മമതക്കെതിരെ രഹസ്യ ക്യാമ്പയിനുമായി മാവോയിസ്റ്റുകള്‍

Posted on: March 14, 2016 12:07 pm | Last updated: March 14, 2016 at 12:20 pm

mamta banergeeകൊല്‍കത്ത: മമതാ ബാനര്‍ജിക്കെതിരെ നിശബ്ദ ക്യാമ്പയിനുമായി നിരോധിത മാവോയിസ്റ്റ് സംഘടനായായ സി പി ഐ മാവോയിസ്റ്റ് രംഗത്ത്. ത്സാര്‍ഖണ്ഡുമായും ഒഡീഷയുമായും അതിര്‍ത്തി പങ്കിടുന്ന ജില്ലയായ ജംഗ്്‌ലി മഹല്‍ മേഖലയിലാണ് തൃണമൂലിനെതിരെ ഇവര്‍ രഹസ്യമായി ക്യാമ്പയിന്‍ നടത്തുന്നത്.

ജംഗ്ലി മഹല്‍ മേഖലയിലെ പുരുനില, ബങ്കുറ, പടിഞ്ഞാറന്‍ മിഡ്‌നാപൂര്‍ എന്നിവിടങ്ങളിലെ 40 സീറ്റുകളില്‍ അടുത്ത മാസം 4, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 30 സീറ്റുകളില്‍ മാവോയിസ്റ്റുകളുടെ ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളാണ്. എന്നാല്‍ അസ്ഥിത്വം നഷ്ടപ്പെട്ട ഇവര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി മേഖലയില്‍ കാര്യമായി പ്രവൃത്തിക്കാന്‍ സാധിച്ചിരുന്നില്ല. തങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ തൃണമൂലിനെതിരെ നിശബ്ദ പ്രചാരണവുമായി മാവോയിസ്റ്റ് രംഗത്തെത്തിയതെന്ന് സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ പറഞ്ഞു. ത്സാര്‍ഖണ്ഡില്‍ നിന്നുള്ള വിവരമനുസരിച്ച് ഇവര്‍ സര്‍ക്കാറിനെതിരെ ക്യാമ്പയിന്‍ നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഇവര്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന പി സി എ പി എ എന്ന സംഘടന അന്ന് ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഇത് തൃണമൂലിനും കോണ്‍ഗ്രസിനും ഗുണകരമാകുകയും മേഖലയിലെ 40 സീറ്റുകളില്‍ 25 സീറ്റുകളില്‍ തൃണമൂല്‍ വിജയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രദേശത്ത് വികസനങ്ങള്‍ വരികയും മാവോയിസ്റ്റ് നേതാവായിരുന്ന കിഷന്‍ജിയെ പോലീസ് ഓപ്പറേഷനിലൂടെ കൊലപ്പെടുത്തുകയും ചെയ്തതോടെ മാവായിസ്റ്റുകളുടെ മുന്നേറ്റം തടയാന്‍ സാധിച്ചിരുന്നു. നേതൃനിരയുടെ അഭാവവും സംസ്ഥാന സര്‍ക്കാര്‍ മേഖലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും മാവോയിസ്റ്റുകളുടെ സ്വാധീനം നഷ്ടപ്പെടുത്തിയതായി മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു.

ജംഗ്ലി മഹലില്‍ മവോയിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതില്‍ തൃണമൂല്‍ സര്‍ക്കാര്‍ വിജയിച്ചതോടെ 2012ല്‍ മേഖലയില്‍ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. 2010-11 കാലഘട്ടില്‍ മേഖലയില്‍ 350 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരാള്‍പോലും പ്രദേശത്ത് ആക്രമണങ്ങളില്‍ കൊല്ലപ്പട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ വികസന പ്രവൃത്തികള്‍ നടപ്പാക്കുക വഴി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ഒരു പരിധി വരെ തൃണമൂല്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. രണ്ട് രൂപക്ക് ഒരു കിലോ അരി മേഖലയിലെ റേഷന്‍ കാര്‍ഡുടമകള്‍കെക്കല്ലാം നല്‍കിയത് ഇതില്‍ ശ്രദ്ധേയമായ പദ്ധതിയാണ്. മേഖലയില്‍ പുതിയ റോഡുകളും സ്‌കൂളുകളും നിര്‍മിക്കുകയും ഉച്ചക്കഞ്ഞി വിതരണം തുടങ്ങിയ പദ്ധതികള്‍ ജനങ്ങളെ മാവോയിസ്റ്റുകളില്‍ നിന്നും അകറ്റാന്‍ ഇടയാക്കി.

മുതിര്‍ന്ന തൃണമൂല്‍ നേതാവും എം പിയുമായ സുവേന്ദു അധികാരിയാണ് മേഖലയില്‍ മാവോയിസ്റ്റുകളെ നേരിടുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. ഇത് മേഖലയിലെ രാഷ്ട്രീയ സാഹചര്യം തന്നെ മാറ്റിയെഴുതുകയായിരുന്നു. എന്നാല്‍ മാവോയിസ്റ്റുകള്‍ തൃണമൂലിനെതിരെ തിരിയുകയും സര്‍ക്കാറിനെതിരെ ക്യാമ്പയിന്‍ നടത്തുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.