Connect with us

Kannur

ആരവം ഉയരും മുമ്പേ വി ഐ പിയെ തേടി

Published

|

Last Updated

കണ്ണൂര്‍: പതിനാലാം കേരള നിയമസഭയില്‍ സഭാ നായകനായ മുഖ്യമന്ത്രിയെ ഇത്തവണ കണ്ണൂര്‍ സംഭാവന ചെയ്യുമോ? നിയമസഭാ തിരഞ്ഞെടുപ്പിന് ആരവം ഉയരും മുമ്പേ കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്. ഇ കെ നായനാര്‍ക്കും ആര്‍ ശങ്കറിനും പിന്‍ഗാമിയായി കണ്ണൂരിന് സ്വന്തം മുഖ്യമന്ത്രിയെ കിട്ടുമോയെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. 1996ല്‍ മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുനിന്ന ഇ കെ നായനാര്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്ന ശേഷമാണ് മുഖ്യമന്ത്രിയായത്. അതേവര്‍ഷം തലശ്ശേരിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് ജയിച്ചത്. കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ചാണ് ആര്‍ ശങ്കര്‍ കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായത്. ഈ നിരയിലേക്ക് കണ്ണൂരില്‍നിന്ന് ഇത്തവണ മുഖ്യമന്ത്രിയുണ്ടാകുമെന്നുതന്നെയാണ്‌രാഷ്ട്രീയ നിരീക്ഷകരില്‍ ചിലര്‍ കണക്കുകൂട്ടുന്നത്. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച കൊഴുക്കുന്നത്. സിപിഎമ്മിന് അടിത്തറയുള്ള ധര്‍മടം മണ്ഡലത്തില്‍ നിന്നാണ് പിണറായിജനവിധി തേടുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ഭരണത്തുടര്‍ച്ചക്ക് തടയിട്ടത് മൂന്ന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതാണ്. അഴീക്കോട്, കൂത്തുപറമ്പ്, പേരാവൂര്‍ എന്നിവയാണ്. അഴീക്കോട് എം എല്‍ എ ആയിരുന്ന എം പ്രകാശന്‍ മാസ്റ്ററെ മുസ്‌ലിം ലീഗിലെ കെ എം ഷാജിയും പേരാവൂരില്‍ സിറ്റിംഗ് എം എല്‍ എയായിരുന്ന കെ കെ ശൈലജ ടീച്ചറെ കോണ്‍ഗ്രസിലെ അഡ്വ. സണ്ണി ജോസഫുമാണ് പരാജയപ്പെടുത്തിയത്. ഐ എന്‍ എല്ലിന് നല്‍കിയ കൂത്തുപറമ്പ് സീറ്റില്‍ പാര്‍ട്ടി പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ ജനതാദളിലെ കെ പി മോഹനനോട് അടിയറവ് പറഞ്ഞു.
തലശ്ശേരി, മട്ടന്നൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി, ധര്‍മടം, തളിപ്പറമ്പ് എന്നീ സിറ്റിംഗ് മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം കഴിഞ്ഞതവണ കൈവിട്ട അഴീക്കോടും കൂത്തുപറമ്പും തിരിച്ചുപിടിക്കാമെന്നും എല്‍ ഡി എഫ് കണക്കുകൂട്ടുന്നുണ്ട്. കഴിഞ്ഞതവണ എം പ്രകാശന്‍ മാസ്റ്ററെ 493 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ എം ഷാജി പരാജയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണ അഴീക്കോട് സീറ്റില്‍ എല്‍ ഡി എഫ് വിജയം പ്രതീക്ഷിക്കുന്നുണ്ട്.
ഇരിക്കൂര്‍ മണ്ഡലം കോണ്‍ഗ്രസിന്റെ ഇളകാത്ത കോട്ടയാണ്. ഇവിടെനിന്ന് 11,757 വോട്ടിന്റെ ഭൂരിപക്ഷമാണ് മന്ത്രി കെ സി ജോസഫിന് കിട്ടിയത്. ജില്ലയിലെ രാഷ്ട്രീയകാലാവസ്ഥയില്‍ കണ്ണൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് എന്നീ യു ഡി എഫ് മണ്ഡലങ്ങളില്‍ ശക്തമായ മത്സരത്തിനാണ് സാധ്യത. പ്രഥമ കണ്ണൂര്‍ കോര്‍പറേഷന്‍ യു ഡി എഫിന് നഷ്ടപ്പെടാനിടയാക്കിയ അനൈക്യം മുതലെടുത്ത് കണ്ണൂരില്‍ ശക്തമായ പോരാട്ടം കാഴ്ച വെക്കാനാണ് ഇടതുമുന്നണി പാളയത്തിലെ ഒരുക്കം.
