം നല്‍കാന്‍ സുധീരന്‍ തീരുമാനിച്ചത്. ഹൈക്കമാന്‍ഡിന്റെ അടിയന്തര നിര്‍ദേശം ഇക്കാര്യത്തില്‍ ആവശ്യപ്പെടുകയും ചെയ്യും.

Latest