Connect with us

Kerala

സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ കൈകോര്‍ക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: കരുണ എസ്റ്റേറ്റ് വിഷയം പരസ്യ ഏറ്റുമുട്ടലിലേക്ക് വളര്‍ന്ന സാഹചര്യത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരേ എ, ഐ ഗ്രൂപ്പുകളുടെ സംയോജിത നീക്കം. എ കെ ആന്റണിയുടെ ആഹ്വാനത്തെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ ഐക്യം തകര്‍ക്കുന്ന നടപടികളാണ് സുധീരന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നാണ് ആക്ഷേപം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന് ഇതുസംബന്ധിച്ച പരാതി നല്‍കിയതായാണു വിവരം.

സീറ്റ് വിഭജനം തുടങ്ങിയപ്പോള്‍ത്തന്നെ സുധീരന്റെ ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ഇതു പ്രതിരോധിക്കാന്‍ ഒരുമിച്ചു നീങ്ങാനും എ, ഐ ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ പി സി സി നേതൃയോഗത്തിലും അതിനു മുന്‍പും കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സുധീരന്‍ കൈക്കൊണ്ട നിലപാടുകളാണ് ഇപ്പോഴത്തെ പ്രകോപനത്തിനു കാരണം. സര്‍ക്കാരിന്റെ കൊള്ളയ്ക്കു കൂട്ടുനില്‍ക്കാന്‍ താനില്ലെന്ന സുധീരന്റെ പ്രസ്താവനയാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി നിര്‍വാഹക സമിതിയില്‍ കെ.സുധാകരനാണ് ഗ്രൂപ്പുകളുടെ വികാരം ഉയര്‍ത്തിപ്പിടിച്ച് സുധീരനെതിരേ ആഞ്ഞടിച്ചത്.
പാര്‍ട്ടിയെ ഒന്നിച്ചുകൊണ്ടുപോകാന്‍ ചുമതലപ്പെട്ട പ്രസിഡന്റ് തന്നെ അഭിപ്രായഭിന്നതയ്ക്കു തുടക്കം കുറിച്ചെന്നായിരുന്നു സുധാകരന്റെ ആരോപണം. വിവാദ വിഷയങ്ങളുടെ മെരിറ്റിലേക്ക് താന്‍ കടക്കുന്നില്ല. എന്നാല്‍ കെ പി സി സി പ്രസിഡന്റ് കഴിഞ്ഞദിവസം നടത്തിയ വികാര പ്രകടനം പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് അതു സിപിഎമ്മിന് നല്‍കിയ വടിയായിപ്പോയി. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഇത്തരമൊരു പരാമര്‍ശം പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ലായിരുന്നു. കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ നോക്കാനുളള ഉത്തരവാദിത്വം സുധീരനാണ്. മൂന്ന്‌നേതാക്കള്‍ക്കും ദിവസവും ഒന്നിച്ചുകാണാനും സംസാരിക്കാനുമുള്ള സാഹചര്യങ്ങളുണ്ടായിട്ടും ഇത്തരത്തിലൊരു പ്രസ്താവന നടത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത് ശരിയായില്ല-സുധാകരന്‍ പറഞ്ഞു.
സര്‍ക്കാറിനെ തിരുത്താനുള്ള അവകാശം കെ പി സി സി ക്ക് ഉണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത്് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നേതാക്കള്‍ ഒന്നിച്ചിരിക്കുമ്പോള്‍ തിരുത്താവുന്നതാണ്. മുന്നണിക്കു ഭരണത്തില്‍ തിരിച്ചെത്താവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനിടെ ഇത്തരം കടുത്ത പ്രയോഗങ്ങള്‍ സര്‍ക്കാരിനെതിരേ പ്രസിഡന്റ് നടത്തരുതായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇതു പ്രതിപക്ഷം പ്രചരണായുധമാക്കും. പാര്‍ട്ടിയിലെ ചര്‍ച്ചകള്‍ക്ക് രഹസ്യസ്വഭാവമില്ലെന്നത് പ്രസിഡന്റിന് അറിയാം. അതനുസരിച്ച് മാത്രം പ്രസിഡന്റ് സംസാരിക്കേണ്ടിയിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
എന്നാല്‍ കരുണ വിഷയത്തില്‍ സുധീരന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന അഭിപ്രായ പ്രകടനങ്ങളും നേതൃയോഗത്തില്‍ ഉണ്ടായി. മെത്രാന്‍കായല്‍, കരുണ എസ്‌റ്റേറ്റ്, പീരുമേടിലെ ഹോപ്പ് പ്ലാന്റേഷന്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായ സംശയങ്ങള്‍ തീര്‍ക്കണമെന്നു എന്‍ വേണുഗോപാല്‍, എ കെ കൊച്ചുമുഹമ്മദ്, സുലൈമാന്‍ റാവുത്തര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങളുണ്ടാക്കി മാധ്യമ വിചാരണയ്ക്കു അവസരം നല്‍കുന്നതു ശരിയല്ലെന്നു എന്‍ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഹൈക്കമാന്‍ഡിനു മുന്നില്‍ ഇക്കാര്യത്തില്‍ സുധീരനെതിരേ പരാതി വരുന്നതു ഗുണകരമാകുമെന്നാണു സുധീരപക്ഷത്തിന്റെ കണക്കുകൂട്ടല്‍.
അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചതു തെറ്റായി വ്യാഖ്യാനിച്ചാല്‍ അതിനുള്ള മറുപടി ഹൈക്കമാന്‍ഡ് നല്‍കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

Latest