കണ്ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്- ലീഗ് നേതൃത്വങ്ങള്‍ തമ്മില്‍ പ്രശ്‌നമില്ലെങ്കിലും താഴത്തെട്ടില്‍ അകല്‍ച്ച രൂക്ഷമാണ്. 6443 വോട്ടിന്റെ ഭൂരിപക്ഷമാണ് എ പി അബ്ദുല്ല ക്കുട്ടി നേടിയത്. പേരാവൂര്‍ മണ്ഡലത്തില്‍ അഡ്വ. സണ്ണി ജോസഫ് 3440 വോട്ടിനാണ് കെ കെ ശൈലജ ടീച്ചറെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പി മണ്ഡലത്തില്‍ നേട്ടംകൊയ്തിട്ടുണ്ട്. കോണ്‍ഗ്രസ് വോട്ടുകളുടെ ചോര്‍ച്ചയില്‍നിന്നാണ് ബി ജെ പി ഇരിട്ടി നഗരസഭയിലടക്കം നേട്ടമുണ്ടാക്കിയത്. ആഞ്ഞുപിടിച്ചാല്‍ എല്‍ ഡി എഫിന്റെ ജയസാധ്യതയും തള്ളിക്കളയാനാവില്ല.
സോഷ്യലിസ്റ്റ് ജനതയുടെ ജില്ലയിലെ ശക്തികേന്ദ്രമായ പഴയ പെരിങ്ങത്തൂര്‍ മണ്ഡലത്തിന്റെ ബലത്തിലാണ് കൂത്തുപറമ്പ് മണ്ഡലം യു ഡി എഫ് നേടിയത്. രക്തസാക്ഷികളുടെ മണ്ഡലം കൈവിട്ടുപോയതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ജില്ലയില്‍ നേരിട്ട ഏറ്റവുംവലിയ തിരിച്ചടി. പി ആര്‍ കുറുപ്പിന്റെ തട്ടകം ഉള്‍പ്പെട്ട മണ്ഡലമായിട്ടും കൂത്തുപറമ്പില്‍ 3303 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് മന്ത്രി കെ പി മോഹനന് നേടാനായത്. തദ്ദേശതിരഞ്ഞെടുപ്പില്‍ ഏഴായിരത്തിലധികം വോട്ടുകള്‍ എല്‍ ഡി എഫിന് നേടാനായിട്ടുണ്ട്. ഇതാണ് ഇത്തവണ കൂത്തുപറമ്പ് തിരിച്ചുപിടിക്കാമെന്ന ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. . പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ധര്‍മടം, തലശ്ശേരി, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ ഇടതുമുന്നണി വിജയിച്ചത് വന്‍ ഭൂരിപക്ഷത്തിനാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളിലെല്ലാം എല്‍ ഡി എഫിന് ഗണ്യമായ തോതില്‍ വോട്ട് വര്‍ധിച്ചിട്ടുണ്ട്.
കോണ്‍ഗ്രസില്‍നിന്നുള്ള വോട്ടുചോര്‍ച്ചയുടെ ഫലമായാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബി ജെ പി നേട്ടം കൊയ്തത്. തലശ്ശേരി നഗരസഭയിലെ ബി ജെ പി മുന്നേറ്റം ഇതിനുദാഹരണം. 2014ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബി ജെ പിക്ക് 1,04,000 വോട്ടുകളാണ് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 1,31,426 വോട്ടുകളും.
കെ സി ജോസഫ് ഇരിക്കൂറില്‍ തന്നെ ജനവിധി തേടുമെന്നാണ് സൂചന. . പേരാവൂരില്‍ അഡ്വ. സണ്ണിജോസഫിന് നറുക്കുവീഴാനാണ് സാധ്യത. ഇടതുമുന്നണി ജില്ലയില്‍ ഒന്നോ രണ്ടോ വനിതകള്‍ക്ക് സീറ്റ് നല്‍കാനും സാധ്യതയുണ്ട്.
എസ് എന്‍ ഡി പിപോലുള്ള സംഘടനകള്‍ക്കൊന്നും വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന സാഹചര്യം ജില്ലയില്‍ ഇല്ല. ജാതി- മത ശക്തികളല്ല ഇവിടെ വിജയ- പരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. മറിച്ച് കൊടും വേനലിനേക്കാളും തിളച്ചുമറിയുന്ന രാഷ്ട്രീയമാണ്. കണ്ണൂരില്‍ നിര്‍ണായക സ്വാധീനംചെലുത്താന്‍ ഇത്തരം സംഘടനകള്‍ക്ക് കഴിയില്ല. എസ് ഡി പി ഐ നേടുന്ന വോട്ടുകള്‍ ലീഗിനും അതുവഴി യു ഡി എഫിനുമാണ് നഷ്ടംവരുത്തുന്നത്.
കണ്ണൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച പി കെ രാഗേഷ് യു ഡി എഫിന് ഭീഷണിയായി വീണ്ടും രംഗത്തെത്തുണ്ട്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അഴീക്കോട് മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കാനാണ് രാഗേഷിന്റെ നീക്കം. വിജയിക്കാന്‍ സാധ്യമല്ലെങ്കിലും എതിരാളിക്ക് ലഭിക്കുന്ന വോട്ടില്‍ കുറവുണ്ടാക്കാന്‍ രാഗേഷിന് കഴിയുമെന്നത് യു ഡി എഫില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്.