ജലാലുവിന്റെ കടയിലെ ചിഹ്നങ്ങള്‍ക്ക് രാഷ്ട്രീയമില്ല

Posted on: March 14, 2016 3:49 am | Last updated: March 13, 2016 at 11:51 pm

kodi Kada talassery KNRതലശ്ശേരി: കൊടി, കുട, ബലൂണ്‍, തൊപ്പി, ബനിയന്‍, ടീഷര്‍ട്ട് ബാഗ് എന്നുവേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതെന്തും മണിക്കൂറുകള്‍ക്കകം തയ്യാറാക്കി നല്‍കുന്ന ഒരു സ്ഥാപനമുണ്ട് തലശ്ശേരിയില്‍. പ്രവാസിയും തലശ്ശേരിക്കാരനുമായ ഇ കെ ഹൗസില്‍ ജലാലുവിന്റെ ഇ കെ എന്റര്‍പ്രൈസസ്. തായലങ്ങാടിയിലും മെയിന്‍ റോഡിലുമായുള്ള ഇ കെ എന്റര്‍പ്രൈസസിന്റെ ഫാക്ടറി കം ഷോറുമിലെത്തുന്ന ആരും സംശയിച്ചുചോദിക്കും. രാഷ്ട്രീയ പ്രബുദ്ധമായ മലബാറിലും ഇവന്റ് മാനേജ്‌മെന്റ് പിടിമുറുക്കിയോ? അതല്ല സത്യമെന്ന് ജലാലു പറയും. ഇതെന്റെ ജീവിതമാര്‍ഗമാണ്. 28 വര്‍ഷം ഒമാനില്‍ വിയര്‍പ്പൊഴുക്കിയിട്ടും കാര്യമായൊന്നും നേടാനാവാതെ തിരിച്ചെത്തിയപ്പോഴാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പദയാത്ര ഈ പ്രവാസിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
ജാഥയിലെ അംഗങ്ങള്‍ക്കായി തൊപ്പി നിര്‍മിച്ച് നല്‍കിയായിരുന്നു തുടക്കം. യാത്രയില്‍ ഒപ്പം കൂടി വഴിനീളെതൊപ്പി വിറ്റും കച്ചവടം പച്ച തൊട്ടുതുടങ്ങിയതോടെ കൊടി, കുട, ടവ്വല്‍, നിര്‍മാണത്തിലേക്കും ചുവട് മാറി. 12 വര്‍ഷമായി തായലങ്ങാടിയില്‍ ഫാക്ടറി പ്രവര്‍ത്തിച്ചുവരികയാണ്. പക്ഷപാതമില്ലാതെ എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന കുട. ഒന്നര മാസം മുമ്പാണ് മെയിന്‍ റോഡിലെ വാദ്ധ്യാര്‍ പീടികക്കടുത്ത് ഷോറൂം തുടങ്ങിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഹളം മുഴങ്ങിയതോടെ ഇവിടെ തിരക്ക് കൂടിയിട്ടുണ്ട്. പുതുതായി രൂപം കൊണ്ട ബി ഡി ജെ എസിന്റെതൊഴികെ നിലവിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അടയാളങ്ങള്‍ ഇവിടെയുണ്ട്. ഓര്‍ഡര്‍ നല്‍കിയാല്‍ മതി. മണിക്കൂറുകള്‍ക്കുള്ളില്‍ കൊടികളും ബാഡ്ജുകളും കിട്ടും. പ്രവര്‍ത്തകര്‍ കുറവായ ചെറുപാര്‍ട്ടികള്‍ക്കാണ് ജലാലുവിന്റെ ഫാക്ടറി ഏറെ ഉപകാരം.