കരുണ എസ്‌റ്റേറ്റ്: നികുതി അടയ്ക്കാനുള്ള ഉത്തരവ് മന്ത്രിസഭ പുനഃപരിശോധിക്കും

Posted on: March 14, 2016 12:29 pm | Last updated: March 14, 2016 at 2:16 pm

karuna estateതിരുവനന്തപുരം: നെല്ലിയാമ്പതി കരുണ എസ്‌റ്റേറ്റിനു നികുതി അടയ്ക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് മന്ത്രിസഭ പുനഃപരിശോധിക്കും. ഇതിനു മുന്നോടിയായി അഡ്വക്കേറ്റ് ജനറലില്‍ നിന്നു നിയമോപദേശം തേടുമെന്നും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കര്‍ശനമായ നിബന്ധനകളോടെയാണ് കരം അടയ്ക്കാന്‍ അനുമതി നല്‍കിയത്. ഇക്കാര്യം ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  ഉടമസ്ഥാവകാശ രേഖയുണ്ടെങ്കില്‍ മാത്രമെ കരം അടയ്ക്കാനാവു. ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് എ.ജിയുടെ നിയമോപദേശം തേടുന്നതെന്നും റവന്യൂ മന്ത്രി പറഞ്ഞു. കരം അടയ്ക്കാനുള്ള ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്

സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. നെല്ലിയാമ്പതിയിലെ എസ്‌റ്റേറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പാരിസ്ഥിതിക പ്രാധാന്യമുള്ള സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ നീക്കം നടത്തുന്നതായി ആരോപണമുണ്ടായിരുന്നു.

പോബ്‌സ് ഗ്രൂപ് കൈവശം വെച്ചിരിക്കുന്ന 833 ഏക്കര്‍ ഭൂമിക്ക് നികുതി ഒടുക്കുന്നതിനാണ് കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഒന്നിനാണ് റവന്യൂ സെക്രട്ടറി വിശ്വാസ് മേത്ത അനുമതി നല്‍കിയത്. പോബ്‌സിന്റെ കൈവശമുള്ളത് സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയാണെന്ന് 2014ല്‍ റവന്യൂവകുപ്പ് നിയോഗിച്ച അന്നത്തെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹൈകോടതിയില്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച അഭിഭാഷകയും അറിയാതെയാണ് വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്.