Connect with us

National

ആയുഷ് വകുപ്പിനെതിരെ വാര്‍ത്ത; മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി:വിദേശത്തേക്കുള്ള യോഗാ പരിശീലക അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് ആയുഷ് വകുപ്പിനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ആയുഷ് വകുപ്പിലെ നിയമനങ്ങളില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളോട് വിവേചനം കാണിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട മില്ലി ഗസറ്റ് പത്രത്തിന്റെ ലേഖകന്‍ പുഷ്പ് ശര്‍മയാണ് അറസ്റ്റിലായത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആയുഷ് വകുപ്പ് മന്ത്രാലയം ഇതിനെതിരെ രംഗത്തുവന്നിരുന്നു.
ഇതിന് പിന്നാലെ ആയുഷ് മന്ത്രാലയത്തില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ചതെന്ന പേരില്‍ ഇയാള്‍ പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്ന് കാണിച്ച് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനായി ഇയാളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് വിവരം.
ലജ്പത് നഗറിലെ വസതിയില്‍ നിന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം 6.30ഓടെ ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് ശര്‍മയെ പോലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. അറിയേണ്ട വിവരങ്ങള്‍ ഫോണിലൂടെ പറയാമെന്ന് അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാതെ പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതേസമയം, അങ്ങനെയൊരാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് കോട്‌ല മുബാറക്പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അറിയിച്ചതെന്ന് മില്ലി ഗസറ്റ് അധികൃതരും ബന്ധുക്കളും പറഞ്ഞു.
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് താത്കാലികാടിസ്ഥാനത്തില്‍ വിദേശത്തേക്ക് പരിശീലകരെ അയക്കാന്‍ ആയുഷ് മന്ത്രാലയം നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍, മുസ്‌ലിം അപേക്ഷകരെ അഭിമുഖത്തിന് ക്ഷണിക്കുക പോലും ചെയ്യാതെ ഒഴിവാക്കിയെന്നായിരുന്നു പുഷ്പ് ശര്‍മ വാര്‍ത്ത നല്‍കിയത്. ഇത് ആയുഷ് വകുപ്പ് നിഷേധിച്ചു. യഥാര്‍ഥ മറുപടിയെന്ന പേരില്‍ മന്ത്രാലയം ഒരു കണക്ക് പുറത്തുവിടുകയും ചെയ്തു.
എന്നാല്‍, മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വാദിച്ച പുഷ്പ് ശര്‍മ, തനിക്ക് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖ മില്ലി ഗസറ്റിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു. ഇതിന് പിന്നാലെ ആയുഷ് വകുപ്പ് നല്‍കിയ പരാതി പ്രകാരമാണ് പോലീസ് നടപടി ഉണ്ടായിട്ടുള്ളത്.

---- facebook comment plugin here -----

Latest