സിറിയയെ വിഭജിക്കാനുള്ള നീക്കം എതിര്‍ക്കുമെന്ന് ഖത്വര്‍

Posted on: March 17, 2016 7:37 pm | Last updated: March 17, 2016 at 7:37 pm

QNA_QatarFlag_New2728052013ദോഹ: സിറിയയെ വിഭജിക്കാനുള്ള എല്ലാ പദ്ധതികളെയും എതിര്‍ക്കുമെന്ന് ഖത്വര്‍. സിറിയയുടെ അഖണ്ഡത പരിപാലിക്കണമെന്ന നയം ഒരിക്കലും ലംഘിക്കുകയില്ലെന്നും സിറിയയെ സംബന്ധിച്ച അന്താരാഷ്ട്ര അന്വേഷണ കമ്മീഷനുമായുള്ള മനുഷ്യാവകാശ സമിതിയുടെ ചര്‍ച്ചയില്‍ സംസാരിച്ച ജനീവയിലെ യു എന്‍ ഓഫീസിലെ സ്ഥിര പ്രതിനിധി അംബാസിഡര്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ ഹെന്‍സബ് വ്യക്തമാക്കി.
അന്താരാഷ്ട്ര അന്വേഷണ കമ്മീഷനെ സിറിയയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയ ഭരണകൂടത്തിന്റെ നടപടിയെ ഖത്വര്‍ അപലപിച്ചു. സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ പര്യാപ്തമാകും വിധം സിറിയന്‍ പാര്‍ട്ടികള്‍ക്കിടയില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചക്ക് വഴിതുറക്കാന്‍ ഈ ചര്‍ച്ച ഇടയാക്കും. അത്തരമൊരു പരിഹാരങ്ങള്‍ സിറിയന്‍ ഭരണകൂടം ഒരിക്കസലും ഗൗരവപരമായി കണ്ടില്ലെന്നതാണ് വാസ്തവം. സ്വാതന്ത്ര്യവും നീതിയും മനുഷ്യാവകാശവും ഉറപ്പുവരുത്തുന്ന ജനാധിപത്യ രീതി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള സമാധാനപരമായ വിപ്ലവമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നെതെന്നതും പരിഗണിക്കേണ്ടതാണ്. 2012ല്‍ ഒന്നാം ജനീവ ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ തരാതരം മാറ്റിയ നയനിലപാടുകളാണ് സിറിയന്‍ ഭരണകൂടം സ്വീകരിച്ചത്. സൈനിക അധിനിവേശം, നഗരങ്ങള്‍ ബോംബ് വെച്ച് നശിപ്പിക്കുക, പൗരന്മാരെ പലായനത്തിന് നിര്‍ബന്ധിതരാക്കുക, നിരന്തര ഉപരോധം, ജനങ്ങളെ പട്ടിണിക്കിടുക, ദുരിതാശ്വാസ, മെഡിക്കല്‍ സഹായങ്ങള്‍ എത്തിക്കുന്നത് തടയുക, സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരപരാധികളെ തുടര്‍ച്ചയായി തടവിലാക്കുക, തടവുകാരെ ക്രൂരമായ ശിക്ഷാവിധികള്‍ക്ക് വിധേയരാക്കുക തുടങ്ങിയ സമീപനങ്ങളാണ് സിറിയന്‍ ഭരണകൂടം അനുവര്‍ത്തിച്ചത്. റിപ്പോര്‍ട്ടിന്റെ അഞ്ചാം ഭാഗത്ത് പ്രതിപാദിച്ച സിറിയയെ നശിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ചെയ്തികളില്‍ ഖത്വര്‍ ആശങ്ക രേഖപ്പെടുത്തി. സിറിയയിലെ ജനസംഖ്യ കുറക്കാനും സ്വന്തം നാട്ടില്‍ നിന്ന് ജനങ്ങളെ കുടിയിറക്കാനും വിഘടനവാദവും വിഭജനവും സൃഷ്ടിക്കാനാണ് സിറിയന്‍ ഭരണകൂടവും സഖ്യകക്ഷികളും ശ്രമിച്ചതെന്നുമുള്ള റിപ്പോര്‍ട്ടില്‍ അല്‍ ഹെന്‍സബ് ആശങ്ക രേഖപ്പെടുത്തി.