Connect with us

International

ഫലസ്തീന്‍ അധ്യാപികക്ക് ആഗോള അധ്യാപക പുരസ്‌കാരം

Published

|

Last Updated

ദുബൈ: ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ജീവിച്ച് അധ്യാപികയായ ഹനാന്‍ അല്‍ ഉറൂബിക്ക് ആഗോള അധ്യാപക പുരസ്‌കാരം. വര്‍ക്കി ഫൗണ്ടേഷനേര്‍പ്പെടുത്തിയ പത്ത് ലക്ഷം ഡോളറിന്റെ പുരസ്‌കാരം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും വര്‍ക്കി ഫൗണ്ടേഷന്‍ സ്ഥാപകന്‍ സണ്ണി വര്‍ക്കിയും ചേര്‍ന്നാണ് നല്‍കിയത്. സമീഹ ഖലീല്‍ ഹൈസ്‌കൂളിലെ അധ്യാപികയാണ് ഹനാന്‍. ബെത്‌ലഹേമിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ജീവിച്ച ഹനാന്‍ ഉറൂബ് ഫലസ്തീന്‍ വിമോചനത്തിനായി ശബ്ദമുയര്‍ത്തുന്ന വ്യക്തിത്വമാണ്. ഫലസ്തീന്‍ കുട്ടികളുടെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് വേണ്ടി ശ്രദ്ധേയമായ ഇടപെടലും ഇവര്‍ നടത്തിയിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ബില്‍ഗേറ്റ്‌സ്, പ്രിന്‍സ് വില്യം തുടങ്ങിയ പ്രമുഖര്‍ ഹനാന്‍ അല്‍ ഉറൂബിയെ അഭിനന്ദിച്ചു. ഇന്ത്യയിലെ ക്രാന്തിസ്‌കൂള്‍ അധ്യാപകന്‍ റോബിന്‍ ചൗരസ്യ അടക്കം 10 പേരാണ് അന്തിമപട്ടികയില്‍ ഇടം പിടിച്ചത്. പോപ്പ് ഫ്രാന്‍സിസാണ് ജേതാവിനെ പ്രഖ്യാപിച്ചത്.
അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് വളര്‍ന്ന് ഇവിടെ വരെ എത്തിയതില്‍ സന്തോഷമുണ്ടെന്നും ഒരു ഫലസ്തീനി അധ്യാപികയായതില്‍ അഭിമാനിക്കുന്നുവെന്നും ഹനാന്‍ പറഞ്ഞു. രണ്ടാം വര്‍ഷമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.

Latest