കള്ളപ്പണം: എന്‍ സി പി നേതാവ് ഛഗന്‍ ഭുജ്ബല്‍ അറസ്റ്റില്‍

Posted on: March 15, 2016 10:36 am | Last updated: March 15, 2016 at 10:36 am

chaganമുംബൈ: എന്‍ സി പിയുടെ മുതിര്‍ന്ന നേതാവും മഹാരാഷ്ട്ര മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ ഛഗന്‍ ഭുജ്ബലിനെ കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. ഇന്നലെ പാര്‍ട്ടി എം എല്‍ സി ജിതേന്ദ്ര അവാദിനൊപ്പം രാവിലെ 11.30 ഓടോയെയാണ് ഛഗന്‍ ഇ ഡി ഓഫീസിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. ഛഗന്‍ എത്തുന്നത് കണക്കിലെടുത്ത് ഇ ഡി ഓഫീസ് പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസിന് പുറത്ത് തടിച്ചുകൂടിയിരുന്നു. നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ച പ്രവര്‍ത്തകര്‍ ഛഗന്‍ ഭുജ്ബലിന് വേണ്ടി മുദ്രാവാക്യം മുഴക്കി. കള്ളപ്പണം തടയല്‍ നിയമപ്രകാരം ഇ ഡി ഉദ്യോഗസ്ഥര്‍ ഛഗന്‍ ഭുജ്ബലിന്റെ മൊഴിയെടുക്കുകയും ചെയ്തു. ഛഗന്റെ അനന്തരവനെ ഇതേ കേസില്‍ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഛഗന്റെ മകന്‍ പങ്കജിനെ കേസില്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു.