യമനില്‍ രക്തസാക്ഷികളായ സൈനികരുടെ മയ്യിത്ത് ഖബറടക്കി

Posted on: March 17, 2016 5:17 pm | Last updated: March 17, 2016 at 5:17 pm

Satelliteഅബുദാബി: യമനില്‍ രക്തസാക്ഷികളായ യു എ ഇ സൈനികരുടെ മയ്യിത്ത് യു എ ഇയില്‍ കൊണ്ടുവന്ന് ഖബറടക്കി. അബുദാബി അല്‍ ബതീന്‍ എക്‌സിക്യുട്ടീവ് വിമാനത്താവളത്തില്‍ സൈനിക ബഹുമതികളോടെയാണ് ഏറ്റുവാങ്ങിയത്. ഓപറേഷന്‍ റെസ്റ്റോറിംഗ് ഹോപ് എന്ന പേരില്‍ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂത്തി വിമതരെ തുരത്താന്‍ നടത്തുന്ന യുദ്ധത്തില്‍ കഴിഞ്ഞ ദിവസം രക്തസാക്ഷികളായ സായിദ് അലി അല്‍ കഅ്ബി (37), മുഹമ്മദ് ഉബൈദ് അല്‍ ഹമൂദി (25) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ എത്തിച്ചത്. മരിച്ച സൈനികരുടെ ഭൗതിക ശരീരം മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. സൈനികര്‍ സഞ്ചരിച്ച വിമാനം സാങ്കേതിക തകരാര്‍ കാരണം നിലം പതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറബ് സഖ്യ സേനക്ക് കീഴില്‍ യു എ ഇ സൈനികര്‍ ധീരമായ പ്രകടനമാണ് യമനില്‍ നടത്തുന്നത്. ഇപ്പോള്‍ രണ്ടാം ബാച്ചില്‍ ഉള്‍പെട്ട പട്ടാളക്കാരാണ് യമനിലെ ഔദ്യോഗിക സര്‍ക്കാരിന് പിന്തുണയുമായി അവിടെ സേവനം ചെയ്യുന്നത്. യമന്‍ പ്രതിസന്ധി ആരംഭിച്ച ശേഷം അറുപതില്‍ അധികം യു എ ഇ സൈനികരാണ് രക്തസാക്ഷികളായത്.
സായിദ് അല്‍ കഅബിയുടെ മയ്യിത്ത് നിസ്‌കാരം ഫുജൈറ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിലും മുഹമ്മദ് അല്‍ ഹമൂദിയുടെ മയ്യിത്ത് നിസ്‌കാരം ദിബ്ബ ശൈഖ് റാശിദ് ബിന്‍ അഹ്മദ് അല്‍ ഖാസിമി മസ്ജിദിലും നടന്നു.