ലോകത്തെ പത്തു മികച്ച വിമാനത്താവളങ്ങളില്‍ ഹമദും

Posted on: March 18, 2016 8:12 pm | Last updated: March 21, 2016 at 7:49 pm
സ്‌കൈട്രാക്‌സ് അംഗീകാരപത്രം ഹമദ് വിമാനത്താവള അധികൃതര്‍ ഏറ്റുവാങ്ങുന്നു
സ്‌കൈട്രാക്‌സ് അംഗീകാരപത്രം ഹമദ് വിമാനത്താവള അധികൃതര്‍ ഏറ്റുവാങ്ങുന്നു

ദോഹ: ലോകത്തെ മുന്തിയ നിലാവാരമുള്ള പത്ത് എയര്‍പോര്‍ട്ടുകളില്‍ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളവും ഇടം പിടിച്ചു. സ്‌കൈട്രാക്‌സ് കണ്‍സള്‍ട്ടന്‍സിയാണ് എയര്‍പോര്‍ട്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. സ്‌കൈട്രാക്‌സ് റാങ്കിംഗില്‍ ഇതാദ്യമായാണ് ഒരു മിഡില്‍ ഈസ്റ്റ് എയര്‍പോര്‍ട്ട് ഇടം പിടിക്കുന്നത്. യാത്രക്കാരുടെ സംതൃപ്തിയാണ് ഹമദിനെ മുന്‍നിരയിലെത്തിച്ചത്.
17 ബില്യന്‍ ഡോളര്‍ ചെലവില്‍ നിര്‍മിച്ച എയര്‍പോര്‍ട്ട് 2014ലാണ് യാത്രക്കാര്‍ക്കായി തുറന്നത്. കഴിഞ്ഞ വര്‍ഷം 30 ദശലക്ഷം യാത്രക്കാരാണ് എയര്‍പോര്‍ട്ട് ഉപയോഗിച്ചത്. ദേശീയ വിമാന കമ്പനിയായ ഖത്വര്‍ എയര്‍വേയ്‌സിന്റെ വളര്‍ച്ചയെക്കൂടി സ്വാധീനിക്കുന്ന വിധമാണ് ഹമദ് എയര്‍പോര്‍ട്ട് വികസിക്കുന്നത്. 76 ദശലക്ഷം ഡോളര്‍ ചെലവിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും ഹമദില്‍ ആസൂത്രണത്തിലുമുണ്ട്. കഴിഞ്ഞ നവംബറിലാണ് എയര്‍പോര്‍ട്ടില്‍ പുതിയ ടാക്‌സി വേ പ്രഖ്യാപിച്ചത്.
സിംഗപ്പൂരിലെ ചാംഗി എയര്‍പോര്‍ട്ടാണ് സ്‌കൈട്രാക്‌സ് റാങ്കിംഗില്‍ മുന്നില്‍. നാലാം തവണയാണ് സിംഗപ്പൂര്‍ എയര്‍പോര്‍ട്ട് ലിസ്റ്റില്‍ ഒന്നാമതാകുന്നത്. സിയോളിലെ ഇന്‍ചിയോന്‍ എയര്‍പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. മുനിഷ് എയര്‍പോര്‍ട്ടാണ് മൂന്നാം സ്ഥാനത്ത്. മേഖലയിലെ ഏഴ് എയര്‍പോര്‍ട്ടുകള്‍ ആദ്യ പത്തിലുണ്ട്. സ്‌കൈട്രാക്‌സ് പട്ടികയില്‍ ഖത്വര്‍ എയര്‍വേയ്‌സിനെ ബെസ്റ്റ് എയര്‍വേയ്‌സ് ആയി തിരഞ്ഞെടുത്തിട്ടുണ്ട്.