ഷാര്‍ജ ഫ്രീ സോണ്‍ പ്രതിനിധികള്‍ അടുത്താഴ്ച കേരളം സന്ദര്‍ശിക്കും

Posted on: March 15, 2016 3:19 pm | Last updated: March 15, 2016 at 3:19 pm

VISITഷാര്‍ജ: വാണിജ്യ, വ്യവസായ സാധ്യതകള്‍ ആരായുന്നതിന്റെ ഭാഗമായി കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ 30 അംഗസംഘം ഷാര്‍ജ ഹംരിയ ഫ്രീ സോണ്‍ സന്ദര്‍ശിച്ചു.

ചേംബര്‍ പ്രസിഡന്റ് പി ഗംഗാധരന്റെ നേതൃത്വത്തില്‍ ഫ്രീ സോണിലെത്തിയ സംഘത്തെ ഹംരിയ ഫ്രീ സോണ്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ടി വി രമേശ്, സെയില്‍സ് വിഭാഗം മേധാവി ഹമദ് അല്‍ ശംസി, ഫോറിന്‍ ട്രേഡ് പ്രൊമോഷന്‍ ഓഫീസര്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഫ്രീ സോണിലെ 6,500 കമ്പനികളെപറ്റി ചോദിച്ചറിഞ്ഞ സംഘം ഒട്ടേറെ കമ്പനികള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
സംഘം ഹംരിയ ഫ്രീ സോണ്‍, ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ എന്നിവയുടെ ഡയറക്ടറായ സൗദ് സാലിം അല്‍ മസ്‌റൂഇയുമായി കൂടിക്കാഴ്ച നടത്തി. ഫ്രീസോണിലെ നിക്ഷേപകരില്‍ പകുതിയോളം ഇന്ത്യക്കാരാണെന്നും അതില്‍ തന്നെയും കൂടുതല്‍ മലയാളികളാണെന്നും പറഞ്ഞ അല്‍ മസ്‌റൂഇ അടുത്തയാഴ്ച ഫ്രീ സോണ്‍ പ്രതിനിധികള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഇരുഭാഗത്തു നിന്നും കൂടുതല്‍ സഹകരണങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും വ്യക്തമാക്കി. കേരളവും മലബാറും യു എ ഇയും തമ്മില്‍ പൗരാണിക കാലം തൊട്ടുള്ള കച്ചവട ബന്ധങ്ങളെപറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു.

ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ ഗംഗാധരന്‍ അല്‍ മസ്‌റൂഇയെ കോഴിക്കോട്ടേക്ക് ക്ഷണിക്കുകയും ചെയ്തു.
സന്ദര്‍ശന തിയ്യതി പിന്നീട് തീരുമാനിക്കും. സെക്രട്ടറി അബ്ദുല്ല മാളിയേക്കല്‍, ശ്രീരാം, ടി പി വാസു, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അല്‍ മസ്‌റൂഇയുമായി കൂടിക്കാഴ്ച നടത്തിയത്.