Connect with us

Gulf

ദുബൈയെ ശീതീകരിക്കാന്‍ ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം നടപ്പാക്കും

Published

|

Last Updated

ദുബൈ:താമസ സ്ഥലങ്ങള്‍ക്കും വ്യവസായ കേന്ദ്രങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താനാകുന്ന നവീന ശീതീകരണ സംവിധാനമായ ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം ദുബൈയില്‍ വ്യാപകമാക്കും. ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി യോഗത്തില്‍ വൈസ് ചെയര്‍മാന്‍ സഈദ് മുഹമ്മദ് അല്‍ തായറാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതിക്കിണങ്ങിയതും വൈദ്യുതി ലാഭിക്കുന്നതുമാണ് ഈ പദ്ധതി. ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന പൈപ്പുകളില്‍ തണുത്ത വെള്ളം കടത്തിവിട്ട് കെട്ടിടങ്ങളും മറ്റും ശീതീകരിക്കുന്ന കേന്ദ്രീകൃത സംവിധാനമാണ് ഡിസ്ട്രിക്ട് കൂളിംഗ് സിസ്റ്റം. മറ്റു ശീതീകരണ സംവിധാനങ്ങളുടെ ആവശ്യമില്ലാതെ തന്നെ കെട്ടിടം എപ്പോഴും തണുത്തിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വൈദ്യുതിയോ പ്രകൃതി വാതകമോ ഉപയോഗിച്ച് ഇത് പ്രവര്‍ത്തിക്കാനാവും. ശുദ്ധ ജലമോ, കടല്‍വെള്ളമോ കടത്തിവിട്ടാണ് ശീതീകരണ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടക്കമിട്ട “ദുബൈ ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050″ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ ദുബൈക്ക് ഊര്‍ജരംഗത്ത് വന്‍ നേട്ടം കൈവരിക്കാനാകും.
പ്രത്യേക പ്ലാന്റുകള്‍ സ്ഥാപിച്ചാണ് ഈ സംവിധാനം ഒരുക്കുന്നത്. കുറഞ്ഞ അറ്റകുറ്റപ്പണിയും വൈദ്യുതിലാഭവും ദീര്‍ഘകാലം ഉപയോഗിക്കാമെന്നതും ഡിസ്ട്രിക്ട് കൂളിംഗിന്റെ പ്രത്യേകതയാണ്. കെട്ടിടങ്ങളെ ശീതീകരിച്ച പൈപ്പുകളാല്‍ ചുറ്റി ചൂട് കുറക്കുകയെന്നതാണ് ഇതിന്റെ ആശയം. അന്തരീക്ഷത്തിലെ താപനില കുറക്കാനും ദീര്‍ഘനേരം അതു നിലനിര്‍ത്താനും ഈ സംവിധാനംകൊണ്ട് സാധിക്കും. ഒന്നിലേറെ കെട്ടിടങ്ങളെ ഇതുമായി ബന്ധിപ്പിക്കാനും കഴിയും. 2030 ഓടെ ദുബൈയിലെ പ്രധാന ഷോപ്പിംഗ് മാളുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, താമസകേന്ദ്രങ്ങള്‍ എന്നിവക്കെല്ലാം ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി അധികൃതര്‍.
കൗണ്‍സില്‍ യോഗത്തില്‍ ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അഹ്മദ് ബുതി അല്‍ മുഹൈര്‍ബി, എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി സി ഇ ഒ സൈഫ് ഹുമൈദ് അല്‍ ഫലാസി, എമിറേറ്റ്സ് ഗ്ലോബല്‍ അലുമിനിയം എം ഡിയും സി ഇ ഒയുമായ അബ്ദുല്ല ബിന്‍ കല്‍ബാന്‍, ഓയില്‍ അഫയേഴ്‌സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അബ്ദുല്‍ കരീം, ദുബൈ നഗരസഭ പരിസ്ഥിതി-ആരോഗ്യ സുരക്ഷാ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ മെസ്മര്‍, ദുബൈ അണുഊര്‍ജ കമ്മിറ്റി വൈസ് ചെയര്‍മാന്‍ വലീദ് സല്‍മാന്‍, ദുബൈ സപ്ലൈ അതോറിറ്റി ജനറല്‍ മാനേജര്‍ കെയ്‌റോണ്‍ ഫെര്‍ഗ്യൂസണ്‍, ദുബൈ പെട്രോളിയം ജനറല്‍ മാനേജര്‍ ഫ്രെഡറിക് ഷെമിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest