തിരൂരങ്ങാടിയില്‍ നിയാസ് ഇടത് സ്വതന്ത്രനായേക്കും

Posted on: March 15, 2016 11:25 am | Last updated: March 15, 2016 at 11:25 am

തിരൂരങ്ങാടി: തിരൂങ്ങാടി നിയമസഭ മണ്ഡലത്തില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പുളിക്കലകത്ത് നിയാസ് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇടത് പക്ഷത്തെ എല്ലാപാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരേ സ്വരത്തിലാണ്. സി പി ഐയുടെ സീറ്റായ ഇവിടെ നിയാസിനെ മത്സരിപ്പിക്കുന്നതില്‍ ഇടത് പക്ഷം ചിലനേട്ടങ്ങള്‍ കാണുന്നുണ്ട്. വ്യവസായിയും പൊതുപ്രവര്‍ത്തകനും എന്നതിലുപരി പൊതു സമ്മതന്‍ എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിയാസിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ രൂപംകൊണ്ട ജനകീയ വികസനമുന്നണിക്കുണ്ടായ മുന്നേറ്റമാണ് ഇടത്പക്ഷത്തിന് പ്രതീക്ഷ നല്‍കുന്നത്. ഇടത് പക്ഷത്തിന് കിട്ടാത്ത ഇരുപതിനായിരത്തോളം വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിയാസിന്റെ വ്യക്തിബന്ധങ്ങളും യു ഡി എഫിലെ പടലപ്പിണക്കവും അനുകൂല ഘടകമായതിനാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ നല്ലൊരു ശതമാനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെ കണക്കും നിയാസിന് അനുകൂലമാണത്രെ. തിരൂരങ്ങാടി നഗരസഭക്ക് പുറമെ നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി, എടരിക്കോട് പഞ്ചായത്തുകളില്‍ നിക്ഷ്പക്ഷ വോട്ടുകളിലാണ് ഏറെ പ്രതീക്ഷ. ഇടത്പക്ഷ മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ സിപിഎമ്മിനും നിയാസിന്റെ സ്ഥാനാര്‍ഥിത്വം സമ്മതമാണ്. അങ്ങനെ വരുമ്പോള്‍ തിരൂരങ്ങാടിയില്‍ കനത്തപോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. നിയാസ് മത്സരിക്കുന്നില്ലെങ്കില്‍ സി പി ഐയുടെ ഏതെങ്കിലും പ്രാദേശിക നേതാക്കളായിരിക്കും കളത്തിലിറങ്ങുക.