തലയില്‍ കൈവെപ്പിച്ചനുഗ്രഹിപ്പിച്ച സാംസ്‌കാരിക നായകന്‍

Posted on: March 21, 2016 4:45 am | Last updated: March 20, 2016 at 11:47 pm
SHARE

puravrtham slegകൊച്ചി: 1987ലെ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഇടതുസ്വതന്ത്രനായി ഒരു സാംസ്‌കാരിക നായകന്‍ മത്സരിക്കുകയാണ്. കോണ്‍ഗ്രസിന്റെ കോട്ടയായ എറണാകുളം പിടിക്കാന്‍ സാംസ്‌കാരിക പ്രമുഖനെ ഇറക്കിയ സി പി എം പ്രചാരണ രംഗത്ത് പതിനെട്ടടവും പയറ്റി. സ്ഥാനാര്‍ഥിയുടെ വഴികാട്ടികൂടിയായ നവോത്ഥാനനായകന്‍ സഹോദരന്‍ അയ്യപ്പന്റെ ഭാര്യ പാര്‍വതി അയ്യപ്പന്‍ സ്ഥാനാര്‍ഥിയെ അനുഗ്രഹിക്കുന്ന ചിത്രം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
പ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞു. അന്ന് വൈകുന്നേരം സാംസ്‌കാരിക നായകനെയും കൂട്ടി മുതിര്‍ന്ന പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറും രവിപുരത്തെ സഹോദരന്‍ അയ്യപ്പന്റെ വീട്ടിലെത്തി. സഹോദരന്റെ ഭാര്യ പാര്‍വതി അയ്യപ്പന്‍ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം അബോധാവസ്ഥയില്‍ കിടക്കുകയാണ്. തലയിണ വെച്ച് പാര്‍വതി അയ്യപ്പനെ കൂടെയുള്ളവര്‍ താങ്ങിയിരുത്തി. അടുത്ത നിമിഷം പത്രപ്രവര്‍ത്തകന്‍ പാര്‍വതി അയ്യപ്പന്റെ കൈ എടുത്ത് സ്ഥാനാര്‍ഥിയുടെ തലയില്‍ വെക്കുന്നു. സ്ഥാനാര്‍ഥി കൈകള്‍കൂട്ടിപ്പിടിക്കുന്നു. ഫോട്ടോഗ്രാഫര്‍ കൃത്യതയോടെ ഈ രംഗം ക്യാമറയില്‍ പകര്‍ത്തുന്നു. പിറ്റേന്ന് പാര്‍ട്ടി പത്രത്തില്‍ വലിയ പ്രാധാന്യത്തോടെ ചിത്രം വന്നു. നീ ജയിച്ചുവാ എന്ന് സ്ഥാനാര്‍ഥിയെ പാര്‍വതി അയ്യപ്പന്‍ ആശീര്‍വദിക്കുന്ന അടിക്കുറിപ്പും. ബോധമില്ലാതെ കിടക്കുന്ന പാര്‍വതി അയ്യപ്പനെക്കൊണ്ട് തലയില്‍ കൈവെപ്പിച്ച് അനുഗ്രഹം നേടിയെടുത്ത സംഭവം മറ്റ് പത്രക്കാര്‍ അറിഞ്ഞു. പക്ഷെ എന്തുകൊണ്ടോ അവരത് അവഗണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here