Connect with us

Kerala

കാത്തിരിപ്പ് ഒരു തലവേദനയാണ്

Published

|

Last Updated

കണ്ണൂര്‍ :അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും വൈകിയത് രാഷ്ട്രീയ കക്ഷികളില്‍ കടുത്ത ആശങ്കക്ക് കാരണമാകുന്നു. മെയ് 16നാണ് കേരളത്തില്‍ വോട്ടെടുപ്പ്. ഇത്രയും നാള്‍ വോട്ടെടുപ്പിന് കാത്തിരിക്കേണ്ടിവരുന്നത് ഇതാദ്യമാണ്. ഇത് രാഷ്ട്രീയമായ തിരിച്ചടികള്‍ക്ക് വഴിവെക്കുമോയെന്നതാണ് ഇടത്- വലതു മുന്നണികളെ അലട്ടുന്ന പ്രധാന ആശങ്ക. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്.
സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ അന്തിമമായ തീരുമാനം എടുക്കുന്നത് അനന്തമായി നീളുന്നത് സി പി എമ്മിന് തിരിച്ചടിയാവുകയാണ്. പ്രാദേശിക ഘടകങ്ങളുടെ വികാരം മാനിക്കാതെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചാല്‍ ശക്തമായ ഭവിഷ്യത്തുണ്ടാകുമെന്ന് പലയിടത്തും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രാദേശിക തലങ്ങളില്‍ നിന്ന് ഉയരുന്ന രൂക്ഷമായ എതിര്‍പ്പ് ഗൗനിക്കേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാട്. പ്രവര്‍ത്തകരുടെ എതിര്‍പ്പ് കണക്കിലെടുത്ത് സ്ഥാനാര്‍ഥികളെ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പയ്യന്നൂരില്‍ സി കൃഷ്ണന് വീണ്ടും അവസരം നല്‍കാന്‍ തീരുമാനിച്ചത് ഇതുകൊണ്ടാണ്. പ്രാദേശിക ഘടകങ്ങളില്‍ നിന്ന് ഉണ്ടായിട്ടുള്ള എതിര്‍പ്പ് മുഖവിലക്കെടുക്കാതെയാണ് സി കൃഷ്ണനെ വീണ്ടും ഗോദയിലിറക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഒടുവില്‍ തീരുമാനമെടുത്തിരിക്കുന്നത്. പയ്യന്നൂരില്‍ കൃഷ്ണനെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കം നേരത്തെ ശക്തമായ പ്രതിഷേധമാണുണ്ടാക്കിയത്.
ആറന്മുള, കൊല്ലം മണ്ഡലങ്ങളില്‍ സി പി എം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിനെതിരെയും വലിയ തോതിലുള്ള പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. പ്രതിഷേധ പ്രകടനം നടത്തിയും പോസ്റ്ററുകള്‍ പതിച്ചുമാണ് പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞ് ചലച്ചിത്ര താരങ്ങള്‍ക്കും പാര്‍ട്ടി അംഗത്വം പോലും ഇല്ലാത്തവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ഒരുക്കുന്നതിനെതിരെ സി പി എമ്മിന്റെ താഴെത്തട്ടില്‍ നിന്ന് ഉയരുന്നത് ശക്തമായ എതിര്‍പ്പിന്റെ സ്വരമാണ്.
തിരഞ്ഞെടുപ്പ് നീണ്ടത് മൂലം സ്ഥാനാര്‍ഥി നിര്‍ണയത്തിന് ലഭിച്ച സമയവും സാവകാശവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ ഇടത്- വലത് മുന്നണികള്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
മാത്രവുമല്ല, ഇരു മുന്നണികളെയും സംബന്ധിച്ച് നിര്‍ണ്ണായകമായ കേസുകള്‍ പലതും കോടതിയിലാണ്. അതിന്‍മേലുള്ള തീരുമാനങ്ങള്‍ ചിലപ്പോള്‍ തിരഞ്ഞെടുപ്പ് രംഗം തന്നെ മാറ്റിമറിക്കുന്നതാകാം. രാഷ്ട്രീയസാഹചര്യങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും മാറിക്കൊണ്ടിരിക്കുന്നതും കക്ഷിനേതാക്കളില്‍ ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവും എങ്ങുമെത്തിയിട്ടില്ല. സ്ഥാനാര്‍ഥിനിര്‍ണയം നേരത്തേയുണ്ടായാല്‍ അത് പാര്‍ട്ടിക്കുള്ളിലെ വിമതനീക്കങ്ങള്‍ക്ക് ശക്തി വര്‍ധിപ്പിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ബി ജെ പിയാകട്ടെ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കി എത്രയും വേഗം പ്രചാരണരംഗത്തിറങ്ങാനാണ് ശ്രമിക്കുന്നത്.
വെള്ളാപ്പള്ളി നടേശനെ പോലെ അനുനിമിഷം നിലപാടുകള്‍ മാറ്റുന്ന ബി ഡി ജെ എസ് നേതൃത്വം സഖ്യകക്ഷിയായ ബി ജെ പിക്ക് എന്തൊക്കെ തലവേദനയുണ്ടാക്കുമെന്ന് കാത്തിരുന്നുകാണണം. തിരഞ്ഞെടുപ്പ് നീണ്ടത് പ്രചാരണവിഷയങ്ങള്‍ പലതും മാറിമറിയാനും ഇടയാക്കും. വി എസും പിണറായിയും ഒന്നിച്ച് ജനവിധി തേടുന്നുവെന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത.
ഏപ്രില്‍ അവസാനം തിരഞ്ഞെടുപ്പുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. വേനല്‍ച്ചൂടില്‍ നാടുരുകുന്ന മാസങ്ങളാണ് ഏപ്രില്‍, മെയ്. വരള്‍ച്ചയും സുര്യാഘാതവും ഇപ്പോള്‍ത്തന്നെ രൂക്ഷമായി തുടരുകയാണ്. പലയിടത്തും കുടിവെള്ളം കിട്ടാക്കനിയാണ്. ഇത് പ്രാദേശികമായി തിരഞ്ഞെടുപ്പിനെയും ബാധിക്കും. രണ്ട് മാസത്തെ പ്രചാരണം ആകുന്നതോടെ തിരഞ്ഞെടുപ്പ് ചെലവ് ഇരട്ടിക്കുമെന്ന ആശങ്കയും പാര്‍ട്ടികള്‍ക്കുണ്ട്.

Latest