ഖത്വറിലെ മൂന്നു ബേങ്കുകള്‍ ലയിക്കുന്നു

Posted on: March 18, 2016 8:09 pm | Last updated: March 21, 2016 at 7:49 pm

bankദോഹ : ഖത്വറിലെ മൂന്നു ബേങ്കുകള്‍ ലയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അല്‍ ഖലീജ് കൊമേഴ്‌സ്യല്‍ ബേങ്ക്, അഹ്‌ലി ബേങ്ക്, ഇന്റര്‍നാഷനല്‍ ബേങ്ക് എന്നിവയാണ് ഒന്നാകാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഗള്‍ഫിലെ ബേങ്കിംഗ് ചരിത്രത്തില്‍ അപൂര്‍വമായ ലയനത്തിനാണ് കളമൊരുങ്ങുന്നത്. 30 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള ബേങ്കുകളാണ് ലയനത്തിനു വേണ്ടി ശ്രമിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എണ്ണവിലയിടിവിനെത്തുടര്‍ന്നുള്ള സാമ്പത്തിക സാഹചര്യങ്ങളില്‍ ബേങ്കുകള്‍ കൂടുതല്‍ സുരക്ഷിതമാകേണ്ട സാഹചര്യംകൂടി പരിഗണിച്ചാണ് ലയന നീക്കം. ഓഹരിയുടമകളുടെ താത്പര്യങ്ങള്‍കൂടി സംരക്ഷിച്ചുകൊണ്ട് ലയനത്തിന് നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2.4 മില്യന്‍ ജനസംഖ്യയുള്ള ഖത്വറില്‍ 18 പ്രാദേശിക, രാജ്യാന്തര ബേങ്കുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതില്‍ മൂന്നു ബേങ്കുകളാണ് ലയനശ്രമത്തില്‍. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായി ഫോണിലോ ഇ മെയില്‍ മുഖേനയോ പ്രതികരിക്കാന്‍ ബേങ്ക് പ്രതിനിധികള്‍ സന്നദ്ധമായില്ലെന്ന് റോയിട്ടേഴ്‌സ് പറയുന്നു.
ലയനം സാധ്യമായാല്‍ 120 ബില്യന്‍ റിയാല്‍ വരെ ആസ്തിയുള്ള ബേങ്കായി ഇതുമാറും. ഇത് രാജ്യത്തെ മൂന്നാമത്തെ വലിയ ബേങ്കായ കൊമേഴ്‌സ്യല്‍ ബേങ്കിന്റെ ആസ്തിക്കു തുല്യമാണ്. അഥവാ ലയനത്തിലൂടെ രാജ്യത്തെ മൂന്നാമത്തെയോ നാലാമത്തെയോ വലിയ ബേങ്ക് അകാനുള്ള ശ്രമത്തിലാണ് സ്ഥാപനങ്ങള്‍. ലയനം സംബന്ധിച്ചുള്ള വില പേശലുകള്‍ നടന്നു വരികയാണ്. ഇതു മൂന്നു ബേങ്കുകള്‍ക്കും നിക്ഷേപകര്‍ക്കും ഗുണം ലഭിക്കുന്ന രീതിയിലുള്ള ഇടപാട് ഫോര്‍മുലക്കു വേണ്ടിയുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
അല്‍ ഖലീജ് കൊമേഴ്‌സ്യല്‍ ബേങ്കും ഐ ബി ക്യുവും തമ്മില്‍ നേരത്ത ലയന ചര്‍ച്ച നടന്നിരുന്നു. ഒരു വര്‍ഷം നീണ്ട ചര്‍ച്ചക്കൊടുവില്‍ 2011ല്‍ ലയന നീക്കം വേണ്ടെന്നു വെക്കുകയായിരുന്നു. സ്വകാര്യ സംഭാഷണങ്ങള്‍ എന്ന രീതിയിലാണ് ഇപ്പോള്‍ ചര്‍ച്ച നടത്തിവരുന്നതെന്ന് പേരുകള്‍ വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ മൂന്നു ബേങ്കുകളുടെയും പ്രതിനിധികള്‍ പറഞ്ഞു. പ്രധാന ഓഹരിയുടമകളുടെ പിന്തുണകൂടി ഉറപ്പാക്കുന്നതിനുള്ള ശ്രമവും മൂന്നു ബേങ്കുകളും നടത്തി വരുന്നുണ്ട്. ലയനത്തിന്റെ കാരണങ്ങള്‍ ബേങ്ക് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങള്‍ ലയനത്തിനു അവസരം സൃഷ്ടിക്കുവെന്നാണ് പറയുന്നത്. പ്രാഥമിക ചര്‍ച്ചകള്‍ പുരോഗതി പ്രാപിച്ചാല്‍ ബേങ്കുകള്‍ ലയനത്തിന്റെ സാങ്കേതിക ഘട്ടത്തിലേക്കു കടക്കും. ഉടമസ്ഥാവകാശ വിഭജനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടുത്ത ഘട്ടത്തിലാണ് വരികയെന്ന് ഒരു ബേങ്ക് വക്താവ് പറഞ്ഞു.
ലയനത്തിനു ശ്രമിക്കുന്ന ബേങ്കുകളില്‍ അല്‍ ഖലീജ് ആണ് വലുത്. ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ 39.99 ശതമാനം ഉടമസ്ഥത ബേങ്കിനുണ്ട്. അഹ്‌ലി ബേങ്കിന് 29.4 ശതമാനം ഖത്വര്‍ ഫൗണ്ടേഷന്‍ ഉടമസ്ഥതയുണ്ട്. ഇന്റര്‍നാഷനല്‍ ബേങ്ക് ഖത്വര്‍ മുതിര്‍ന്ന ഖത്വരി രാജകുടുംബാംഗങ്ങള്‍ക്ക് ഓഹരിയുള്ള ബേങ്കാണ്. ലയനം നടക്കുകാണെങ്കില്‍ അതുവഴിയുണ്ടാകുന്ന നേട്ടത്തിന് മൂന്നു ബേങ്കുകളുടെയും ഓഹരിയുടമകള്‍ അര്‍ഹരായിരിക്കുമെന്ന് ബേങ്കിംഗ് മേലയിലെ വിദഗ്ധര്‍ പറയുന്നു.
ചെറിയ ബേങ്കായി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ആസ്തി കൂടുതലുള്ള ബേങ്കുകള്‍ക്ക് സുരക്ഷിതത്വം കൂടുതലാണെന്നാണ് സെന്‍ട്രല്‍ ബേങ്ക് നിലപാട്.