Connect with us

Kerala

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം

Published

|

Last Updated

തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തിലെ രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു. ചെടികളില്‍ തളിക്കുന്ന ക്ലോര്‍പിരിഫോസ് എന്ന കീടനാശിനിയും മീഥൈല്‍ ആല്‍ക്കഹോള്‍, ഈഥൈല്‍ ആല്‍ക്കഹോള്‍ എന്നിവയും മണിയുടെ ശരീരത്തില്‍ കണ്ടെത്തിയത് മരണത്തിലുള്ള ദരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്. മരണത്തില്‍ ദുരൂഹതയുള്ളതായും സുഹൃത്തകള്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നും ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുള്ള ഭാര്യ നിമ്മിയുടെയും സഹോദരന്‍ രാമകൃഷ്ണന്റെയും പ്രതികരണത്തെ തുടര്‍ന്ന് ഐ ജി. എം ആര്‍ അജിത്കുമാര്‍ മണിയുടെ വീടും പാഡിയും സന്ദര്‍ശിച്ചു. ഡി വൈ എസ് പി. കെ എസ് സുദര്‍ശനന്‍, ചാലക്കുടി ഡി വൈ എസ് പി. എസ് സാജു, ചാലക്കുടി സി ഐ ക്രിസ്പിന്‍ സാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് ഉദ്യോഗസ്ഥ സംഘം പാഡി സന്ദര്‍ശിച്ച് പരിശോധന നടത്തി. ആവശ്യം വന്നാല്‍ അന്വേഷണ സംഘം വിപുലീക്കരിക്കുമെന്ന് ഐ ജി പറഞ്ഞു.
മണിയുടെ സുഹൃത്തുക്കളുള്‍പ്പെടെ നിരവധി പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഐ ജി പറഞ്ഞു. മണിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴത്തെ രക്ത, മുത്ര സാമ്പിളുകള്‍ കോടതിയുടെ നിര്‍ദേശപ്രകാരം വീണ്ടും പരിശോധനക്ക് അയക്കാാന്‍ തീരുമാനിച്ചു. കാക്കനാട്ടുള്ള ലാബോറട്ടറിയില്‍ എത്രയും വേഗം പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇത്രയധികം കീടനാശിനിയും മറ്റും ശരീരത്തില്‍ എത്തണമെങ്കില്‍ ആരെങ്കിലും കൊടുക്കാതെ വരില്ലെന്നാണ് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Latest