സ്ഥാനാര്‍ഥിത്വം: തിരൂരില്‍ സി പി എമ്മിനെ വിമര്‍ശിച്ച് ടി ഡി എഫിന്റെ പ്രതിഷേധ പോസ്റ്ററുകള്‍

Posted on: March 19, 2016 11:37 am | Last updated: March 19, 2016 at 11:37 am

2തിരൂര്‍: സി പി എമ്മിനെ വിമര്‍ശിച്ച് ടി ഡി എഫിന്റെ പേരില്‍ നഗരത്തില്‍ പോസ്റ്ററുകള്‍. നഗരസഭ, സിവില്‍ സ്റ്റേഷന്‍, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷമായത്.
മണ്ഡലത്തില്‍ സിപിഎം, ടി ഡി എഫ് നേതാക്കളില്‍ ആരെ സ്ഥാനാര്‍ഥിയാക്കണം എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പോസ്റ്ററുകള്‍ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. സംഭവം അറിഞ്ഞതോടെ പോസ്റ്ററുകള്‍ ഇടതു പ്രവര്‍ത്തകരെത്തി കീറിക്കളയുകയായിരുന്നു. നിലവില്‍ തിരൂര്‍ ഡെവലപ്‌മെന്റ് ഫോറം (ടി ഡി എഫ്) ജനറല്‍ കണ്‍വീനര്‍ ഗഫൂര്‍ പി ലില്ലീസിനെയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂട്ടായി ബശീറിനുമാണ് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത്. എന്നാല്‍ വ്യവസായിയും ടി ഡി എഫ് നേതാവുമായ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സി പി എം ഏരിയാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നേതൃത്വം ഇടപെട്ട് അനുനയ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ടി ഡി എഫിന്റെ പേരില്‍ ഉയര്‍ന്ന പോസ്റ്ററുകള്‍ പുതിയ വിവാദം വിളിച്ചു വരുത്തുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരൂര്‍ നഗരസഭാ ഭരണം പിടിച്ചെടുക്കാന്‍ നിര്‍ണായക ശക്തികളായത് ടി ഡി എഫ് സ്ഥാനാര്‍ഥികളായിരുന്നു. അന്ന് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി ഗഫൂറിനെ പരിഗണിച്ചിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില നീക്കു IMG_20160318_200232 copyപോക്കിനു സി പി എമ്മും ടി ഡി എഫും തയ്യാറാവുകയായിരുന്നു. എന്നാല്‍ നിയമസഭാ സ്ഥാനാര്‍ഥിയെ തീരുമാനമാകാതെ ചര്‍ച്ചകള്‍ അനന്തമായി നീളുന്ന സാഹചര്യത്തിലാണ് സി പി എമ്മിനെ കടന്നാക്രമിക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷമായിരിക്കുന്നത്. പോസ്റ്ററുകളിലെ വാചകങ്ങളിങ്ങനെ: ‘ലില്ലി ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സംസാരിക്കുന്ന സഖാക്കളെ, നിങ്ങളുടെ ഏരിയ നേതാവ് ഗിരീഷ് നഗരസഭ ചെയര്‍മാനായത് ഞങ്ങളുടെ കൗണ്‍സിലര്‍മാരുടെ കൂടി പിന്തുണ കൊണ്ടാണെന്ന് മറക്കരുത്’ ‘ 15 വര്‍ഷം മുസ്‌ലിംലീഗ് അട്ടിപ്പേറികിടന്ന തിരൂരിലെ നഗരസഭാ ഭരണം പിടിച്ചെടുക്കാന്‍ മുന്നില്‍ നിന്നും പോരാടിയത് ഞങ്ങളുടെ പ്രിയ നേതാവ് ഗഫൂറാണെന്നകാര്യം മറക്കേണ്ട, സഖാക്കളേ…തലമറന്ന് എണ്ണതേക്കരുത്്’. സി പി എം ഏരിയ കമ്മിറ്റി അംഗങ്ങളായ ചിലരും ഡി വൈഎഫ് ഐ നേതാക്കളുമാണ് ഗഫൂറിന് സ്ഥാനാര്‍ഥിത്വം നല്‍കുന്നതില്‍ യോഗത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്നും പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം സ്ഥാനാര്‍ഥി നിര്‍ണയം അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ഇവര്‍ ഉന്നയിച്ച വാദം.
എന്നാല്‍ ഇതേ നാണയത്തില്‍ സി പി എമ്മിനെ വിമര്‍ശിച്ച് ടി ഡി എഫിന്റെ പേരില്‍ പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത് വരും ദിവസങ്ങളില്‍ കൂടുതല്‍ പരസ്യ പ്രതികരണങ്ങളിലേക്ക് എത്തിയേക്കും. അതേസമയം സി പി എമ്മില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ലീഗുകാര്‍ പതിച്ച പോസ്റ്ററുകളാകാമെന്ന് സി പി എം ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി പ്രതികരിച്ചു. സംഭവത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പഠിച്ച ശേഷം പിന്നീട് പറയാമെന്നും അദ്ദേഹം അറിയിച്ചു.