സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് ആര്‍.എസ്.എസ്

Posted on: March 18, 2016 11:47 am | Last updated: March 19, 2016 at 9:02 am

RSSന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത കുറ്റമായി പരിഗണിക്കേണ്ടതില്ലെന്ന് ആര്‍.എസ്.എസ്. ഒരാളുടെ ലൈംഗിക താല്‍പര്യങ്ങള്‍ മറ്റൊരു വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാത്തപക്ഷം അതേക്കുറിച്ച് ആരും വേവലാതിപ്പെടേണ്ടതില്ല. ഇക്കാര്യങ്ങളെല്ലാം ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളാണെന്ന് ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസ്ബലേ പറഞ്ഞു.

ഇന്ത്യ ഇപ്പോഴും പിന്തുടരുന്ന കൊളോണിയല്‍ നിയമങ്ങളാണ് സ്വവര്‍ഗ ലൈംഗികത പാപമായി കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്നും ഇത്തരം നിയമങ്ങള്‍ റദ്ദ് ചെയ്യാന്‍ നമ്മുടെ സര്‍ക്കാരുകള്‍ മുന്‍കയ്യെടുക്കണമെന്നുമാണ് ആര്‍.എസ്.എസ് ആവശ്യപ്പെടുന്നത്.
സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ആര്‍എസ് നിലപാട് വ്യക്തമാക്കിയത്. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് 2009ല്‍ ദില്ലി ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി 2013ല്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം 377ആം വകുപ്പനുസരിച്ച് കുറ്റകൃത്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സ്വവര്‍ഗരതിക്ക് ജീവപര്യന്തം ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന ഇന്ത്യാ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് സുപ്രീംകോടതി 2013ല്‍ ശരിവെച്ചിരുന്നു. സ്വവര്‍ഗ ലൈംഗികതയെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പിയിലെ ചിലരും രംഗത്തെത്തിയിട്ടുണ്ട്. പ്രശ്‌നത്തില്‍ സുപ്രീംകോടതി പഴഞ്ചന്‍ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു.